ബ്രിട്ടന് ഇയുവില്‍ നിന്ന് പുറത്ത് പോകുന്നതിനുള്ള ഔദ്യോഗിക നടപടിയായ ആര്‍ട്ടിക്കിള്‍ 50 ഉന്നയിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നാല്‍ ലേബര്‍ പാര്‍ട്ടി അതിനെതിരേ വോട്ട് ചെയ്യുമെന്ന സൂചന നല്‍കി മുതിര്‍ന്ന ലേബര്‍ നേതാവ് ഡയാന ആബട്ട് രംഗത്തെത്തി. ഇയു റഫറണ്ടത്തില്‍ ജനവിധിയെ മാനിക്കുമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആബട്ടിന്റെ പ്രസ്താവന രംഗത്ത് വന്നത്. ബ്രക്‌സിറ്റിനെ കുറിച്ചുള്ള വിശദമായ പദ്ധതികള്‍ ഗവണ്‍മെന്റ് ധവളപത്രമായി ഇറക്കാത്ത പക്ഷം പാര്‍ട്ടി എംപിമാര്‍ ആര്‍ട്ടിക്കിള്‍ 50 ന് എതിരായി വോട്ട് ചെയ്യണമെന്നാണ് ആബട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രക്‌സിറ്റിനെ കുറിച്ചുള്ള ഈ ചര്‍ച്ച ജനങ്ങളെ ആശങ്കാകുലരാക്കുന്നതായി ആബട്ട് ആരോപിച്ചു. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ പങ്കെടുക്കവേയാണ് ആബട്ട് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ബ്രക്‌സിറ്റ് ബാധിക്കാതെ നോക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. സിംഗിള്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടാല്‍ അത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും ആബട്ട് പറഞ്ഞു.
എന്നാല്‍ ആബട്ടിന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ടോറികള്‍ രംഗത്തെത്തി. ജോലിചെയ്യുന്ന ആളുകള്‍ക്ക് ആശങ്കയുണര്‍ത്തുന്നതാണ് ആബട്ടിന്റെ വാക്കുകളെന്ന് ടോറി എംപി ഡൊമിനിക് റാബ് ചൂണ്ടിക്കാട്ടി. കുടിയേറ്റത്തെ നിയന്ത്രിക്കുന്നതില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് അവര്‍ ബ്രിട്ടന്‍ ഇയു വിട്ടുപോകുന്നതിനെ എതിര്‍ക്കുന്നതെന്ന് റാബ് പറഞ്ഞു. ബ്രക്‌സിറ്റിന്റെ കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് മാത്രമേ ബ്രിട്ടന് ഗുണകരമായ ഒരു കരാര്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
click on malayalam character to switch languages