1 GBP = 103.95
breaking news

അരുണിന് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

അരുണിന് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ബിർമിംഗ്ഹാം: കൊവെൻട്രിയിൽ നിര്യാതനായ അരുൺ മുരളീധരൻ നായർക്ക് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരുമുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് അരുണിന് അന്തോമോപചാരം അർപ്പിക്കാനെത്തിയത്. യുക്മയ്ക്ക് വേണ്ടി മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസും കൊവെൻട്രി കേരളാ കമ്യൂണിറ്റിക്കായി ജോയിന്റ് സെക്രട്ടറി ടിജോ ജോസഫ്, ജോയിന്റ് ട്രഷറർ ദീപേഷ് സ്കറിയ എന്നിവരും അന്തിമോപചാരമർപ്പിച്ചു.

യുക്മയുടെയും കൊവെൻട്രി കേരളാ കമ്യൂണിറ്റിയുടെയും നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ ബിർമിംഗ്ഹാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിലാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നതായും മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ് അറിയിച്ചു.

യുകെയിലെത്തി ഒരു വർഷം മാത്രം പിന്നിട്ടപ്പോഴാണ് അരുണിന്റെ ആകസ്മിക വേർപാട്. കൊവെൻട്രി എൻഎച്ച്എസ് ഹോസ്പിറ്റലിലെ ഐടിയുവിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്ന അരുൺ രാത്രി നൈറ്റ് ഷിഫ്റ്റിന് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ പോലീസിനെ അറിയിക്കുകയും പോലീസ് കൊവെൻട്രിയിലെ വൈക്കൻ ക്രോഫ്റ്റിലെ വീടിന്റെ വാതിൽ പൊളിച്ച് തുറക്കുകയുമായിരുന്നു. തുടർന്നാണ് താമസസ്ഥലത്ത് അരുണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമായി യുകെയിലെത്തിയ അരുൺ തികച്ചും അപ്രതീക്ഷിതമായി വേർപിരിഞ്ഞതിന്റെ ആഘാതത്തിലാണ് ഭാര്യ ആര്യയും മൂന്ന് വയസ്സുള്ള കുഞ്ഞും മാതാപിതാക്കളായ മുരളീധരൻ നായരും കുമാരി ശാന്തയും. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശിയാണ് അരുൺ.

അരുണിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മയും കൊവെൻട്രി കേരളാ കമ്യൂണിറ്റിയും യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണവും പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറുമെന്ന് യുക്മ നേതൃത്വം വ്യക്തമാക്കി. യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസും സികെസി പ്രസിഡന്റ് ഷിൻസൺ മാത്യു, സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ തുടങ്ങിയവരാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more