1 GBP = 104.25
breaking news

ആസ്ട്രേലിയ 326ന് പുറത്ത്, ഇന്ത്യ പൊരുതുന്നു

ആസ്ട്രേലിയ 326ന് പുറത്ത്, ഇന്ത്യ പൊരുതുന്നു

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആസ്ട്രേലിയ 326ന് പുറത്ത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. കോഹ്ലിയും(37) പുജാരയുമാണ്(23) ക്രീസില്‍.

ആസ്‌ത്രേലിയയുടെ ആദ്യ ഇന്നിംങ്‌സ് സ്‌കോറായ 326ന് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപണര്‍മാരായ കെ.എല്‍ രാഹുലും മുരളി വിജയും നിരാശപ്പെടുത്തി. ഇരുവരുടേയും വിക്കറ്റ് ഓസീസ് പേസര്‍മാര്‍ തെറിപ്പിക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പെര്‍ത്തില്‍ പച്ചതൊടാതെ പോകുമോയെന്ന ആശങ്കയുയര്‍ന്നു.

എന്നാല്‍ പിന്നീടെത്തിയ പുജാരയും കോഹ്‌ലിയും ഫോം ആവര്‍ത്തിച്ചുകൊണ്ട് ബാറ്റ് വീശിയതോടെയാണ് ഇന്ത്യയുടെ ശ്വാസം നേരെ വീണത്. ഹാസില്‍ വുഡിന്റെ ഒരോവറില്‍ മൂന്ന് ഫോറടിച്ച് കോഹ്‌ലി ആസ്‌ത്രേലിയന്‍ ബൌളര്‍മാര്‍ നേടിയ മുന്‍തൂക്കം തകര്‍ത്തു. ആദ്യത്തെ കടന്നാക്രമണത്തിന് ശേഷം കോഹ്‌ലിയും പുജാരയെ പോലെ നിലയുറപ്പിച്ചുകൊണ്ട് ഇന്നിംങ്‌സ് കെട്ടിപ്പടുക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

87 പന്തില്‍ നിന്നും ഒരു ബൗണ്ടറി മാത്രം പായിച്ചാണ് പുജാര 23 റണ്‍സ് നേടിയിരിക്കുന്നത്. കോഹ്‌ലിയാകട്ടെ 78 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെ പിന്തുണയില്‍ 37 റണ്‍സടിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ഇതുവരെ മൂന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

ആദ്യദിനം 90 ഓവറില്‍ ആറിന് 277 എന്ന നിലയില്‍ കളി അവസാനിപ്പിച്ച ആസ്‌ട്രേലിയ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിന്‍ 326 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത് ഇഷാന്ത് ശര്‍മയാണ് ഓസീസിനെ തകര്‍ത്തത്.

ക്യാപ്റ്റന്‍ ടിം പെയ്ന്‍ (38) പാറ്റ് കമ്മിന്‍സ് (19), സ്റ്റാര്‍ക്ക്(6), ഹെയ്‌സല്‍വുഡ്(0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആസ്‌ട്രേലിയക്ക് നഷ്ടമായത്. ഒമ്പതു റണ്‍സുമായി ലയോണ്‍ പുറത്താകാതെ നിന്നു. ഹനുമ വിഹാരി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more