1 GBP = 121.16

പ്രതിസന്ധിയില്‍ സിപിഐ; പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോവുന്നു; മൗനത്തിലായി നേതൃത്വം

പ്രതിസന്ധിയില്‍ സിപിഐ; പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോവുന്നു; മൗനത്തിലായി നേതൃത്വം


സമാനതകളില്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലൂടേയാണ് സിപിഐ കടന്നുപോവുന്നത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത് സിപിഐക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഐയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കൊല്ലം ജില്ലയിലാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടിയോട് വിടപറഞ്ഞത്. കൊല്ലം കുണ്ടറയിലും കുന്നിക്കോടുമാണ് പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കുണ്ടായത്. സിപിഐയുടെ ശക്തികേന്ദ്രമായി അറിപ്പെടുന്ന കുന്നിക്കോട് നൂറോളം പേരാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേക്കേറിയതോടെ ഇടത് മുന്നണിക്ക് വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സിപിഐ ദേശീയ കമ്മിറ്റി അംഗമായ പ്രകാശ് ബാബുവിന്റെ തട്ടകമാണ് കൊല്ലം കുന്നിക്കോട്.

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സി പി ഐയില്‍ വന്‍ പൊട്ടിത്തെറിയുണ്ടായത്. നേതൃത്വവുമായുണ്ടായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിന് കഴിയാതെ വന്നതോടെയാണ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പാര്‍ട്ടി വിട്ടത്. എറണാകുളം ജില്ലയില്‍ സി പി ഐ ക്ക് വേരുകളുള്ള ഏക മണ്ഡലം പറവൂരാണ്. പറവൂര്‍ മുന്‍ എം എല്‍ എയായിരുന്ന കെ രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഒരു വിഭാഗം നേതാക്കളും അണികളും സി പി ഐയോട് വിടപറയാന്‍ കാരണം. പാര്‍ട്ടി വിട്ടവര്‍ സിപിഐഎമ്മില്‍ ചേര്‍ന്നതോടെ എറണാകുളം ജില്ലയിലെ സിപിഐ -സിപിഐഎം ബന്ധം ഉലഞ്ഞിരിക്കുകയാണ്.

നേരത്തെ സിപിഐഎമ്മിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഉദയം പേരൂരില്‍ കെ രഘുവരന്റെ നേതൃത്വത്തില്‍ നൂറുക്കണക്കിന് സിപിഐഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. നോര്‍ത്ത് പറവൂരില്‍ സി പി ഐയില്‍ ഉണ്ടായ പൊട്ടിത്തെറി പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വടം വലിയാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ജില്ലാകമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും മറ്റും ഉണ്ടാവുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

തിരുവനന്തപുരത്ത് എഐടിയുസി ജില്ല സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നതയാണ് തിരിച്ചടിക്ക് കാരണമായത്. ഒരു മുന്നേറ്റവും നടത്താന്‍ കഴിയാത്തതാണ് സി പി ഐയെ വെട്ടിലാക്കുന്നത്. കെ ഇ ഇസ്മയില്‍ വിഭാഗത്തെ പൂര്‍ണമായും അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചതാണ് പാര്‍ട്ടിയില്‍ വിഭാഗീയത വര്‍ധിക്കാന്‍ കാരണം.കാനത്തിന്റെ മരണത്തോടെ പാര്‍ട്ടിയില്‍ ഉണ്ടായ അധികാരതര്‍ക്കം സി പി ഐയില്‍ ഭിന്നത രൂക്ഷമാക്കി. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കവും സി പി ഐയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. സി പി ഐ അസി. സെക്രട്ടറിയായിരുന്ന അഡ്വ പ്രകാശ് ബാബുവിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടിയുണ്ടായതും വിഭാഗീതയ ശക്തമാക്കി. ഈ വിഭാഗീയതയുടെ ബാക്കി പത്രമാണ് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാക്കിയതും കൊഴിഞ്ഞുപോക്ക് വ്യാപകമായതും.

പാര്‍ട്ടിയില്‍ നിന്നും അടിക്കടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചുപുറത്തുപോവുന്നത് സംസ്ഥാന നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കയാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സി പി ഐയില്‍ ഉണ്ടായിരിക്കുന്ന കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തുന്നതാണെന്ന നിഗമനത്തിലാണ് ഒരുവിഭാഗം നേതാക്കള്‍.

പ്രാദേശികമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് നിരവധി പേര്‍ പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചതെന്നാണ് ആരോപണം. ജനകീയരായ നേതാക്കളെ തിരഞ്ഞുപിടിച്ച് നടപടിക്ക് വിധേയമാക്കിയത് കനത്ത തിരിച്ചടിക്ക് കാരണമായി. സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ രാജുവിനെതിരെ ഒരു വിഭാഗം നേതാക്കള്‍ നടത്തിയ ഗൂഢാലോചനാ ആരോപണത്തില്‍ തുടങ്ങിയ വിഭാഗീയതയില്‍ പുകഞ്ഞ പാര്‍ട്ടിയില്‍ നിന്നും ജില്ലാ പഞ്ചായത്ത് അംഗം അടക്കമുള്ള പ്രമുഖ നേതാക്കള്‍ രാജിവെക്കുകയായിരുന്നു. വ്യാജ ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും തരം താഴ്ത്തപ്പെട്ട രാജുവിനെ മാനസികമായി തകര്‍ത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയവര്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങുകയായിരുന്നു.

തിരുവനന്തപുരത്ത് മീനാങ്കല്‍ കുമാറിനെതിരെയുള്ള പാര്‍ട്ടി നടപടിയും സിപിഐക്ക് ബാധ്യതയായി മാറിയിരിക്കയാണ്. പ്രാദേശിക വികാരം മാനിക്കാതെയുള്ള നടപടികളാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.കേരളത്തില്‍ പലയിടങ്ങളിലായി സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നതില്‍ സംസ്ഥാന നേതൃത്വം ഇതേവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more