1 GBP = 103.95
breaking news

എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിൽ മാതാവിന്റെ ജനനത്തിരുനാൾ ആചരിച്ചു

എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിൽ മാതാവിന്റെ ജനനത്തിരുനാൾ ആചരിച്ചു

എയ്‌ൽസ്‌ഫോർഡ്: ഉത്തരീയമാതാവിന്റെ അനുഗ്രഹാരാമത്തിൽ എട്ടു നോമ്പ് തിരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെപിയോ മിഷനിലെ ഇടവകസമൂഹം സെപ്റ്റംബർ 6 ഞായറഴ്ചയാണ് പ്രധാന തിരുന്നാൾ ആയി ആചരിച്ചത്. ഉത്തരീയനാഥയുടെ അനുഗ്രഹം തേടി നിരവധി വിശ്വാസികളാണ് തിരുനാളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വർഗ്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയിൽ സജ്ജമാക്കിയ ബലിപീഠത്തിലാണ് തിരുക്കർമ്മങ്ങൾ നടന്നത്. 

ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് നൊവേനയും നടന്നു. പ്രതിസന്ധികളിലും പ്രയാസങ്ങളിലും നമ്മുടെ പൂർവികർ സംരക്ഷണകവചമായി കണ്ട് ധരിച്ചു പോന്ന പരിശുദ്ധ അമ്മയുടെ ഉത്തരീയത്തിന്റെ സംരക്ഷണം ഈ മഹാമാരിയുടെ കാലഘട്ടത്തിലും നമുക്ക് ആശ്വാസമേകട്ടെയെന്ന് ഫാ. ടോമി എടാട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു. 

തുടർന്ന് ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ ഈ വർഷം അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും എഴുത്തിനിരുത്തും നടന്നു. പരിശുദ്ധ അമ്മക്ക് അറിവ് പകർന്നു കൊടുത്ത വിശുദ്ധ അന്നാമ്മയുടെ ചാപ്പലിൽ ആണ് വിദ്യാരംഭത്തിന്റെ കർമ്മങ്ങൾ നടന്നത്. 

എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിൽ എല്ലാ മാസവും ഒന്നും രണ്ടും ഞായറാഴ്ചകളിൽ ഉച്ചക്ക് 12 മണിക്ക് എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ വച്ച് മലയാളത്തിൽ വിശുദ്ധകുർബാന നടത്തപ്പെടുന്നു. സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോക്കു മുൻപിലുള്ള ചത്വരത്തിലാണ് വിശുദ്ധ കുർബാന നടക്കുക. അതുകൊണ്ട് കൂടുതൽ പേർക്ക് ഒരേ സമയം വിശുദ്ധ കുർബാനയിൽ പങ്കു ചേരുവാൻ അവസരം ഒരുങ്ങുന്നു. പരിശുദ്ധ അമ്മയുടെ സന്നിധിയിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി പള്ളികമ്മറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more