1 GBP = 104.22
breaking news

“ആശങ്ക വേണ്ട”; വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

“ആശങ്ക വേണ്ട”; വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെള്ളിയാഴ്ച കോവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്സിൻ സ്വീകരിക്കുന്നതിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനും കൂടിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ആസ്ട്രസെനകയുടെ വാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു കൊല്ലം മുമ്പ് ബോറിസ് ജോൺസന് കോവിഡ് ബാധിച്ചിരുന്നു. 

കുത്തിവെയ്പെടുക്കുമ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും നല്ല അനുഭവമാണെന്നും വേഗത്തിൽ എടുത്തു കഴിഞ്ഞതായും ബോറിസ് ജോൺസൺ പ്രതികരിച്ചു. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. വാക്സിനെടുക്കാനുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. 

‘നിങ്ങൾ ലഭിക്കാവുന്ന ഏറ്റവും മികച്ച സംഗതിയാണിത്, നിങ്ങളുടെ കുടുംബത്തിനും മറ്റുള്ളവർക്കും അത് ഏറ്റവും ഗുണകരമാണ്. കോവിഡാണ് മുന്നിലുള്ള ഭീഷണി, വാക്സിനെടുക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്’. യൂറോപ്പിലെ ശാസ്ത്രജ്ഞർ ആസ്ട്രസെനക വാക്സിന് വീണ്ടും പച്ചക്കൊടി കാട്ടിയത് ചൂണ്ടിക്കാട്ടി ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. 

മൂന്ന് ദിവസം തീവ്രപരിചരണവിഭാഗത്തിലുൾപ്പെടെ ഒരാഴ്ചയാണ് കഴിഞ്ഞ കൊല്ലം മാർച്ച് അവസാനം കോവിഡ് ബാധിതനായി ബോറിസ് ജോൺസൺ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. സ്വയം ചെറുത്തു നിന്നില്ലായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാവുമായിരുന്നുവെന്ന് രോഗമുക്തനായ ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാർക്കും അദ്ദേഹം പ്രത്യേക നന്ദിയും അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more