1 GBP = 104.26
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ എയ്ൽസ്ഫോർഡ് തീർത്ഥാടനം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി….. മാർ ജോസഫ് സ്രാമ്പിക്കൽമുഖ്യ കാർമ്മികൻ…..

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ എയ്ൽസ്ഫോർഡ് തീർത്ഥാടനം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി….. മാർ ജോസഫ് സ്രാമ്പിക്കൽമുഖ്യ കാർമ്മികൻ…..

ഫാ.ടോമി എടാട്ട്

(പി.ആർ.ഒ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത)


എയ്ൽസ്ഫോർഡ്:- ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. പുണ്യപുരാതനവും വിശ്വ പ്രസിദ്ധവുമായ എയ്ൽസ്ഫോർഡിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ സമൂഹം മാതാവിൻ്റെ മധ്യസ്ഥം തേടി തീർത്ഥാടനത്തിനായി ഇവിടെ എത്തുന്നത്. ലണ്ടൻ റീജിയണിലെ വിവിധ മിഷനുകൾ കേന്ദ്രീകരിച്ച് വളരെ വിപുലമായ ഒരുക്കങ്ങളാണ് തീർത്ഥാടനത്തിൻ്റെ ഭാഗമായി നടന്നു വരുന്നത്.

എയ്ൽസ്ഫോർഡിലെ സുപ്രധാന ആകർഷണമായ ജപമാലാരാമത്തിലൂടെ ഉച്ചക്ക് 12 മണിക്കാരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തോടെ തീർത്ഥാടനത്തിൻ്റെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ഉച്ചക്ക് 1 മണിക്ക്  രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികർ ചേർന്ന് ആഘോഷമായ തിരുനാൾ കുർബ്ബാന അർപ്പിക്കും. സ്വർഗ്ഗാരോപിത മാതാവിൻ്റെ ഗ്രോട്ടോയിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും തിരുക്കർമ്മങ്ങൾ നടക്കുക. ഉച്ച കഴിഞ്ഞ് 3 മണിക്ക് ലദീഞ്ഞ്, വിശുദ്ധരുടെയും കർമ്മലമാതാവിൻ്റെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും. ബ്രിട്ടനിലെ വിവിധ കുർബാന സെൻ്ററുകളിൽ നിന്നും മിഷനുകളിലും നിന്നുള്ള വിശ്വാസികളും ഭക്ത സംഘടനകളും അണിചേരുന്ന വിശ്വാസ പ്രഘോഷണമായി മാറും. തീർത്ഥാടനത്തോടനുബന്ധിക്ക് വിശ്വാസികൾക്ക് നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും ,അടിമ വയ്ക്കുന്നതിനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

തീർത്ഥാടനത്തിനെത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോച്ചുകളും കാറുകളും പാർക്ക് ചെയ്യുവാൻ പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ടും പാർക്കിംഗ് നിയന്ത്രിക്കുവാൻ പരിശീലനം ലഭിച്ച വോളണ്ടിയേഴ്സും ഉണ്ടാകും. തീർത്ഥാടകരെ സ്വീകരിക്കുവാനും ഈ പുണ്യഭൂമിയുടെ വിശുദ്ധി പരിചയപ്പെടുത്തുവാനും പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന വോളണ്ടിയേഴ്സിൻ്റെ സേവനം ഉണ്ടായിരിക്കും. കുട്ടികളുടെയും മുതിർന്നവരുടേയും ആരോഗ്യ സുരക്ഷ  കണക്കിലെടുത്ത് അതിനായി പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി തിരുനാളിൽ സംബന്ധിക്കുന്ന എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. തിരുനാൾ പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ അതാതു ഇടവക ട്രസ്റ്റിമാരുമായി ബന്ധപ്പെടേണ്ടതാണ്.

ഉത്തരീയ മാതാവിൻ്റെ പ്രത്യേക സംരക്ഷണത്താൽ പ്രശോഭിതവും കർമ്മല സഭയുടെ പിള്ളത്തൊട്ടിലുമായ എയ്ൽസ്ഫോർഡിലേക്ക് വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ്  സ്രാമ്പിക്കൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-

റവ.ഫാ.ടോമി എടാട്ട് – 07448836131

ബിനു മാത്യു – 07863350841

ജിനു ജോസ് – 07950802993

തീർത്ഥാടന കേന്ദ്രത്തിൻ്റെ വിലാസം:-

The Friars,

Carnelite Priory,

Aylesford,

Kent,

ME20 7BX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more