1 GBP = 103.74
breaking news

ബിജെപി പുനസംഘടന; അതൃപ്‌തി പരസ്യമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്

ബിജെപി പുനസംഘടന; അതൃപ്‌തി പരസ്യമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്

ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. പദവികളിലും അധികാരങ്ങളിലും അഭിരമിക്കാതെ മറ്റുള്ളവരെ പദവിലേക്ക് നയിക്കാനും കൈപ്പിടിച്ചുയർത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിൻ്റെ പേരാണ് പക്വതയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയപ്രകാശ് നാരായണൻ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമർശം. പക്വതയും അനുഭവ പരിചയവും നേതൃത്വത്തിന് അഭികാമ്യമാണെന്ന് ഓർമ്മപ്പെടുത്തിയാണ് എം ടി രമേശിന്റെ ഫേസ്ബുക്ക് കുറിപ്പ്.

എം ടി രമേശിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ജയപ്രകാശ് നാരായണൻ്റെ ജന്മദിനം.

ജനാധിപത്യത്തിൻ്റെ ജെ.പി.

എഴുപതുകളിൽ ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച വിപ്ലവ നായകൻ ജയപ്രകാശ് നാരായണനെ സ്മരിക്കാതെ രാജ്യത്തിൻ്റെ ജനാധിപത്യ ചരിത്രം പൂർത്തിയാകില്ല.

രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണവും വ്യാപകമാവുന്ന അഴിമതിയും തൊഴിലില്ലായ്മയും വരൾച്ചയും എഴുപതുകളുടെ ആരംഭത്തിൽ യുവജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയിരുന്നു. കലാലയങ്ങളും സർവ്വകലാശാലകളും സമരഭൂമിയായി മാറി. ഈ സമരങ്ങൾക്ക് ആശയപരമായ ദിശാബോധം നല്കിയതും സമ്പൂർണ്ണവിപ്ലവം എന്ന ആശയം യുവാക്കൾക്കിടയിൽ അവതരിപ്പിച്ചതും ജയപ്രകാശ് നാരായൺ എന്ന നേതാവായിരുന്നു.സമരം ചെയ്യുക, ജയിലുകൾ നിറയട്ടെ എന്ന അദ്ദേഹത്തിൻ്റെ മുദ്രാവാക്യം ഇന്ത്യൻ യുവത്വം ഏറ്റെടുത്തു.

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. 1902 ൽ ജനിച്ച ജയപ്രകാശ് നാരായണൻ അദ്ദേഹത്തിൻ്റെ മരണം വരെ ജനാധിപത്യത്തിനും ജനക്ഷേമത്തിനുമായി നിലകൊണ്ടു, അധികാരത്തോട് ഒട്ടും ആഭിമുഖ്യം കാണിക്കാതെ പൊതുപ്രവർത്തനത്തിന് മാതൃകയായി. തൻ്റെ എഴുപത്തിയഞ്ചാം വയസ്സിലും യുവാക്കളെ പ്രചോദിപ്പിക്കാനും നയിക്കാനും സാധിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള പരിചയവും പക്വതയും അദ്ദേഹത്തിന് മുതൽക്കൂട്ടായി. സമരോത്സുക യൗവനങ്ങളെ കൂട്ടം തെറ്റാതെ സമരപാതയിൽ നയിക്കാൻ ജെ.പിയുടെ അനുഭവ പരിചയവും പക്വതയും സഹായിച്ചു.

പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവർത്തനത്തിനും സാധിക്കു. 77 ൽ ജനതാ പാർട്ടി അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം പോലും അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നു. പക്ഷെ പദവികളിലും അധികാരങ്ങളിലും അഭിരമിക്കാതെ മറ്റുള്ളവരെ പദവിലേക്ക് നയിക്കാനും കൈപ്പിടിച്ചുയർത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിൻ്റെ പേരാണ് പക്വത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more