1 GBP = 103.97
breaking news

പ്രകൃതി പോലും കണ്ണീരണിഞ്ഞു ബിന്ദുവിനെ യാത്രയാക്കി ; ലിജോയുടേയും നാലു മക്കളുടേയും ഗ്ലോസ്റ്റര്‍ മലയാളികളുടേയും സ്‌നേഹ ലാളനങ്ങളേറ്റുവാങ്ങി മടക്കം..

<strong>പ്രകൃതി പോലും കണ്ണീരണിഞ്ഞു ബിന്ദുവിനെ യാത്രയാക്കി ; ലിജോയുടേയും നാലു മക്കളുടേയും ഗ്ലോസ്റ്റര്‍ മലയാളികളുടേയും സ്‌നേഹ ലാളനങ്ങളേറ്റുവാങ്ങി മടക്കം..</strong>

ജെഗി ജോസഫ്

ജീവിതം മനോഹരമായി തന്നെ ജീവിച്ചു തീര്‍ത്ത ബിന്ദു… എല്ലാത്തിനേയും സ്‌നേഹത്തോടെ കരുതലോടെ നോക്കി കണ്ട ജീവിതത്തിന്റെ അവസാന നിമിഷം പോലും പതറാതെ നേരിട്ട ബിന്ദുവിന് തിങ്കളാഴ്ച്ച ഗ്ലോസ്റ്ററിലെ പ്രിയപ്പെട്ടവര്‍ യാത്രാ മൊഴിയേകി.

വേദനയുടെ കാലഘട്ടം പോലും ചെറു ചിരിയോടെ നേരിട്ട ബിന്ദു ജീവിതം കൊണ്ട് മാതൃകയായ വ്യക്തിയാണ്. അതിനാല്‍ തന്നെ കുടുംബത്തിനൊപ്പം ഗ്ലോസ്റ്റര്‍ മലയാളി സമൂഹവും ഈ വേര്‍പാടില്‍ തേങ്ങലോടെ നിന്നു.. നൂറുകണക്കിന് പേരാണ് ബിന്ദുവിനെ അവസാനമായി കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും പള്ളിയിലെത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെറിയ ചാറ്റല്‍ മഴയിലൂടെ പ്രകൃതി പോലും ബിന്ദുവിന് യാത്രാ മൊഴിയേകി.
ഒരു ജീവിതം മഹത്വരമാകുന്നത് തന്റെ കര്‍മ്മങ്ങളിലെല്ലാം പൂര്‍ണ്ണത കൈവരുമ്പോഴാണ്. അങ്ങനെ നോക്കുമ്പോള്‍ ബിന്ദു ലിജോ തന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും മികവോടെ ജീവിച്ചു. ഒടുവില്‍ കാന്‍സര്‍ രൂപത്തില്‍ വിധി വില്ലനായപ്പോഴും ആത്മവിശ്വാസത്തോടെ നിലകൊണ്ടു. നാലു മക്കളേയും ലിജോയേയും തന്റെ അഭാവത്തിലും ജീവിക്കാന്‍ പ്രാപ്തരാക്കിയെന്ന വിശ്വാസത്തോടെ തന്നെ ഈ മടക്കം.

ഫ്യൂണറല്‍ സര്‍വ്വീസ് രാവിലെ എട്ടരയോടെ മൃതദേഹം പള്ളിയിലെത്തിച്ചു. വുമണ്‍സ് ഫോറം അംഗങ്ങള്‍ ശവമഞ്ചം അലങ്കരിച്ചു.ഗ്ലോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ഓടെ പൊതു ദര്‍ശനം ആരംഭിച്ചു. ഉച്ചയ്ക്ക് 1.30ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭയുടെ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ഫാ ജോസ് അഞ്ചാണിക്കല്‍, ഫാ ജോണി വെട്ടിക്കല്‍, ഫാ ടോണി പഴയകുളം, ഫാ ടോണി കട്ടക്കയം, ഫാ മാത്യു കുരിശുംമൂട്ടില്‍, ഫാ സിബി കുര്യന്‍, ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

ബിന്ദുവിന്റെ മാതാപിതാക്കളും ഭര്‍ത്താവ് ലിജോയും മക്കളായ സാന്‍സിയ ,അലിസിയ, അനിന, റിയോണ്‍ എന്നിവരും അടുത്ത ബന്ധുക്കളും അന്ത്യ ചുംബനം അര്‍പ്പിച്ചു. ബിന്ദുവിന്റെ അങ്കിള്‍ ഫാ സിബി കുര്യനും ഫാ ജിബിന്‍ വാമറ്റത്തിനും ചേര്‍ന്ന് വീട്ടില്‍ നിന്നുള്ള ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ ടോണി പഴയകളം ഒപ്പീസ് നടത്തി.

മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബിന്ദുവിന്റെ ആഗ്രഹം പോലെ വിവാഹത്തിനുണ്ടായിരുന്നതു പോലെ ഏഴ് അച്ചന്മാരോടുകൂടി ദിവ്യബലി അര്‍പ്പിച്ചു. പ്രത്യേക പ്രാര്‍ത്ഥനകളോടെയയിരുന്നു യാത്രയയപ്പ്.

