1 GBP = 104.16

പാതയോര മദ്യശാല നിരോധനം: ഉത്തരവില്‍ ഭേദഗതി; തീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്ന് സുപ്രിംകോടതി

പാതയോര മദ്യശാല നിരോധനം: ഉത്തരവില്‍ ഭേദഗതി; തീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്ന് സുപ്രിംകോടതി

ദില്ലി: പാതയോര മദ്യശാല നിരോധന ഉത്തരവില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രിംകോടതി. മുന്‍ ഉത്തരവ് സുപ്രിംകോടതി ഭേദഗതി ചെയ്തു. പാതയോര മദ്യശാല നിരോധനത്തിനായി ആദ്യം പുറപ്പടുവിച്ച ഉത്തരവ് ഇതോടെ അപ്രസക്തമായി.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച് 2016 ഡിസംബര്‍ 15 ന് ഇറക്കിയ ഉത്തരവാണ് ആസ്സാമും കേരളവും ഉള്‍പെടെയുള്ള സംസ്ഥനങ്ങളുടെ ആവശ്യം പരിഗണിച്ച് സുപ്രിംകോടതി വീണ്ടും ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി പ്രകാരം പഞ്ചായത്ത് പരിധിയില്‍ വരുന്ന നഗര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് ഇളവ് ലഭിക്കും. പ്രദേശം നഗരമാണോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. മദ്യശാല ഉടമകള്‍ പ്രവര്‍ത്തന അനുമതിക്കായി സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കണമെന്നും ഭേദഗതി ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി.

മുന്‍സിപ്പല്‍ മേഖലകളിലൂടെ കടന്ന് പോവുന്ന ദേശീയ സംസ്ഥാന പാതകള്‍ക്ക് 2017 ജൂലൈ 11 ന് പുറപ്പടുവിച്ച ഉത്തരവിലൂടെ സുപ്രിംകോടതി ഇളവ് നല്‍കിയിരുന്നു. ഇതിന് പുറമെ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ ഉള്ള അധികാരം സര്‍ക്കാരിന് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പാതയോര മദ്യശാല നിരോധന ഉത്തരവില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ 2016 ഡിസംബര്‍ 15 ന് പുറപ്പടുവിച്ച ഉത്തരവ് ഏതാണ്ട് അപ്രസക്തംമായി.

2015 ലെ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പാതയോര മദ്യശാല നിരോധന ഉത്തരവ് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ത്ത് എന്നും, വരുമാനത്തില്‍ ഇടിവ് വരുത്തി എന്നും കേരളം വ്യക്തമാക്കിയിരുന്നു. ടൂറിസം ആണ് കേരളത്തിന് ഏറ്റവും അധികം വരുമാനം ഉണ്ടാക്കി കൊടുക്കുന്ന മേഖല. ആയിരകണക്കിന് പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിവയ്ക്ക് ആയി കേരളത്തിലെ കണ്‍വെന്‍ഷന്‍ സെന്ററുകളിലേക്കും, കഌസിഫയ്ഡ് ഹോട്ടലുകളിലേക്കും വിദേശികള്‍ ഉള്‍പ്പടെ നിരവധി പേര്‍ എത്താറുണ്ടായിരുന്നു. മദ്യം ഇത്തരം ചടങ്ങുകളില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത കാര്യം ആണ്. പാതയോര മദ്യശാല നിരോധന ഉത്തരവ് നടപ്പിലായതോടെ പല സ്ഥലങ്ങളിലും മദ്യം കിട്ടുന്നതിന് ബുദ്ധിമുട്ടായി. ഇതേതുടര്‍ന്ന് ടൂറിസം മേഖല കടുത്ത പ്രതിസന്ധിയില്‍ ആണെന്നും സംസ്ഥാനത്തിന്റെ വരുമാനത്തിലും ഇത് ഇടിവ് ഉണ്ടാക്കി എന്നും കേരളം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങള്‍ ആയ കുമരകം, ചേറായി കടപ്പുറം, ബേക്കല്‍, മൂന്നാര്‍, തേക്കടി, കുമിളി തുടങ്ങിയവ പഞ്ചായത്തുകളില്‍ ആണെന്നായിരുന്നു സംസ്ഥാനത്തിന്റെ മറ്റൊരു വാദം. ടൂറിസം മേഖലയുടെ വികസനത്തിനായി ഈ പ്രദേശങ്ങളിലെ പല റോഡുകളും സംസ്ഥാന ഹൈവേകള്‍ ആയോ, ദേശീയ പാതകളായോ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ആയ നെടുമ്പാശേരി, കരിപ്പൂര്‍ എന്നിവ പഞ്ചായത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാല നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണം എന്നും കേരളം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

2017 ജൂലായിലെ ഭേദഗതിക്ക് ശേഷവും പാതയോരങ്ങളില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ സാധിക്കാത്ത 520 കള്ള് ഷാപ്പുകളും, 12 മദ്യവില്‍പ്പന ശാലകളും സംസ്ഥാനത്ത് പൂട്ടി കിടക്കുന്നതായും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് ഹോട്ടലുകളിലെ ബാറുകളും, 171 ഹോട്ടലുകളിലെ ബീയര്‍ വൈന്‍ പാര്‍ലറുകളും പൂട്ടി കിടക്കുയാണ്.

ഇന്നത്തെ സുപ്രീം കോടതി ഉത്തരവോടെ പൂട്ടി കിടക്കുന്ന ഈ മദ്യ വില്‍പ്പന കേന്ദ്രങ്ങളൊക്കെ തുറക്കാന്‍ ഉള്ള സാഹചര്യം ഒരുങ്ങുകയാണ്. ഭേദഗതി വിധിയോടെ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കള്ള് ഷാപ്പ് ഉടമകള്‍ നല്‍കിയ ഹര്‍ജി അപ്രസക്തമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more