1 GBP = 103.95

ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചെന്ന ആരോപണം; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി

ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചെന്ന ആരോപണം; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി

അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ അന്വേഷണം ആരംഭിച്ച് ബ്രസീലിയന്‍ ഫെഡറല്‍ പോലീസ്. താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മത്സരം നിര്‍ത്തിവെച്ചത്. എമിലിയാനോ മാര്‍ട്ടിനസ്, എമിലിയാനോ ബുവേണ്ടിയ, ലൊ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേരോ എന്നീ താരങ്ങള്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

പ്രോട്ടോകോള്‍ ലംഘനം നടത്തിയ നാല് കളിക്കാരും ബ്രസീലിലേക്ക് വരാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ഇംഗ്ലണ്ടില്‍ നിന്നും ബ്രസീലിലേക്ക് വരുമ്പോഴുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നുമാണ് ബ്രസീലിയന്‍ അധികാരികള്‍ പറയുന്നത്. ഇതേതുടര്‍ന്ന് മത്സരം തുടങ്ങി ഏഴാം മിനുട്ടില്‍ മൈതാനത്തെത്തിയ ആരോഗ്യവകുപ്പും പോലീസും ഇടപെട്ട് കളി നിര്‍ത്തി വെപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ബ്രസീല്‍ ഫെഡറല്‍ പൊലീസ് അര്‍ജന്റൈന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ ബ്രസീലില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമാണ്. അര്‍ജന്റീനയുടെ പ്രീമിയര്‍ ലീഗ് താരങ്ങള്‍ അവര്‍ വെനസ്വലക്കെതിരായ കഴിഞ്ഞ മത്സരം നടന്ന കറകാസിലാണ് ഉണ്ടായിരുന്നതെന്നും, ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന കാര്യം ഇമിഗ്രേഷനില്‍ മറച്ചു വെച്ചുവെന്നുമാണ് ബ്രസീലിയന്‍ ഒഫിഷ്യല്‍സ് പറയുന്നത്.

അതേസമയം, ഈ താരങ്ങള്‍ക്ക് ബ്രസീലില്‍ കളിക്കാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുമതി നല്‍കിയിരുന്നു. മത്സരം നിര്‍ത്തിവച്ചതിന് തൊട്ടുപിന്നാലെ അര്‍ജന്റൈന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ബ്രസീല്‍ പൊലീസിന് മൊഴി നല്‍കേണ്ടിവരും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ താരങ്ങള്‍ക്ക് പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ലാറ്റിനമേരിക്കന്‍ ക്ലാസ്സിക് പോരാട്ടം ഉപേക്ഷിച്ചു. മത്സരത്തിനിടയില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ ബ്രസീലിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കളത്തിലേക്ക് ഇറങ്ങിയത്.

മത്സരം തുടങ്ങി ഏഴാം മിനിറ്റിലാണ് സംഭവം നടന്നത്. കളത്തില്‍ ഇറങ്ങിയ അധികൃതരും അര്‍ജന്റീന താരങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീട് കയ്യാങ്കളിയില്‍ എത്തുകയും ചെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പി എസ് ജിയില്‍ സഹതാരങ്ങളായതിന് ശേഷം മെസ്സിയും നെയ്മറും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരുന്ന ആരാധകര്‍ക്കും ഇതോടെ നിരാശരാകേണ്ടി വന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more