1 GBP = 103.97

ബിനോയ് കോടിയേരി സാന്പത്തിക തട്ടിപ്പ് വിവാദം: പ്രതിപക്ഷം സഭയിൽ നിലപാട് കടുപ്പിച്ചേക്കും

ബിനോയ് കോടിയേരി സാന്പത്തിക തട്ടിപ്പ് വിവാദം: പ്രതിപക്ഷം സഭയിൽ നിലപാട് കടുപ്പിച്ചേക്കും

തിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് വിവാദത്തിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ നിലപാട് കടുപ്പിച്ചേക്കും.തട്ടിപ്പിന് ആധാരമായ സാമ്പത്തിക ഇടപാട് ഒത്തുതീർക്കാൻ ഇടനിലക്കാർ മുഖേന നടന്ന ശ്രമങ്ങൾ പൂർണമായും വിജയത്തിലെത്താത്ത സാഹചര്യത്തിലാണിത്.
സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉയരുകയും ഇതിനെ പ്രതിരോധിക്കുന്നതിൽ പാർട്ടി നേതൃത്വം തന്നെ രണ്ടു തട്ടിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ, ക്രിയാത്മകമായി പ്രതികരിക്കാതിരിക്കുന്നത് പ്രതിപക്ഷത്തിന് ക്ഷീണമാവും. പ്രത്യേകിച്ച് ,ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ സർക്കാരിനെ അടിക്കാൻ ഇതിലും വലിയൊരു വടി കിട്ടാനുമില്ല. എന്നാൽ, ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളോ, രേഖകളോ ഇല്ലാതെ സഭയിൽ ഉന്നയിക്കുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയുമുണ്ട്.

ആരോപണം പുറത്ത് വന്ന ദിവസം ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. എന്നാൽ, അന്വേഷണമില്ലെന്നാണ് അസന്നിഗ്ദ്ധമായി മുഖ്യമന്ത്രി പറഞ്ഞത്. മകനെതിരെ പരാതിയില്ലെന്ന് കോടിയേരിയും പ്രതികരിച്ചു. ദുബായ് പൊലീസിന്റെ സർട്ടിഫിക്കറ്റും ഇതിന് തെളിവായി ബിനോയ് പുറത്തു വിട്ടിരുന്നു.തനിക്കെതിരെ നേരത്തേ ഒരു കേസുണ്ടായിരുന്നുവെന്നും അത് ഒത്തുതീർപ്പാക്കിയെന്നുമാണ് ബിനോയ് പറഞ്ഞത്.സി.പി.എം പൊളിറ്റ്ബ്യൂറോയ്ക്ക് ഇതേക്കുറിച്ച് പരാതി ലഭിച്ചോയെന്ന ചോദ്യത്തിന് , പ്രതികരിക്കാനില്ലെന്ന മറുപടിയാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയത്. പരാതി ലഭിച്ചതായി പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള വെളിപ്പെടുത്തിയതോടെ പാർട്ടിയിൽ ഇക്കാര്യത്തിലുള്ള ഭിന്ന സ്വരവും വ്യക്തമായി.

ബിനോയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പു ആക്ഷേപത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നടപടി സ്വീകരിക്കുമോയെന്ന ചോദ്യവുമായി ബി.ജി.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ സീതാറാം യെച്ചൂരിക്ക് കത്തയച്ചു.ഈ സാഹചര്യത്തിൽ നിയമസഭയിൽ പ്രതിപക്ഷം നിശബ്ദത പാലിച്ചാൽ അത് ബലഹീനതയായി ചിത്രീകരിക്കപ്പെടുമെന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.പ്രശ്നം രമ്യമായി പരിഹരിച്ചാലും, ഇതിന്റെ സാമ്പത്തിക സ്രോതസ് എന്തെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർത്തിയ രാഹുൽ കൃഷ്ണയുടെ അടുത്ത ബന്ധുവുമായി ഇടതുപക്ഷത്തോട് അടുത്തു നിൽക്കുന്ന ഒരു മുൻ മന്ത്രി ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ലെന്നാണ് അറിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more