1 GBP = 103.95

ജെറെമി ഹണ്ടിനെ തോൽപ്പിച്ച് ബോറിസ് ജോൺസൻ പുതിയ പ്രധാനമന്ത്രി പദത്തിലേക്ക്!

ജെറെമി ഹണ്ടിനെ തോൽപ്പിച്ച് ബോറിസ് ജോൺസൻ പുതിയ പ്രധാനമന്ത്രി പദത്തിലേക്ക്!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

കോൺസെർവറ്റിവ് പാർട്ടി അംഗങ്ങൾ തങ്ങളുടെ പുതിയ നേതാവായി ബാലറ്റിലൂടെ തെരെഞ്ഞെടുത്ത ബോറിസ് ജോൺസൻ ആയിരിക്കും യു. കെ യുടെ പുതിയ പ്രധാനമന്ത്രി. എതിർ സ്ഥാനാർഥി ആയിരുന്ന ജെറെമി ഹണ്ടിനെ തോൽപിച്ചാണ് ബോറിസ് പ്രധാനമന്തി പദം നേടിയെടുത്തത്. ജെറെമി ഹണ്ടിന് 46,656 വോട്ടു ലഭിച്ചപ്പോൾ ബോറിസിന് 92,153 നേടി ബഹുദൂരം മുന്നിലെത്തി.

മുൻ ലണ്ടൻ മേയർ പദവിയിൽ നിന്നും പിന്നീട് വിദേശ കാര്യ സെക്രട്ടറി പദവിയിൽ എത്തിയെങ്കിലും താമസിയാതെ രാജി വെച്ച ബോറിസ് ജോൺസൻ ഇപ്പോൾ ഇതാ നിലവിലെ പ്രധാനമന്ത്രിയായ തെരേസ മെയ് യുടെ പിൻഗാമി ആയി പുനരവതരിച്ചിരിക്കുന്നു!

തെരേസ മെയ് യുടെ കീഴിൽ സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞത് തനിക്കു കിട്ടിയ ഒരു അനുഗ്രഹമാണെന്നു ബോറിസ് തന്റെ സ്വീകാര്യപ്രസംഗത്തിൽ അനുസ്മരിച്ചു.

തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിറുത്തി താൻ ‘ബ്രെക്സിറ് നടപ്പിലാക്കുകയും, ഈ രാജ്യത്തെ ഒത്തൊരുമിപ്പിച്ചു കൊണ്ടുപോവുകയും, ജെറെമി കോർബിനെ പരാജയപ്പെടുത്തുകയും’ ചെയ്യുമെന്ന്  ബോറിസ് വാഗ്ദാനം ചെയ്തു.

വിടവാങ്ങുന്നു നിലവിലെ പ്രധാനമന്ത്രി തെരേസ മെയ് ബോറിസിനെ അഭിനന്ദിക്കുകയും ടോറി ‘ബാക് ബെഞ്ച്’കാരുടെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

മൊത്തം 160,000 കോൺസെർവറ്റിവ് പാർട്ടി അംഗങ്ങൾക്ക് വോട്ട് അവകാശമുണ്ടായിരുന്നതിൽ 87.4% പേര് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാനുള്ള വാശിയേറിയ മത്സരത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

ബോറിസ് ജോൺസൻ തന്റെ എതിരാളിയായിരുന്ന ജെറെമി ഹണ്ടിനെ ‘നല്ലൊരു മത്സരാർത്ഥി’ ആയി അനുസ്മരിച്ചു.

ഇന്ന് കൂടി തെരേസ മെയ് ഓഫീസിൽ തുടരും. ബോറിസ് നാളെ 24 ജൂലൈ ബുധനാഴ്ച പ്രധാനമന്ത്രി ആയി ചാർജ് ഏറ്റെടുക്കും.

ചാൻസലർ ഫിലിപ്പ് ഹാമോണ്ടും നീതിന്യായ വകുപ്പ് സെക്രട്ടറി ഡേവിഡ് ഗൗക്കും, ബോറിസ് പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടാൽ രാജി വെക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദേശ കാര്യ വകുപ്പിലെ മിനിസ്റ്റർ ആയ സർ അലൻ ഡങ്കൻ ബോറിസ് ജയിക്കാനുള്ള സാധ്യത കണ്ടറിഞ്ഞു തിങ്കളാഴ്ച തന്നെ രാജി സമർപ്പിച്ചിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി ആനി മിൽട്ടൺ കൂടി രാജി അറിയിച്ചിട്ടുണ്ട്.

ബ്രെക്സിട് കൂടാതെ വളരെ പ്രധാനപ്പെട്ട ഒരുപാടു കാര്യങ്ങൾ പുതിയ പ്രധാനമന്ത്രിക്ക് തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പൽ മോചിപ്പിക്കലും അമേരിക്കയുമായുള്ള നയതന്ത്ര തലത്തിൽ ഈയിടെ ഉണ്ടായിട്ടുള്ള അപചയത്തിൽനിന്നു കരകേറലും അവയിൽ ചിലതു മാത്രമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more