1 GBP = 103.91

ബോറിസ് ജോൺസണും മാറ്റ് ഹാൻകോകും കോറോണയെത്തുടർന്ന് സ്വയം പ്രഖ്യാപിത ഏകാന്തവാസത്തിൽ!

ബോറിസ് ജോൺസണും മാറ്റ് ഹാൻകോകും കോറോണയെത്തുടർന്ന് സ്വയം പ്രഖ്യാപിത ഏകാന്തവാസത്തിൽ!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ആരോഗ്യ വകുപ്പ് മന്ത്രി മാറ്റ് ഹാൻകോകും കൊറോണ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. സര്കാരിന്റെ കൊറോണ നിർമാർജന പ്രവർത്തനത്തിൽ മുൻ നിരയിൽ നിൽക്കുന്ന രണ്ടുപേരും ഇതിനെത്തുടർന്ന് വീടുകളിൽ ഏകാന്തവാസത്തിൽ കഴിഞ്ഞുകൊണ്ട് തന്നെ തങ്ങളുടെ ജോലി തുടർന്ന് കൊണ്ടുപോകാനുള്ള തീവ്ര ശ്രമത്തിലാണ്.

ചുമയും നേരിയ പനിയും അനുഭവപ്പെട്ടതിനാൽ, 55 വയസ്സുകാരനായ പ്രധാനമന്ത്രി ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുകളിലുള്ള നമ്പർ 11 ഫ്ലാറ്റിൽ 7 ദിവസത്തെ ഏകാന്ത വാസത്തിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി പ്രധാന മന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനാകും ഡൗണിങ്  സ്ട്രീറ്റിലെ വസതിക്കു മുന്നിൽ കൈകൾ കൂട്ടിയടിച്ചുകൊണ്ട് ബ്രിട്ടനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുവാൻ ഒത്തുകൂടിയിരുന്നു. അർധരാത്രിയോടെയാണ്‌ കൊറോണ പരിശോധനയുടെ ഫലം ലഭിച്ചത്.

 

കൊറോണ നിർമാർജന കര്മരംഗത്തു മുൻ നിരയിൽ നിൽക്കുന്ന നാഷണൽ ഹെൽത്ത് സർവീസിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് അടുത്ത വ്യാഴാഴ്ച വരെ ഏകാന്തവാസത്തിൽ കഴിയാനാണ് പ്ലാൻ.

ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ ക്രിസ് വിറ്റിയും കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളെ തുടർന്ന് ഏകാന്ത വാസത്തിൽ പ്രവേശിച്ചു. വിറ്റി ഇതേവരെ കൊറോണ പരിശോധന നടത്തിയിട്ടില്ല. തന്റെ വകുപ്പിലെ അസ്സിസ്റ്റന്റുമാരുടെ സഹായത്തോടെ തുടർന്നും കൊറോണ നിർമാർജന പ്രവർത്തനങ്ങളിൽ താൻ സർക്കാരിന് ഉപദേശം നൽകുന്നത് തുടരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

മുതിർന്ന രാഷ്ട്രീയ നേതാക്കന്മാരുമായും, ക്യാബിനറ്റ് മന്ത്രിമാരുമായും, തങ്ങളുടെ ഉപദേഷ്ടാക്കളുമായും ബോറിസ് ജോൺസണും മാറ്റ് ഹാൻകോകും നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഇവർ 2 പേരും കൊറോണ പോസിറ്റീവ് ആയെങ്കിലും ചീഫ് മെഡിക്കൽ ഓഫീസറോ ചീഫ് സയന്റിഫിൿ ഓഫീസറോ മറ്റു മന്ത്രിമാരോ ലക്ഷണങ്ങളുടെ അഭാവത്തിൽ തത്കാലം കൊറോണ പരിശോധനക്ക് വിധേയമാവേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഡൗണിങ് സ്ട്രീറ്റ് വാർത്താകുറിപ്പിൽ പ്രസ്താവിച്ചു.

ബോറിസ് ജോൺസണ് എങ്ങിനെയാണ് കൊറോണ ബാധിച്ചതെന്നു ഇതേവരെ കണ്ടെത്താനായില്ലെങ്കിലും, നമ്പർ 10 ഡോണിംഗ് സ്ട്രീറ്റിലെ മറ്റു ജോലിക്കാർ സമാന ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഏകാന്തവാസത്തിൽ പോകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറുകളിൽ 2885 സ്ഥിരീകരിച്ച പുതിയ പോസിറ്റീവ് കേസുകളും 181 മരണവുമായി കൊറോണ പൂർവാധികം പടർന്നുപിടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. യു.കെയിൽ ഇതേവരെ മൊത്തത്തിൽ 14,543 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ പോസിറ്റീവ് ആയിട്ടുള്ളത്. 759 പേർക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി.

ഏകാന്ത വാസത്തിലാണെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ സഹായമുള്ളതിനാൽ കൊറോണ യുദ്ധത്തിൽ തന്റെ വിശ്വസ്തരായ മുൻനിര സംഘവുമായി ബന്ധപ്പെടുവാനും രാജ്യത്തിനുവേണ്ടി ഇപ്പോൾ കൈക്കൊള്ളുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് തുടർന്നും നേതൃത്വം കൊടുക്കുവാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നതെന്നു പ്രധാനമന്ത്രി പ്രസ്താവിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more