1 GBP = 104.18

ബേനസീര്‍ ഭൂട്ടോയെ വധിച്ചതിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു

ബേനസീര്‍ ഭൂട്ടോയെ വധിച്ചതിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു

ഇസ്ലാമബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ചതിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ (തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്താന്‍) ഏറ്റെടുത്തു. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് മുജാഹിദീന്‍-ഇ-ഇസ്ലാമിനെതിരേ നീങ്ങാന്‍ ബേനസീര്‍ പദ്ധതിയിട്ടതാണ് അവരെ വധിക്കാന്‍ കാരണമെന്നു പാക് താലിബാന്‍ നേതാവ് അബു മന്‍സൂര്‍ അസിം മുഫ്തി നൂര്‍ വാലി രചിച്ച പുസ്തകത്തില്‍ അവകാശപ്പെട്ടു. കഴിഞ്ഞ നവംബര്‍ 30-നാണ് പുസ്തകം പുറത്തിറങ്ങിയത്.

ബിലാല്‍ അഥവാ സയിദ്, ഇക്രമുള്ള എന്നീ രണ്ടു ചാവേറുകളാണു ബേനസീറിനെ വധിക്കാന്‍ നിയോഗിക്കപ്പെട്ടതെന്നു പുസ്തകത്തില്‍ പറയുന്നു. ബിലാല്‍ ആദ്യം ബേനസീറിനുനേരേ നിറയൊഴിച്ചു. വെടിയുണ്ട അവരുടെ കഴുത്തില്‍ കൊണ്ടതിനു പിന്നാലെ ജാക്കറ്റില്‍ ഒളിപ്പിച്ച ബോംബ് ഉപയോഗിച്ച് ബിലാല്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. സ്‌ഫോടനസ്ഥലത്തുനിന്നു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട സൗത്ത് വസീറിസ്ഥാന്‍ സ്വദേശി ഇക്രമുള്ള ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ബേനസീറിനെ ലക്ഷ്യമിട്ടു 2007 ഒക്‌ടോബറില്‍ കറാച്ചിയില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന്റെയും ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. അന്നു ബേനസീര്‍ രക്ഷപ്പെട്ടെങ്കിലും 140 പേര്‍ കൊല്ലപ്പെട്ടു. 2008-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പി.പി.പിയെ നയിക്കാന്‍ പാകിസ്താനില്‍ മടങ്ങിയെത്തിയ ബേനസീറിനെ വധിക്കാന്‍ ബെയ്തുള്ള മെഹ്‌സൂദ് നേരിട്ട് ഉത്തരവിടുകയായിരുന്നു. കറാച്ചി ആക്രമണത്തിനുശേഷവും സര്‍ക്കാര്‍ ബേനസീറിനു വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതു റാവല്‍പിണ്ടിയില്‍ കാര്യങ്ങള്‍ എളുപ്പമാക്കിയെന്നു പുസ്തകത്തില്‍ പറയുന്നു. 588 പേജുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ അഫ്ഗാനിസ്ഥാനിലെ ബാര്‍മലിലുള്ള മസീദ് കമ്പ്യൂട്ടര്‍ സെന്ററാണ്.

നിരവധി താലിബാന്‍ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകം ഓണ്‍െലെനിലും ലഭ്യമാക്കിയിട്ടുണ്ട്. ഉര്‍ദുവില്‍ രചിക്കപ്പെട്ട പുസ്തകത്തിന്റെ പേര് ”ഇന്‍ക്വിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്ഥാന്‍-ബ്രിട്ടീഷ് രാജില്‍നിന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിലേക്ക്” എന്നാണ്. ഇതാദ്യമായാണ് ഏതെങ്കിലുമൊരു സംഘടന ബേനസീര്‍ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ബേനസീറിന്റെ പദ്ധതിയെപ്പറ്റി വിവരം ലഭിച്ചതു പിന്നീടു കൊല്ലപ്പെട്ട പാകിസ്താനി താലിബാന്‍ സ്ഥാപകനേതാവ് ബെയ്തുള്ള മെഹ്‌സൂദിനാണെന്നു പുസ്തകത്തില്‍ പറയുന്നു. 2007 ഡിസംബര്‍ 27-നു റാവല്‍പിണ്ടിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തതിനു തൊട്ടുപിന്നാലെയാണു പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി മേധാവിയായിരുന്ന ബേനസീര്‍ ഭൂട്ടോ (54) ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിനു പിന്നില്‍ തെഹ്‌രീക്-ഇ-താലിബാനാണെന്നു മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ആരോപിച്ചെങ്കിലും അന്നു സംഘടന നിഷേധിക്കുകയായിരുന്നു. ബേനസീര്‍ വധക്കേസില്‍ മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി, അഞ്ചു പാക് താലിബാന്‍ പ്രവര്‍ത്തകരെ കഴിഞ്ഞ ഓഗസ്റ്റില്‍ കുറ്റവിമുക്തരാക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more