ബിന്ദു ഭാഗ്യവതിയാണെന്ന് സ്രാമ്പിക്കല്‍ പിതാവ് വചന സന്ദേശത്തിലൂടെ വ്യക്തമാക്കി. കുറേയധികം പേരെ ഈശോയിലേക്ക് അടുപ്പിക്കാന്‍. തന്റെ വേദനയും സഹനവും കൊണ്ട് ഗ്ലോസ്റ്റര്‍ സമൂഹത്തെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ബിന്ദുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരുടേയും കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന ചിരിയോടെ ജീവിച്ച വ്യക്തി. മരണത്തിലും അതു തുടര്‍ന്നുവെന്ന് അനുസ്മരണത്തില്‍ പ്രിയപ്പെട്ടവര്‍ ഓര്‍മ്മിപ്പിച്ചു.
ഭര്‍ത്താവിനേയും നാലു കുട്ടികളും ബന്ധുക്കളേയും ആശ്വസിപ്പിച്ച് ഗ്ലോസ്റ്റര്‍ സമൂഹം ഒപ്പം തന്നെയുണ്ടായിരുന്നു.

അനുസ്മരണ ചടങ്ങില്‍ കുട്ടികളുടെ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ കരോള്‍ ബാരന്‍ ബിന്ദുവിനെ കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ ബിന്ദുവിനെ അറിയാമെന്നും കുട്ടികളോടുള്ള ബിന്ദുവിന്റെ സ്‌നേഹം അളവറ്റതാണെന്നും ടീച്ചര്‍ പറഞ്ഞു.
ഒരു നഴ്‌സ് എന്ന നിലയില്‍ നല്ല കെയറിങ്ങ് ഉള്ള ആളായിരുന്നു ബിന്ദു. ഒപ്പം ജോലി ചെയ്തിരുന്ന ക്രിസ് ജെസ്മാന്‍ പറഞ്ഞു.കൈന്‍ഡ് ഹാര്‍ട്ടിനുള്ള അവാര്‍ഡ് നേടിയ ബിന്ദു ഏവര്‍ക്കും മാതൃകയായിരുന്നുവെന്നും അനുസ്മരിച്ചു.
ബിന്ദുവിന്റെ കുഞ്ഞ് അങ്കിള്‍ എന്നു വിളിച്ചിരുന്ന ഫാ സിബി കുര്യന്‍ ബിന്ദുവിന്റെ സ്‌നേഹത്തെ പറ്റിയും കെയറിനെ പറ്റിയും സംസാരിച്ചു.
ബിന്ദുവിന്റെ അയല്‍വാസിയും കുടുംബസുഹൃത്തും KCA മുന്‍ പ്രസിഡന്റുമായ ജോണ്‍സണ്‍ ബിന്ദുവിന്റെ വ്യക്തിത്വവും മറ്റുള്ളവരോടുള്ള കരുതലുമെല്ലാം ഓര്‍ത്തെടുത്തു
അവസാനമായി സംസാരിച്ച ബിന്ദുവിന്റെ നാത്തൂന്‍ ജൂബി ബിജോയ് ചടങ്ങിലെത്തിയ ഓരോരുത്തരോടും നന്ദി പറഞ്ഞു. രോഗ പീഡയില്‍ കഷ്ടപ്പെട്ടപ്പോള്‍ മുതല്‍ അതായത് ഒക്ടോബര്‍ മുതല്‍ തങ്ങള്‍ക്കൊപ്പം നിന്നവരെ അനുസ്മരിച്ചു.കുടുംബത്തെ പിന്തുണച്ച് ഒപ്പം നിന്ന് സഹായിച്ച ഏവരോടും നന്ദി പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായ വൈദീകരോടും പങ്കെടുത്ത ഏവരോടും ജൂബി നന്ദി അറിയിച്ചു.
ഒന്നരയോടെ മൃതദേഹം കോണി ഹില്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. പ്രാര്‍ത്ഥനയ്ക്ക് ശേഷം സംസ്‌കാരം നടന്നു.
പ്രകൃതി പോലും ഏവരേയും ആശ്വസിപ്പിക്കുന്നതുപോലെ ആ സമയം ഒരുചാറ്റല്‍ മഴ ചാറി.. എല്ലാവരുടേയും മനസിനെ സ്പര്‍ശിച്ച് അതു കടന്നുപോയി.

ഗ്ലോസ്റ്ററിലെ ഏവര്‍ക്കും വേണ്ടപ്പെട്ട സുഹൃത്തായിരുന്നുു ബിന്ദു. കാന്‍സര്‍ കാലഘട്ടത്തില്‍ വുമണ്‍സ് ഫോറത്തിന്റെ കോര്‍ഡിനേറ്ററായ ബിന്ദുവിനായി ഏവരും ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു. .
കാന്‍സറിന്റെ നാലാം സ്റ്റേജ് എത്തി മരണം അടുത്ത് എത്തിയെന്നറിഞ്ഞപ്പോഴും തളരാതെ ബിന്ദു നിന്നു.ഗ്ലോസ്റ്റര്‍ സമൂഹം മുഴുവന്‍ ബിന്ദുവിനെ അനുസ്മരിക്കുക ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും പേരില്‍ തന്നെയാകും…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more