1 GBP = 103.96

ലോകകപ്പിന്റെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന ഇന്ന് ഫ്രാന്‍സിനെ നേരിടും

ലോകകപ്പിന്റെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന ഇന്ന് ഫ്രാന്‍സിനെ നേരിടും

ലോകകപ്പിന്റെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന ഇന്ന് ഫ്രാന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കസാന്‍ അരീന സ്റ്റേഡിയത്തിലാണ് മത്സരം.

പോയിന്റുകളുടെയും ഗോള്‍ ശരാശരികളുടെയും കണക്കെടുപ്പുകള്‍ക്ക് വിരാമം. ഇനിയുള്ളത്, ഒന്നുകില്‍ ജയം അല്ലെങ്കില്‍ മരണം എന്ന യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യത്തെ ആദ്യം അഭിമുഖീകരിക്കാന്‍ പോകുന്നത് അര്‍ജന്‍റീനയും ഫ്രാന്‍സും. ഗ്രൂപ്പ് റൌണ്ടിലെ മോശം തുടക്കത്തിന് ശേഷം നൈജീരിയക്കെതിരെ നടത്തിയ തിരിച്ച് വരവിന്റെ ആത്മവിശ്വാസവുമായിട്ടായിരിക്കും മറഡോണയുടെ പിന്മുറക്കാര്‍ കസാന്‍ അരീനയില്‍ എത്തുന്നത്. ലിയോണല്‍ മെസ്സിയുടെ ബൂട്ടുകള്‍ ഒരിക്കല്‍ കൂടി വിസ്മയം സൃഷ്ടിക്കുമെന്നും അര്‍ജന്റീന പ്രതീക്ഷിക്കുന്നു. മറുവശത്ത് ഏറ്റവും മികച്ച യുവനിരയുമായാണ് ഫ്രാന്‍സ് എത്തുന്നത്. ഗ്രൂപ്പ് റൌണ്ടില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ പ്രതിസന്ധികളില്ലാതെയാണ് നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. ടീമിന്റെ യഥാര്‍ത്ഥ വീര്യം അര്‍ജന്റീനക്കെതിരെ പ്രകടിപ്പിക്കാനാകുമെന്ന് ദിദിയര്‍ ദെഷാംപ്സിന്റെ കുട്ടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ലിയോണല്‍ മെസ്സിയെന്ന മഹാ പ്രതിഭക്കൊപ്പം മുന്നേറ്റത്തില്‍ ആര് കളിക്കും എന്നതിലാണ് അര്‍ജന്റീനയുടെ തലവേദന. ഫോമില്ലാത്ത ഹിഗ്വായ്ന് പകരം യുവതാരം പാവോനെ കൊണ്ട് വന്നേക്കും.

ഡീ മരിയ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ സെന്‍ട്രല്‍ ഫോര്‍വേഡിന്റെ റോളിലായിരിക്കും മെസ്സി കളിക്കുക. മധ്യനിരയില്‍ എവര്‍ ബനേഗയും നൈജീരിയക്കെതിരായ ഫോം തുടര്‍ന്നാല്‍ മെസ്സിക്ക് കാര്യങ്ങള്‍ എളുപ്പമാകും. മറുവശത്ത് ഫ്രാന്‍സിന്റെ കൈമുതല്‍ ലോകത്തെ ഏറ്റവും വേഗമേറിയ മധ്യനിരയും മുന്നേറ്റ നിരയുമാണ്. എംബാപ്പെയും പോഗ്ബയും ഡെംബെലെയും കുതിപ്പ് തടയാന്‍ വാര്‍ധക്യം ബാധിച്ച അര്‍ജന്റീനിയന്‍ പ്രതിരോധത്തിന് കഴിയുമോ എന്ന് കണ്ട് തന്നെ അറിയണം. പക്ഷെ വന്‍ മത്സരങ്ങള്‍ കളിച്ച് പരിചയമില്ലാത്ത ഫ്രഞ്ച് യുവനിര സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാല്‍ ആ അവസരം അര്‍ജന്റീന മുതലെടുക്കും. കടലാസിലെ കരുത്തിന്റെ മുന്‍തൂക്കം കളത്തില്‍ നേടണമെങ്കില്‍, ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ഏറ്റവും മികച്ച പ്രകടനം തന്നെ ഫ്രാന്‍സ് പുറത്തെടുക്കേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more