1 GBP = 103.69
breaking news

ആർട്ടെമിസ് ചാന്ദ്രദൗത്യം വിക്ഷേപണം നീട്ടി

ആർട്ടെമിസ് ചാന്ദ്രദൗത്യം വിക്ഷേപണം നീട്ടി

കേപ് കാനവറൽ: അരനൂറ്റാണ്ടിനിപ്പുറം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാൻ ലക്ഷ്യമിട്ടുള്ള നാസയുടെ ആർട്ടെമിസ്-1 ദൗത്യ വിക്ഷേപണം എൻജിൻ തകരാറിനെ തുടർന്ന് നീട്ടി. പ്രവർത്തിക്കാനാവശ്യമായ താപനിലയിലേക്ക് ഒരു എൻജിൻ താഴാതെ വന്നതാണ് വില്ലനായത്.റോക്കറ്റിനു മുകളറ്റത്ത് വിള്ളൽ വീണെന്ന് നേരത്തേ സംശയമുയർന്നത് ആശങ്കക്കിടയാക്കിയെങ്കിലും പരിശോധനയിൽ അല്ലെന്ന് വ്യക്തമായിരുന്നു. എൻജിനിലെ പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കാനായാൽ വെള്ളിയാഴ്ച വിക്ഷേപണം നടന്നേക്കും.

നാസ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് ലോഞ്ച് സിസ്റ്റം എന്ന എസ്.എൽ.എസ്. മനുഷ്യനെ വഹിക്കാവുന്ന ‘ഓറിയോൺ’ പേടകം ഘടിപ്പിച്ച 98 മീറ്റർ നീളമുള്ള റോക്കറ്റ് കേപ് കാനവറലിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് ഉയരാനായിരുന്നു കണക്കാക്കിയിരുന്നത്. 42 ദിവസം നീളുന്ന ആദ്യ ദൗത്യത്തിൽ മനുഷ്യന് പകരം മൂന്നു ഡമ്മികളാകും യാത്രയാകുക. 

ആർട്ടെമിസ്-2 ദൗത്യത്തിലാകും മനുഷ്യനെ കൊണ്ടുപോവുക. മനുഷ്യചരിത്രത്തിലെ ആദ്യ ചാന്ദ്രദൗത്യമായ അപ്പോളോ 11ൽ മനുഷ്യനെ വഹിച്ച സാറ്റേൺ-5 റോക്കറ്റിനേക്കാൾ ശക്തിയേറിയതാണ് ആർട്ടെമിസ്-1ലുള്ളത്. 10 ലക്ഷം ഗാലൻ അതിശീതീകൃത ഇന്ധനമാണ് റോക്കറ്റിൽ നിറച്ചിരിക്കുന്നത്. 

ഗ്രീക് പുരാണത്തിലെ അപ്പോളോയുടെ പേരിലായിരുന്നു ആദ്യ ദൗത്യമെങ്കിൽ, പിൻഗാമിയാണെന്നു സൂചിപ്പിക്കാൻ അപ്പോളോയുടെ ഇരട്ട സഹോദരിയുടെ പേരായ ആർട്ടെമിസ് എന്നാണ്, 21ാം നൂറ്റാണ്ടിലെ നാസയുടെ ആദ്യ ചാന്ദ്രദൗത്യത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ദൗത്യം വിജയിക്കുകയാണെങ്കിൽ 2024ലെ ആർട്ടെമിസ്-2 ദൗത്യത്തിൽ ബഹിരാകാശയാത്രികർ പേടകത്തിൽനിന്ന് പുറത്തിറങ്ങി ചന്ദ്രന്റെ ആകാശത്ത് അൽപനേരം ചെലവഴിച്ച് തിരിച്ചുകയറും. 2025 അവസാനത്തിലെ മൂന്നാം ദൗത്യത്തിൽ രണ്ടു യാത്രികർ ചന്ദ്രനിൽ ഇറങ്ങാനാണ് പദ്ധതിയിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more