1 GBP = 125.62
breaking news

‘ആക്ഷൻ ഹീറോ ബിജു’ സാമ്പത്തിക തർക്കം ഒത്തുതീർപ്പായി; നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ എഫ്ഐആർ റദ്ദാക്കി

‘ആക്ഷൻ ഹീറോ ബിജു’ സാമ്പത്തിക തർക്കം ഒത്തുതീർപ്പായി; നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ എഫ്ഐആർ റദ്ദാക്കി

കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു’ സിനിമയുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, നിർമാതാവ് പി.എസ്. ഷംനാസ് എന്നിവർ തമ്മിൽ നിലനിന്നിരുന്ന 1.9 കോടി രൂപയുടെ സാമ്പത്തിക തർക്കം ഒത്തുതീർപ്പായി. ഇതോടെ തർക്കവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി.

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ തലയോലപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും നിർമാതാവ് പി.എസ്. ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ബന്ധപ്പെട്ട കക്ഷികൾ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

പകർപ്പവകാശ തർക്കം കേസുകളിലേക്ക്

‘ആക്ഷൻ ഹീറോ ബിജു-2’ എന്ന ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് നിയമനടപടികളിലേക്ക് നീണ്ടത്. നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു ചിത്രത്തിന്റെ എല്ലാ അവകാശങ്ങളുമെന്ന് 2023ൽ നിവിൻ പോളിയും എബ്രിഡ് ഷൈനും ഷംനാസും തമ്മിൽ ഒപ്പിട്ട കരാറിൽ വ്യക്തമാക്കിയിരുന്നതായാണ് റിപ്പോർട്ട്.

എന്നാൽ, ഈ വിവരം മറച്ചുവെച്ച് ഫിലിം ചേംബറിൽനിന്ന് സിനിമയുടെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നാണ് ആരോപണം. ഇതിനായി നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖയും സമർപ്പിച്ചതായി പരാതിയുണ്ടായിരുന്നു.

ഫിലിം ചേംബറിൽനിന്നുള്ള രേഖകൾ അടിസ്ഥാനമാക്കി സിനിമയുടെ പൂർണാവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും നിവിൻ പോളിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ് നേടുകയും ചെയ്തു.

ഷംനാസിനെതിരെയും അന്വേഷണം

കോടതിയിൽ സമർപ്പിച്ച രേഖകളിലൂടെ തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതി പരിഗണിച്ച വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 2024 ജൂലൈ 29ന് ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിവിൻ പോളിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ് നേടിയ നടപടിയിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.

നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഷംനാസിനെതിരെ നേരത്തേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും കേസെടുത്തിരുന്നു.

ഇപ്പോൾ കക്ഷികൾ തമ്മിലുള്ള സാമ്പത്തിക തർക്കം ഒത്തുതീർപ്പിലെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട കേസുകളും റദ്ദാക്കിയിരിക്കുകയാണ്. ഏറെക്കാലമായി തുടരുന്ന നിയമപോരാട്ടത്തിനാണ് ഇതോടെ വിരാമമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more