1 GBP = 125.67
breaking news

വിസ്മയ പൂരക്കാഴ്ചയൊരുക്കി കാർഗോ ഫോഴ്സ് – യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഇന്ന്; ക്രോളി എംപി ഡേവിഡ് ലാംബ് മേള ഉൽഘാടനം ചെയ്യും, യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റിയൻ മുഖ്യാതിഥി

വിസ്മയ പൂരക്കാഴ്ചയൊരുക്കി കാർഗോ ഫോഴ്സ് – യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഇന്ന്; ക്രോളി എംപി ഡേവിഡ് ലാംബ് മേള ഉൽഘാടനം ചെയ്യും, യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റിയൻ മുഖ്യാതിഥി

ക്രോളി: കലയുടെ വർണ്ണവിസ്മയങ്ങളും പ്രവാസി മലയാളി പ്രതിഭകളുടെ ആവേശകരമായ മാറ്റുരയ്ക്കലുമായി യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള ഇന്ന് രാവിലെ 8.30 മുതൽ ക്രോളി ഹേസിൽ വിക് സ്‌കൂളിലെ പ്രത്യേകം തയ്യാറാക്കിയ നാല് വേദികളിൽ കൊട്ടിക്കയറും.

യുകെ മലയാളി സമൂഹത്തിലെ കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും കലാപ്രതിഭകൾ ഒരേ വേദിയിൽ മത്സരത്തിന്റെ വിസ്മയ താളങ്ങൾ ചേർത്ത് വർണ്ണങ്ങൾ തീർക്കുന്ന കലാ പൂരം രാവിലെ 8.30 മുതൽ നാലു വേദികളിലായി അരങ്ങേറും.

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഔദ്യോഗികമായ ഉദ്ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ക്രോളി എംപി
ഡേവിഡ് ലാംബ് മേള ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. യുക്മ സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡൻ്റ് ജിപ്സൻ തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിന് റീജിയണൽ സെക്രട്ടറി സാംസൺ പോൾ സ്വാഗതം ആശംസിക്കും. തുടർന്ന് യുക്മ നാഷണൽ എക്സികുട്ടീവ് അംഗം സുരേന്ദ്രൻ ആർക്കോട്ട്, ക്രോളി കൗൺസിൽ ലീഡർ മൈക്കിൾ ജോൺസ്, ഡെപ്യൂട്ടി ലീഡർ ആത്തിഫ് നവാസ്, ഹോർളി ഈസ്റ്റ് ആൻ്റ് സാഫോൾഡ്സ് കൗൺസിലർ നേഹ ബൊഗാനി എന്നിവർ ആശംസകൾ അറിയിക്കും. ട്രഷറർ തേജു മാത്യു നന്ദി പറഞ്ഞ് അവസാനിക്കുന്ന യോഗത്തിന് ശേഷം കലാമത്സരങ്ങൾ തുടരും.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരയ്ക്കുന്നത്. കൂടുതൽ അസോസിയേഷനുകളും മത്സരാർത്ഥികളും ഇക്കുറി കലാമേളയുടെ ഭാഗമാകുമെന്നാണ് റീജിയണൽ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. അന്നൂറിലധികം മത്സരാർത്ഥികൾ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നതോടെ സൗത്ത് ഇസ്റ്റ് മലയാളികൾക്ക് ആവേശം നിറഞ്ഞ ഒരു കലാദിനത്തിനാണ് വേദിയാകുന്നത്.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ കലാവിഭാഗങ്ങളിലെ മത്സരങ്ങൾ വ്യത്യസ്ത വേദികളിലായി അരങ്ങേറും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ
യുക്മ നാഷണൽ ജോയിൻ സെക്രട്ടറി പീറ്റർ താണോലി വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

കലാമത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികളെ കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നൽകി ആദരിക്കും. ഇതോടൊപ്പം ഭാഷ കേസരി പട്ടം, നാട്യമയൂരം പട്ടം എന്നീ പുരസ്‌കാരങ്ങളും നൽകും. വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് അംഗീകാരം നൽകുന്നതോടൊപ്പം ദേശീയതലത്തിലേക്ക് മുന്നേറാനുള്ള അവസരവും റീജിയണൽ കലാമേള ഒരുക്കുന്നു.

