1 GBP = 103.12

ബിർമിംഗ്ഹാമിലെ ഓർത്തഡോക്സ് വിശ്വാസികൾക്ക് അഭിമാന മുഹൂർത്തം; സ്വന്തമായി ഒരു ദേവാലയമെന്ന സ്വപ്നം യാഥാർഥ്യമായി

ബിർമിംഗ്ഹാമിലെ ഓർത്തഡോക്സ് വിശ്വാസികൾക്ക് അഭിമാന മുഹൂർത്തം; സ്വന്തമായി ഒരു ദേവാലയമെന്ന സ്വപ്നം യാഥാർഥ്യമായി

ജോർജ്ജ് മാത്യു

ബിർമിംഗ്ഹാം: സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയ്ക്ക് സ്വന്തമായി ഒരു ദേവാലയമെന്ന ചിരകാല സ്വപ്നം യാഥാർഥ്യമായി. ബിർമിംഗ്ഹാം സിനിയോട് ചേർന്ന് എയറ്പോർട്ടിന് സമീപത്തായി ഷെൽഡനിൽ മുക്കാലേക്കറോളം വരുന്ന സ്ഥലത്ത് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തമായൊരു ആരാധന സ്ഥലം കൈവന്നിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള ദേവാലയത്തിന് 8000 അടി ചതുരശ്ര വിസ്തീർണ്ണമുണ്ട്. ആരാധനാലയത്തിന് പുറമെ ഓഡിറ്റോറിയം, സൺഡേ സ്‌കൂളിനുള്ള റൂമുകൾ തുടങ്ങിയ സൗകര്യങ്ങളും ദേവാലയത്തിന്റെ പ്രത്യേകതകളാണ്. ആറുകോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച ദേവാലയം നാല്പതോളം കാർപാർക്കിംഗുകളോട് കൂടി സമചതുരാകൃതിയിൽ റോഡിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.

2002 ൽ ബിർമിംഗ്ഹാമിലെ സട്ടൻ കോൾഫീൽഡിൽ ഒരു കോൺഗ്രിഗേഷനായി പ്രവർത്തനം ആരംഭിച്ച കൂട്ടായ്മ, 2007 ൽ അന്നത്തെ ഭദ്രാസനാധിപൻ ഡോ തോമസ് മാർ മക്കറിയോസ് തിരുമേനി ഇടവകയായി പ്രഖ്യാപിച്ചു. തുടർന്ന് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ തിമത്തിയോസ്‌ ഇടവകയുടെ വളർച്ചക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ആത്മീയ വളർച്ചക്ക് വേണ്ട പുത്തൻ ഉണർവ്വും ദിശാബോധവും കാട്ടിത്തരുകയും ചെയ്തു, തിരുമേനിയുടെ സമയോചിതമായ ഇടപെടലും ഉപദേശങ്ങളും ഈ ദേവാലയത്തിന്റെ സമഗ്രമായ വളർച്ചക്ക് നൽകിയ സംഭാവനകൾ നിർണ്ണായകവും പ്രശംസനീയവുമാണ്. തിരുമേനി ഭരണസാരഥ്യം ഏറ്റടുത്തശേഷം യുകെയിൽ വാങ്ങുന്ന ഒൻപതാമത്തെ ദേവാലയമാണ് ഇതെന്നുള്ളതും ശ്രദ്ധേയമാണ്.

ഇടവക വികാരി ഫാദർ മാത്യൂസ് കുര്യാക്കോസിന്റെ സജീവമായ പ്രവർത്തനങ്ങളും ഇടപെടലുകളും ഈ ദേവാലയത്തിന് മുതൽക്കൂട്ടാണ്. ഇടവകാംഗങ്ങളെ ഏകോപിച്ച് കൊണ്ട് ദീർഘവീക്ഷണത്തോടെയുള്ള അച്ഛന്റെ പ്രവർത്തനമാണ് ലക്ഷ്യപ്രാപ്തിയിലെത്തിയത്. ഇടവക ട്രസ്റ്റി രാജൻ വർഗ്ഗീസിന്റെയും സെക്രട്ടറി ജെയ്‌സൺ തോമസിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി ഏതു പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി നിൽക്കുന്നു.

ഈ ദേവാലയത്തിന്റെ രജിസ്‌ട്രേഷനും നിയമപരമായ നടപടികൾക്കും മേൽനോട്ടം വഹിച്ചത് ലോ ആൻഡ് ലോയേഴ്സ് (ലണ്ടൻ)മാനേജിങ് ഡയറക്ടറായ അഡ്വ. ഫ്രാൻസിസ് മാത്യുവാണ്.

സ്‌റ്റെഫാനോസ് സഹദായുടെ മധ്യസ്ഥതയും അനുഗ്രഹവും ഇടവക ജനങ്ങളുടെ കൂട്ടായ പ്രവർത്തനവുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഇടവകവികാരിയും മാനേജിംഗ് കമ്മിറ്റിയും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more