1 GBP = 103.92

പീഡനം ശരിവച്ച് പൊലീസ്; ബിഷപ്പ് ഫ്രാങ്കോയെ വൈദ്യ പരിശോധനക്ക് വിധേയനാക്കി; നാളെ രാവിലെ പാലാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

പീഡനം ശരിവച്ച് പൊലീസ്; ബിഷപ്പ് ഫ്രാങ്കോയെ വൈദ്യ പരിശോധനക്ക് വിധേയനാക്കി; നാളെ രാവിലെ പാലാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. വൈകുന്നേരത്തോടെ തൃപ്പൂണിത്തറ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് നടപടികള്‍ക്ക് ശേഷം ഫ്രാങ്കോയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുന്നതിനായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാളെ രാവിലെ പാലാ മജിസ്ട്രേറ്റിന് മുന്‍പില്‍ അദ്ദേഹത്തെ ഹാജരാക്കും. ബിഷപ്പിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന.

കന്യാസ്‌ത്രീകളുടെ സമരം പതിനാലാം ദിവസത്തിലേക്ക്; നാടകീയ രംഗങ്ങൾക്കൊടുവിൽ ഫ്രാങ്കോ മുളയ്‌ക്കൽ അറസ്‌റ്റിൽ

മൂന്നാം ദിവസമായ ഇന്ന് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് മുന്നോടിയായി റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയ അന്വേഷണസംഘം അത് മധ്യമേഖല ഐജി വിജയ് സാക്കറേയ്ക്ക് കൈമാറി. അദ്ദേഹത്തിന്‍റെ ഓഫീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിച്ചു. ഇവിടെ നിന്നും പരിശോധിച്ച ശേഷമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പിട്ട് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

ഇടക്കാല ജാമ്യത്തിനായി ബിഷപ്പിന്‍റെ അഭിഭാഷകര്‍ കോടതിയില്‍ എത്തുമെന്നത് മുന്‍കൂട്ടി വളരെ ജാഗ്രതയോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. ഫ്രോങ്കോയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും. അറസ്റ്റ് ചെയ്യുന്ന വിവരം നേരത്തെ തന്നെ പഞ്ചാബ് പൊലീസിനെയും പഞ്ചാബിലെ ഫ്രാങ്കോയുടെ അഭിഭാഷകനെയും അന്വേഷണസംഘം അറിയിച്ചിരുന്നു.

ബലാത്സംഗ കേസില്‍ രാജ്യത്ത് ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് ഇത് ആദ്യമാണ്. ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് അനിവാര്യമാണെന്ന് അനൗദ്യോഗികമായി അറിയിച്ചു. വൈക്കം ഡിവൈ എസ്പിയാണ് ഇക്കാര്യം ബിഷപ്പിനോട് പറഞ്ഞത്. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ തന്നെ കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് അടുത്ത ബന്ധുക്കളെയും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. ബിഷപ്പിന്‍റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കി.

അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്.മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 25നു പരിഗണിക്കാൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ പൂര്‍ത്തിയാക്കി. അറസ്റ്റ് ഉണ്ടായാല്‍ ഉടന്‍ തന്നെ ഫ്രാങ്കോയുടെ ഉറ്റ ബന്ധുക്കളെ ജാമ്യക്കാരാക്കി ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിയുടെ അഭിഭാഷകരുടെ തീരുമാനം.

എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് വ്യക്തതയ്ക്കായി കുറുവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫ്രോങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശവും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more