1 GBP = 104.08

ഡൊമിനിക് കമ്മിങ്‌സിന് ക്ളീൻ ചിറ്റ് നൽകി ബോറിസ് ജോൺസൺ

ഡൊമിനിക് കമ്മിങ്‌സിന് ക്ളീൻ ചിറ്റ് നൽകി ബോറിസ് ജോൺസൺ

ലണ്ടൻ: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച മുഖ്യ ഉപദേഷ്ടാവിന് പ്രധാനമന്ത്രിയുടെ ക്ളീൻ ചിറ്റ്. മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്‌സിന്റെ ലോക്ക്ഡൗൺ സമയത്തെ യാത്രയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്കിടയിലാണ് ബോറിസ് ജോൺസൺ തന്റെ പ്രധാന ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സിനെ പിന്തുണച്ചത്.

ലണ്ടനിൽ നിന്ന് നോർത്ത് ഈസ്റ്റിലേക്ക് കുട്ടികളെ മാതാപിതാക്കളുടെ അടുക്കൽ നിറുത്തുന്നതിനാണ് ഡൊമിനിക് യാത്ര നടത്തിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസണിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നതിനിടെ ഡൊമിനിക് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ പുറകിലെ വാതിൽ വഴി ഓടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. തുടർന്ന് ഡൊമിനിക്കും സെൽഫ് ഐസൊലേഷനിൽ പോയിരുന്നു. ഡൊമിനിക്കിന്റെ കുട്ടികളുടെ സംരക്ഷണത്തിനായി യാത്ര ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അർത്ഥത്തിലും അദ്ദേഹം ഉത്തരവാദിത്തത്തോടെയും നിയമപരമായും സമഗ്രതയോടെയും പ്രവർത്തിച്ചിട്ടുണ്ട് എന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.

അതേസമയം കമ്മിംഗ്സിന്റെ രാജിക്ക് നിരവധി ടോറി എംപിമാരുടെയും പ്രതിപക്ഷത്തിന്റെയും സമ്മർദ്ദമുയർന്നിരുന്നു. കമ്മിംഗിനെതിരെ നടപടിയില്ലെന്ന ജോൺസന്റെ തീരുമാനം ബ്രിട്ടീഷ് ജനതയുടെ ത്യാഗങ്ങളെ അപമാനിക്കുന്നതാണെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാർമർ പറഞ്ഞു. ഞായറാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ ആറുമണിക്കൂർ ചിലവഴിച്ച ശേഷം പുറത്ത് വന്ന ഡൊമിനിക് കമ്മിംഗ്സ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചു.

അതേസമയം, ഇംഗ്ലണ്ടിലെ സ്കൂളുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ മാതാപിതാക്കളും അധ്യാപകരും തയ്യാറാകണമെന്ന് ജോൺസൺ പറഞ്ഞു.
യുകെയിൽ കൊറോണ വൈറസ് ബാധിച്ച് 118 പേർ കൂടി മരണമടഞ്ഞതായും അദ്ദേഹം ഇന്നലെ ഡൗണിങ് സ്ട്രീറ്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 36,793 ആയി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more