1 GBP = 104.24

ഒപ്പത്തിനൊപ്പം; ബ്രസീലിനെ പൂട്ടി സ്വിസ് പ്രതിരോധം

ഒപ്പത്തിനൊപ്പം; ബ്രസീലിനെ പൂട്ടി സ്വിസ് പ്രതിരോധം

റോസ്റ്റോവ്: സ്പെയിൻ, അർജന്‍റീന, ജർമനി എന്നിവർക്ക് പിന്നാലെ ബ്രസീലിനും ആദ്യ കളിയിൽ അടിതെറ്റി. ഗ്രൂപ്പ് ഇയിൽ സ്വിസ്റ്റർലൻഡ് പ്രതിരോധത്തിന് മുന്നിൽ ബ്രസീൽ സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു. വിജയം പിടിച്ചെടുക്കാൻ സകല അടവുകളും ബ്രസീൽ പുറത്തെടുത്തെങ്കിലും ഫിഫ റാങ്കിങിലെ ആറാമൻമാരായ സ്വിസ്റ്റർലൻഡ് പ്രതിരോധക്കോട്ട കെട്ടി കാത്തു.

ഇരുപതാം മിനിട്ടിൽ ബാഴ്സലോണ താരം ഫിലിപ്പെ കുട്ടിഞ്ഞ്യോയുടെ തകർപ്പൻ ഗോളിന് ബ്രസീൽ മുന്നിലെത്തി. എന്നാൽ ബ്രസീലിന്‍റെ ആധിപത്യം അമ്പതാം മിനിട്ട് വരെ മാത്രമെ നീണ്ടുള്ളു. സ്റ്റീവൻ സ്യൂബറിലൂടെ സ്വിസ്റ്റർലൻഡ് തിരിച്ചടിച്ചു. സൂപ്പർ താരം സർദൻ ഷാക്കീരിയുടെ തകർപ്പനൊരു ക്രോസിന് തലവെച്ച സ്യൂബറിന് പിഴച്ചില്ല. ഗോൾ വഴങ്ങിയതോടെ ലീഡ് പിടിക്കാനായി ബ്രസീൽ ഇരമ്പിയാർത്തെങ്കിലും പലപ്പോഴും ലക്ഷ്യം കാണാതെ പോയി. സ്വിസ്റ്റർലൻഡ് പ്രതിരോധവും ബ്രസീലിന് വിലങ്ങുതടിയായി.

ഇ ഗ്രൂപ്പിൽ ബ്രസീലിനും സ്വിസ്റ്റർലൻഡിനും ഓരോ പോയിന്‍റ് വീതമാണുള്ളത്. കോസ്റ്റാറിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച സെർബിയ മൂന്നു പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.

ബ്രസീലിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് സ്വിസ്റ്റർലൻഡ് പുറത്തെടുത്തത്. പലപ്പോഴും നല്ല മുന്നേറ്റങ്ങൾ അവർ നടത്തി. എന്നാൽ വേഗത്തിലും ഹൈബോൾ പിടിച്ചെടുക്കുന്നതിലും അവർ ബ്രസീലിനെ മറികടന്നു. സമനില ഗോൾ വഴങ്ങിയതോടെ ബ്രസീൽ മുന്നേറ്റത്തിന് വേഗം കുറഞ്ഞു. പതിവിൽനിന്ന് വ്യത്യസ്തമായി കൂടുതൽ പ്രതിരോധത്തിലൂന്നിയാണ് ബ്രസീൽ കളിച്ചത്. പതിവ് പ്രതിരോധം കുറച്ച് ആക്രമണ മാർഗം സ്വീകരിച്ച് സ്വിസ് പടയും മുന്നേറി. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ നെയ്മർക്കും ജീസസിനും സാധിച്ചിട്ടില്ല. കടുത്ത മാർക്കിങിനും ടാക്ലിങിനും ഇരുവരും വിധേയരായി. കിട്ടിയ സുവർണാവസരങ്ങൾ മുതലാക്കാൻ ഇരുവർക്കും സാധിച്ചതുമില്ല. അവസാന നിമിഷം വരെ ഗോൾ മടക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും എല്ലാ നീക്കങ്ങളും പൂട്ടി സ്വിസ് പട പ്രതിരോധ കോട്ട കാത്തു. മറുവശത്ത് സർദാൻ ഷാക്കീരിയെ മുൻനിർത്തിയുള്ള ആക്രമണങ്ങളാണ് സ്വിസ് പട നടത്തിയത്. ഈ മുന്നേറ്റങ്ങൾ പലപ്പോഴും ബ്രസീലിയൻ നിരയിൽ ആശയകുഴപ്പം സൃഷ്ടിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more