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നാഷണൽ, റീജിയണൽ കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാലത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ വളർന്നുവരുന്ന മലയാളി പുതുതലമുറയ്ക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മലയാളത്തിന്റെ കലാ-സാംസ്കാരിക പൈതൃകവുമായി കൂടുതൽ അടുത്തുനിൽക്കാനും കലാമേളകൾ മികച്ച അവസരമാണ് ഒരുക്കുന്നത്.

കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായവിഭാഗങ്ങളിലുള്ള കലാപ്രതിഭകൾ ഒരേ വേദിയിൽ ഒത്തുചേരുന്നതോടെ സൗത്ത് ഈസ്റ്റിലെ മലയാളി സമൂഹത്തിന്റെ വലിയൊരു സാംസ്കാരിക സംഗമം കൂടിയായി കലാമേള മാറും. കലാപ്രകടനങ്ങൾ നേരിൽ കണ്ടാസ്വദിക്കുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നോർത്ത് വെസ്റ്റിലെ മുഴുവൻ മലയാളികളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കും സുഗമമായി പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ വിവിധ വേദികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ വേദികളിലായി ഒരേസമയം മത്സരങ്ങൾ നടക്കുന്നതിനാൽ സമയബന്ധിതമായി കലാമേള പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളും സംഘാടകർ നടത്തിയിട്ടുണ്ട്.

റീജിയണൽ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രതിഭകൾക്ക് ദേശീയ വേദിയിലേക്കും അവസരം ലഭിക്കും. റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ലഭിക്കുന്നവർക്കാണ് നവംബർ ഏഴിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനേഴാമത് ദേശീയ കലാമേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. അതിനാൽ തന്നെ വിജയകിരീടത്തിനൊപ്പം ദേശീയ കലാമേളയിലേക്കുള്ള പ്രവേശനവും ലക്ഷ്യമിട്ടുള്ള ആവേശകരമായ മത്സരങ്ങൾക്കാണ് ക്രോളി നാളെ സാക്ഷ്യം വഹിക്കുക.

കലാമേളയിൽ പങ്കെടുക്കാനെത്തുന്നവർക്കായി സ്കൂളിന്റെ അങ്കണത്തിൽ തന്നെ പാർക്കിംഗ് സൗകര്യം ലഭ്യമാണ്. സ്കൂൾ കോമ്പൗണ്ടിലെ പ്രോട്ടോകോൾ എല്ലാവരും കർശനമായി പാലിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ട് പ്രോട്ടോകോൾ അനുസരിച്ച് മദ്യം, സിഗരറ്റ് എന്നിവ പരിപാടി നടക്കുന്ന സ്ഥലത്ത് പൂർണമായും നിഷിദ്ധമാണ്.

രുചിവിരുന്നുമായി കേറ്ററിംഗ് പാർട്ണർ
ദി കേരളാ റസ്റ്റോറൻ്റ്

കലാമേളയുടെ ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടാൻ കേറ്ററിംഗ് പാർട്ണർ
ദി കേരളാ റസ്റ്റോറൻ്റ് ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കും. മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമായി ഭക്ഷണശാലയുടെ സേവനം ദിവസം മുഴുവൻ ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

അറുന്നൂറിലധികം മത്സരാർത്ഥികൾ, വിവിധ വേദികളിലായി അരങ്ങേറുന്ന കലാമത്സരങ്ങൾ, കലാതിലക-കലാപ്രതിഭ പട്ടങ്ങൾക്കായുള്ള പോരാട്ടം, ദേശീയ കലാമേളയിലേക്കുള്ള യോഗ്യതാ മത്സരങ്ങൾ എന്നിവ ചേർന്ന് സൗത്ത് ഈസ്റ്റ് റീജണൽ കലാമേള ഇന്ന് കോളിയിൽ കലയുടെ പൂരക്കാഴ്ചയൊരുക്കും.

കലാമേള കുറ്റമറ്റതും ഭംഗിയായും നടത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി
ഭാരവാഹികൾ അറിയിച്ചു

കലാമേള വേദിയുടെ വിലാസം:

Hazelwick School Cl, Three Bridges, Crawley RH10 1SX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more