1 GBP = 103.91

ഇരുപത്തിനാല് മണിക്കൂറിനിടെ രക്തക്കളമായി ബ്രിട്ടൻ തെരുവുകൾ; കത്തിക്കുത്ത് ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ഇരുപത്തിനാല് മണിക്കൂറിനിടെ രക്തക്കളമായി ബ്രിട്ടൻ തെരുവുകൾ; കത്തിക്കുത്ത് ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ലണ്ടൻ: ബ്രിട്ടൻ തെരുവുകൾ അക്രമികളുടെ കൈകളിൽ തന്നെയാണെന്നതാണ് ഇന്നലെ പുറത്ത് വന്ന സംഭവങ്ങൾ. ഇരുപത്തിനാല് മണിക്കൂറിനിടെ നാലിടത്താണ് കത്തിക്കുത്ത് ആക്രമണങ്ങൾ അരങ്ങേറിയത്. ബര്‍മിംഗ്ഹാമിലുണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ പോലീസ് കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലണ്ടനില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയില്‍ ഉച്ചയോടെ കുത്തേറ്റ വ്യക്തിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നതായിരുന്നു ഒടുവിലത്തെ സംഭവം. ഇതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഷെപ്പേഡ്‌സ് ബുഷില്‍ നടന്ന കത്തിക്കുത്തില്‍ ഒരു കൗമാരക്കാരനാണ് ജീവന് വരെ അപായം വരുത്താവുന്ന പരുക്കേറ്റത്.

ബര്‍മിംഗ്ഹാമിലെ തെരുവില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്പാര്‍ക്ക്ബ്രൂക്കില്‍ ഇരയുടെ മൃതദേഹത്തിന് മേല്‍ വെളുത്ത ഷീറ്റ് പുതയ്ക്കുന്ന ഓഫീസര്‍മാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം കത്തിക്കുത്ത് തന്നെയാണെന്നാണ് വിവരം. വെസ്റ്റ് ഹാംപ്‌സ്റ്റെഡില്‍ രാത്രി 8 മണിയോടെ കത്തി അക്രമണം നടക്കുന്നതായി വിവരം ലഭിച്ച് പോലീസ് സ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. കോടീശ്വര ഭവനങ്ങളും, മൂന്ന് ട്രെയിന്‍ സ്‌റ്റേഷനുകളുമുള്ള പ്രദേശത്തെ ഇടവഴിയിലാണ് പരുക്കേറ്റ നിലയില്‍ ഒരു കൗമാരക്കാരനെ കണ്ടെത്തിയത്.

ഈ വര്‍ഷം യുകെയിലെ കത്തി അക്രമങ്ങളില്‍ മരണം 250 കടന്ന അതേ ദിവസമാണ് ചോരപ്പുഴ ഒഴുകിയത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലണ്ടനില്‍ മാത്രം നടന്നിട്ടുള്ളത് അഞ്ച് കൊലപാതകങ്ങളാണ്. ഹാക്ക്‌നിയില്‍ ഒളിംപിക് ഗ്രാമത്തിന് സമീപമാണ് അക്രമം നടന്നത്. പോലീസ് കോര്‍ഡന്‍ കടന്നുപോകാന്‍ ആരെയും അധികൃതര്‍ അനുവദിച്ചില്ല. ഇതോടെ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പ്രദേശത്തെ വീടുകളുടെ ചില്ല് തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ഇവിടെ പരുക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അക്രമസംഭവങ്ങളില്‍ പ്രധാനമായും കൊല്ലപ്പെടുന്നത് സ്‌കൂള്‍ കുട്ടികളാണെന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കത്തി എടുത്ത് ഒരാളെ കൊല്ലാന്‍ ഭയമില്ലാത്ത രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നത് അത്യന്തം ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. ലണ്ടൻ നഗരത്തിലെ പോലീസ് സുരക്ഷാ സംവിധാനങ്ങൾക്കെതിരെയും പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. തലസ്ഥാന നഗരിയിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അക്രമസംഭവങ്ങൾക്ക് കുറവ് വരുന്നില്ല എന്നതാണ് യാഥാർഥ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more