1 GBP = 105.79
breaking news

ചെങ്ങന്നൂർ വിധിയെഴുത്ത് കേരളാ കോൺഗ്രസ്സ്, എൻ എസ് എസ്, എസ് എൻ ഡി പി നേതൃത്വങ്ങൾ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകുമോ?

ചെങ്ങന്നൂർ വിധിയെഴുത്ത് കേരളാ കോൺഗ്രസ്സ്, എൻ എസ് എസ്, എസ് എൻ ഡി പി നേതൃത്വങ്ങൾ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകുമോ?

ആലപ്പുഴ: സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണ്ണായകമായ ചെങ്ങന്നൂരില്‍ ‘വിലപേശാന്‍’ ‘മൂവര്‍ സംഘം’ ഉപതിരഞ്ഞെടുപ്പില്‍ തങ്ങളാകും വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാകുക എന്നാണ് കേരള കോണ്‍ഗ്രസ്സ്, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതൃത്വങ്ങള്‍ അവകാശപ്പെടുന്നത്. 5000-ല്‍ കുറയാത്ത ഉറച്ച വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ അവകാശവാദം. നായര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികളും നായര്‍ സമുദായത്തില്‍പ്പെട്ടവരെ മാത്രം പരീക്ഷിച്ചാലും എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാവും. എസ്എന്‍.ഡി.പി യോഗം നേതൃത്വമാകട്ടെ, കണിച്ചുകുളങ്ങരയില്‍ നിന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നവരേ ചെങ്ങന്നൂരില്‍ വിജയിക്കുകയുള്ളൂ എന്ന നിലപാടിലുമാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇടതുപക്ഷം പടിക്ക് പുറത്ത് നിര്‍ത്തിയ ഈ മൂന്ന് വിഭാഗങ്ങളും അവസരം ശരിക്കും ഉപയോഗപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ്. കഴിഞ്ഞ തവണ 7,983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ.കെ.രാമചന്ദ്രന്‍ വിജയിച്ചിരുന്നത്. പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് ഭരണവിരുദ്ധ വികാരം ഇല്ല എന്ന് തെളിയിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും ചെങ്ങന്നൂര്‍ സീറ്റ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. യു.ഡി.എഫിനും ബി.ജെ.പിക്കുമാകട്ടെ പ്രതിപക്ഷത്തിന്റെ കരുത്ത് കാട്ടാന്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കേണ്ടത് പ്രധാന ആവശ്യമാണ്. കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച മുന്‍ എം.എല്‍.എ, കോണ്‍ഗ്രസ്സ് റിബല്‍ ശോഭനാ ജോര്‍ജ് 3,966 വോട്ടാണ് നേടിയിരുന്നത്.

ഇത്തവണ ഇവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തിരക്കിട്ട് ശ്രമിച്ച് വരികയുമാണ്. എന്നാല്‍ കഴിഞ്ഞ തവണ തങ്ങളുടെ അക്കൗണ്ടില്‍ വീണ കേരള കോണ്‍ഗ്രസ്സ് വോട്ടുകള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. മാണിയെ അനുനയിപ്പിക്കാന്‍ പി.ജെ.ജോസഫിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്സ് ശ്രമം

കേസുകളുടെ നൂലാമാലകളില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകാത്തതിനാല്‍ പിണറായി സര്‍ക്കാറിനെ പിണക്കാന്‍ മാണിക്ക് കഴിയില്ല. മാത്രമല്ല, ഇടത് ബര്‍ത്ത് മാണി ആഗ്രഹിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഒന്നുകില്‍ ഇടത് അനുകുല നിലപാട് അതല്ലെങ്കില്‍ എന്‍.എസ്.എസിനെ പോലെ പരസ്യമായി സമദൂര പ്രഖ്യാപനം നടത്തി രഹസ്യമായി ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കായി കരുക്കള്‍ നീക്കാനായിരിക്കും അദ്ദേഹം തയ്യാറാവുക. എന്‍.എസ്.എസ് ആകട്ടെ കഴിഞ്ഞ തവണത്തെ പോലെ ‘സമദൂര’ത്തിലായിരിക്കും നില്‍ക്കുക. ബാലകൃഷ്ണപിള്ളയും ഗണേഷും ഇടതുപക്ഷത്തോടൊപ്പവും രമേശ് ചെന്നിത്തലയും ശിവദാസന്‍ നായരുമെല്ലാം യു.ഡി.എഫിനൊപ്പവും നില്‍ക്കുമ്പോള്‍ എന്‍.എസ്.എസ് നേതൃത്വം വെട്ടിലാകും.

മാത്രമല്ല കേന്ദ്ര ഭരണമുള്ള ബിജെപിയെ അവഗണിക്കാനും എന്‍.എസ്.എസിന് കഴിയില്ല. എന്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള ശ്രീധരന്‍പിള്ളയോ കുമ്മനം രാജശേഖരനോ ആയിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ തവണ 42,682 വോട്ട് നേടി മുന്നണികളെ ബി.ജെ.പി ഞെട്ടിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥ് 44,897 വോട്ട് നേടിയപ്പോയാണ് തൊട്ടടുത്ത് ഇത്രയും വോട്ട് ബി.ജെ.പിയിലെ ശ്രീധരന്‍പിള്ള നേടിയത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് പിന്തുണ നല്‍കിയ ഘടക കക്ഷിയായിരുന്ന ബി.ഡി.ജെ.എസ് ഇത്തവണയും ആ പിന്തുണ തുടരുമോ എന്ന കാര്യത്തിലും വ്യക്തത ഇതുവരെ വന്നിട്ടില്ല. ബി.ജെ.പി പറഞ്ഞ വാഗ്ദാനം പാലിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ഒരു സ്ഥാനങ്ങളും ഇതുവരെ നല്‍കിയില്ലെന്നും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കും അച്ചന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരാതിയുണ്ട്. ഇതിന് ചെങ്ങന്നൂരില്‍ മറുപടി കൊടുക്കണമെന്നതാണ് നേതൃതലത്തിലെ പൊതു വികാരം. മാത്രമല്ല വെള്ളാപ്പള്ളിക്കെതിരായ പരാതികളിലെ അന്വേഷണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരായി നിലപാട് സ്വീകരിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിയുകയുമില്ല. ഇടത് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയോ അതല്ലെങ്കില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായമത്രെ. എന്നല്‍ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയെ പിണക്കിയാല്‍ അപകടമാകുമെന്ന ഭയം തുഷാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ടെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

കാര്യങ്ങള്‍ എങ്ങനെയായാലും ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ്സ്, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതൃത്വങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇവരുടെ നിലപാടുകളും പുറത്തുവരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more