1 GBP = 103.12

അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസ്; വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും

അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസ്; വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസില്‍ അഹമ്മദാബാദ് പ്രത്യേക കോടതി 38 പേര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ 3 പേര്‍ മലയാളികള്‍. ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്. ഷാദുലിക്കും ഷിബിലിക്കും വാഗമണ്‍ കേസിലും നേരത്തേ ശിക്ഷ ലഭിച്ചിരുന്നു. മറ്റൊരു മലയാളിയായ ആലുവ സ്വദേശി മുഹമ്മദ് അന്‍സാരിക്ക് മരണം വരെ ജീവപര്യന്തം കഠിന തടവാണ് ലഭിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നിസാരമായി പരിക്കേറ്റവര്‍ക്ക് 25000 രൂപ വീതവും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പ്രത്യേക ജഡ്ജി എ.ആര്‍. പട്ടേലാണ് വിധി പറഞ്ഞത്. കേസില്‍ 4 മലയാളികള്‍ ഉള്‍പ്പടെ 78 പേര്‍ വിചാരണ നേരിട്ടതില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 49 പ്രതികളില്‍, നേരിട്ട് പങ്കുള്ള 38 പേര്‍ക്ക് തൂക്കുകയറും 11 പേര്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.

2008 ജൂലായ് 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി.

കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യു.എ.പി.എ. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more