ചിരി ഒരു വികസന പ്രവര്‍ത്തനമാണെന്ന തമാശ പറഞ്ഞ് ചിരിയെക്കുറിച്ച് ചിന്തിപ്പിച്ചിട്ടുണ്ട് മലയാളികളുടെ പ്രിയപ്പെട്ട സലിമേട്ടനെന്ന സലിം കുമാര്‍. ചുരുങ്ങിയിരിക്കുന്ന ചുണ്ടിന്റെ കോണുകളെ വലിച്ചുനീട്ടുന്ന വികസനമെന്നാണ് അതിന് സലിം കുമാര്‍ തന്നെ നല്‍കിയ വിശദീകരണം. സലിം കുമാര്‍ നമ്മുടെ ജീവിതത്തിലെവിടെയൊക്കെയോ പടര്‍ത്തിയ ചിരി നമ്മുടെ നിത്യജീവിതത്തിലെ പദസമ്പത്തുകളെ, നമ്മുടെ വികാരങ്ങള്‍ക്കും കുസൃതികള്‍ക്കും മുഖം നല്‍കിയ മീമുകളെ, പുതിയ ചിത്രങ്ങളില്‍പ്പോലും വരുന്ന ഐക്കോണിക് കഥാപാത്രങ്ങളുടെ റെഫന്‍സുകളെ ഒക്കെ വികസിപ്പിച്ചുകൊണ്ട് എന്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സലിം കുമാറിന്റെ ഡയലോഗുകളോ മീമുകളോ ഓര്‍ക്കാതെ ഒരാഴ്ചയെങ്കിലും കടന്നുപോകാറുണ്ടോ?
സംസാരിക്കാന്‍ കഴിയാത്ത പെണ്‍കുട്ടിയുടെ കല്യാണം മുടങ്ങിയ സിറ്റുവേഷനെ ഒന്ന് ലൈറ്റാക്കാന്‍ സലിം കുമാര്‍ കൈയില്‍ നിന്നിട്ട ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന ഡയലോഗ് എത്രയെത്ര ജീവിതാവസ്ഥകളെ ലൈറ്റാക്കാന്‍ നമ്മള്‍ എടുത്ത് ഉപയോഗിച്ച് കാണും? സ്വന്തം കബളിപ്പിക്കല്‍ അആവര്‍ത്തിച്ചാവര്‍ത്തിച്ച് പറ്റിക്കാന്‍ പറഞ്ഞ ആ നുണ സത്യമാകാന്‍ സാധ്യതയുണ്ടല്ലോ എന്ന് സ്വയം വിശ്വസിച്ച് പോകുന്ന മനുഷ്യാവസ്ഥയെ ഒറ്റവാക്കില്‍ ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ എന്ന് പറഞ്ഞ് ഒതുക്കാം. കാണാന്‍ ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന ഡയലോഗ് തമാശയെങ്കിലും അതിലെവിടെയോ ഒരു വേദനയുടെ അടിയൊഴുക്കുമുണ്ട്.
‘ഇതെന്ത് മറിമായം… എനിക്ക് പ്രാന്തായതാണോ നാട്ടുകാര്‍ക്ക് മുഴുവന്‍ പ്രാന്തായതാണോ’ എന്ന ഡയലോഗും അത് പറഞ്ഞ് ഫലിപ്പിച്ച സലിം കുമാറിന്റെ ശരീരഭാഷയും മുഖഭാവവും നമ്മള്‍ എത്രയാവര്‍ത്തി പറഞ്ഞാലും കണ്ടാലും ഇപ്പോഴും ഫ്രഷാണ്. ടൂ ഫാമിലീസ് അറ്റാച്ച്ഡ്… എന്ന ഇംഗ്ലീഷ് വിശദീകരണം എത്ര നീണ്ടതെങ്കിലും 90’s കിഡ്‌സിന് തെറ്റാതെ പറയാനാകും.
നഗരത്തിന്റെ ദുര്‍ഗന്ധം അനുഭവിക്കേണ്ടി വരുമ്പോള്‍ ഉം… കൊച്ചിയെത്തി എന്നും മണ്ടത്തരം പറയുന്നു കൂട്ടുകാരനോട് ധര്‍മ്മേന്ദ്ര… തത്വമസി എന്ന് പറയാനും കൂട്ടുകാര്‍ അബദ്ധത്തില്‍പ്പെടുമ്പോള്‍ ഈശ്വരാ ഇവിടെ ആരുമില്ലല്ലോ ഇതൊക്കെ പറഞ്ഞ് ചിരിക്കാന്‍ എന്ന് പറയാനും ചെറിയ തെറ്റുപറ്റിയാല്‍ മാപ്പുതേടാന്‍ ഐയാം ദി സോറി അളിയാ എന്ന് പറയാം വലിയ തെറ്റുപറ്റിയത് പറഞ്ഞ് നാറ്റിക്കല്ലേ എന്ന് പറയാന്‍ ഒരു കൈയ്യബദ്ധം നാറ്റിക്കരുതെന്ന് പറയാനും കുളിക്കാത്ത ഫ്രണ്ടിനെ കളിയാക്കാന്‍ അത് വന്ത് തണ്ണി എനിക്ക് അലര്‍ജി എന്ന് പറയാനും കിട്ടാത്ത പ്രതിഫലം കിട്ടാത്തപ്പോള്‍ പോക്കറ്റിലൂതി നന്ദി മാേ്രത ഉള്ളല്ലേ എന്ന് പറയാനും നന്നായി പണിയെടുപ്പിക്കുമ്പോള്‍ ഞാന്‍ അടിമക്കണ്ണാണോ എന്ന് ചോദിക്കാനും വാഹനം കഴുകുമ്പോള്‍ ആ മോട്ടര്‍ വെഹിക്കിള്‍ ആക്ട് ഓര്‍മിക്കാനും വെറുതേ സ്‌കൂളിപ്പോയി സമയം കളഞ്ഞുവെന്ന് പരിതപിക്കാനും നമ്മുക്ക് ഓട്ടോമാറ്റിക്കായി പറ്റുന്നത് അതെല്ലാം നമ്മുടെ ഹൃദയത്തിലുള്ളതിനാലാണ്.
ഭീകരനാണവന്‍ കൊടുംഭീകരന്‍, ഈ കലവറ നമ്മുക്ക് ഒരു മണിയറയാക്കാം, നാറിയല്ല പ്യാരി, ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാ, ആരും പേടിക്കേണ്ട ഓടിക്കോ, തത്പരകക്ഷിയല്ല, പടക്കം എന്നുമെനിക്കൊരു വീക്ക്‌നെസ് ആയിരുന്നു, കന്നിമാസം വന്നോയെന്ന് അറിയാന്‍ പട്ടിക്ക് കലണ്ടര്‍ നോക്കേണ്ട തുടങ്ങി സലിം കുമാറിന്റെ പ്രൈം കാലത്തെ ഡയലോഗുകളൊന്നുപോലും നമ്മുടെ മനസില്‍ ഒരു ചിരി അവശേഷിപ്പിക്കാതിരിക്കുന്നില്ല. ഐക്കണുകളായി മാറിയ കഥാപാത്രങ്ങളേയും വിസ്മയകരമായ പെര്‍ഫോര്‍മന്‍സുകളേയും ബാക്കിവച്ചാണ് മലയാളിയുടെ സലിമേട്ടന്‍ യാത്രയാകുന്നത്.
click on malayalam character to switch languages