ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവിവിലേക്ക് പുറപ്പെട്ട ഫ്ലൈഡുബായ് (FZ1073) വിമാനത്തിൽ കോക്പിറ്റിനുള്ളിൽ പൈലറ്റുമാർ തമ്മിലുണ്ടായ ആക്രമണത്തെത്തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. കോ പൈലറ്റ് ക്യാപ്റ്റനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സ്ഥിരീകരിച്ചു.
കോക്പിറ്റിനുള്ളിൽ സഹപൈലറ്റുമായി ഉണ്ടായ സംഘർഷത്തിനിടെ വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞ ഫ്ലൈദുബായ് പൈലറ്റിനെ ഇന്ത്യൻ വ്യോമയാന ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ സ്മിത് മച്ച്ഛർ എന്നാണ് തിരിച്ചറിഞ്ഞത്. ദുബായ്–തെൽ അവീവ് വിമാനത്തിലെ 180ഓളം യാത്രക്കാരുടെ ജീവൻ രക്ഷിച്ചതായി പറയപ്പെടുന്ന ക്യാപ്റ്റൻ മച്ച്ഛർ, വിമാനത്തിന്റെ സംവിധാനങ്ങൾ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സഹപൈലറ്റിനെ നേരിടുകയായിരുന്നു.
സംഘർഷത്തിനിടെ കുത്തേറ്റ ക്യാപ്റ്റൻ മച്ച്ഛറിന് പരിക്കേൽക്കുകയും രക്തത്തിൽ കുളിച്ച നിലയിലാകുകയും സംസാരിക്കാൻ പോലും ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിൽ യാത്രക്കാർ അദ്ദേഹത്തെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് അഭിനന്ദിക്കുന്നതും കാണാം.
യു.ടി.സി സമയം 03:05-ന് (ജി.എം.ടി) വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തെൽ അവിവിലേക്ക് യാത്രതിരിച്ചത്. യു.ടി.സി 05:21-ഓടെ വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് മാറ്റങ്ങൾ പ്രകടമായി. തുടർന്ന് 05:22-ഓടെ വെറും 30 സെക്കൻഡിനുള്ളിൽ 14,000 അടിയിലധികം ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു. അടിയന്തര സന്ദേശങ്ങൾ: 05:31-ന് വിമാനത്തിൽ നിന്ന് പൊതുവായ അടിയന്തര സന്ദേശമായ സ്ക്വാക്ക് 7700 (Squawk 7700) സന്ദേശം നൽകി. തുടർന്ന് 05:38-ഓടെ വിമാനം തട്ടിയെടുക്കൽ അല്ലെങ്കിൽ അനധികൃത ഇടപെടൽ വ്യക്തമാക്കുന്ന സ്ക്വാക്ക് 7500 (Squawk 7500) സന്ദേശവും നൽകി.
അവസാന സിഗ്നൽ: സൗദി സമയം രാവിലെ 8:44-നാണ് വിമാനത്താവളത്തിൽ അടിയന്തര സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് യു.ടി.സി 06:58-ന് സൗദി അറേബ്യയിലെ തബൂക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഏകദേശം 150-ഓളം ഇസ്രായേൽ യാത്രക്കാരുമായി പറന്ന വിമാനത്തിലെ കോ പൈലറ്റ് (ഒമാൻ സ്വദേശിയെന്ന് കരുതപ്പെടുന്നു) ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ യാത്രക്കാരിലൊരാളും ക്യാബിൻ ക്രൂവും ചേർന്ന് കോക്പിറ്റിൽ പ്രവേശിച്ച് അക്രമിയെ കീഴടക്കി. ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തര ലാൻഡിംഗ് നടത്തുകയുമായിരുന്നു.
ആക്രമണത്തിൽ ഇരു പൈലറ്റുമാർക്കും പരിക്കേറ്റിട്ടുണ്ട്. തബൂകിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ പൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സൗദിയിൽ കുടുങ്ങിയ യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഇസ്രായേൽ ആരംഭിച്ചിട്ടുണ്ട്.
click on malayalam character to switch languages