മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമ യാഥാർഥ്യമാകാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ. സാധാരണ മലയാള സിനിമകളെക്കാൾ കൂടുതൽ ദിവസങ്ങൾ ചിത്രീകരണത്തിനായി ആവശ്യമായിരുന്നതിനാൽ മോഹൻലാലിന്റെ ഡേറ്റ് ലഭിക്കാത്തതാകാം സിനിമ ഉപേക്ഷിക്കപ്പെടാൻ കാരണമെന്നാണ് സംവിധായകന്റെ വിശദീകരണം.
മോഹൻലാലിനെ മനസ്സിൽ കണ്ടാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്നും മറ്റൊരു നടനെ നായകനാക്കി സിനിമ പുനർരൂപകൽപ്പന ചെയ്യുന്നത് എളുപ്പമല്ലെന്നും ജിത്തു മാധവൻ പറഞ്ഞു. ചിത്രത്തിൽ നിരവധി ആക്ഷൻ രംഗങ്ങൾ ഉൾപ്പെട്ടിരുന്നതിനാൽ ഷൂട്ടിങ് ദിവസങ്ങളുടെ എണ്ണം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“മോഹൻലാൽ സിനിമ ഉപേക്ഷിക്കേണ്ടിവന്നു. മറ്റൊരാളെ വെച്ച് ചെയ്യുന്നത് എളുപ്പമല്ല. മോഹൻലാലിനെ മനസ്സിൽവെച്ചാണ് എഴുതിയത്. അതിൽ മറ്റൊരാളെ സങ്കൽപ്പിച്ച് മാറ്റിയെഴുതാൻ പറ്റില്ല,” ജിത്തു മാധവൻ പറഞ്ഞു.
മോഹൻലാൽ തുടർച്ചയായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നതിനാൽ ചിത്രീകരണത്തിനായി ആവശ്യമായ ദിവസങ്ങൾ മാറ്റിവെക്കാൻ കഴിയാതിരുന്നതാകാം സിനിമ നടക്കാതെ പോകാൻ കാരണമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
തമിഴ് യൂട്യൂബ് ചാനലായ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ജിത്തു മാധവൻ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തേ ഇതേ ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ തന്നെയായിരുന്നു ജിത്തു മാധവനൊപ്പമുള്ള സിനിമയെക്കുറിച്ച് സൂചന നൽകിയത്. എന്നാൽ, വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ സംവിധായകരെക്കുറിച്ച് മോഹൻലാൽ സംസാരിച്ചപ്പോൾ ആ പട്ടികയിൽ ജിത്തു മാധവന്റെ പേര് ഉണ്ടായിരുന്നില്ല.
മോഹൻലാലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ആണ് മോഹൻലാലിന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ‘മേപ്പടിയാൻ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ഗംഗ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടക്കാനിരിക്കുകയാണ്. ഇതിനു പുറമേ പ്രിയദർശന്റെ നൂറാം ചിത്രം, ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘നെടുങ്കണ്ടം മിറാക്കിൾ’, സത്യൻ അന്തിക്കാട്, ജൂഡ് ആന്റണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിത്തു മാധവൻ. ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദ ബോയ്’ എന്ന ചിത്രത്തിന്റെ തിരക്കഥയും ജിത്തുവിന്റേതായിരുന്നു.
സൂര്യ നായകനാകുന്ന ‘സീൻ’ ആണ് ജിത്തു മാധവന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നസ്രിയ നസിം, നസ്ലിൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
click on malayalam character to switch languages