1 GBP = 121.06
breaking news

നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ


പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.

യാതൊരു ഭയമില്ലാതെയും കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല. അതിനിടെ ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കളും അമ്മയും പറഞ്ഞു. ഇതിനിടെ ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി പുഷ്പ തമിഴ്നാട്ടിലേക്ക് പോയെന്ന് ബന്ധുക്കൾ പറഞ്ഞു.

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങിപോയതോടെ ചെന്തമാരയ്ക്ക് നാടിനോടും നാട്ടുകാരോടുമുണ്ടായിരുന്നത് കൊടും പകയായിരുന്നു. ഭാര്യയും മക്കളും വീടുവിട്ട്‌ പോയത് അയൽക്കാർ കാരണമാണെന്നും ഇവരുടെ കൂടോത്രമാണെന്നുമുള്ള സംശയവും ചില അന്തവിശ്വാസങ്ങളുമായിരുന്നു ചെന്താമരയുടെ പകയ്ക്ക് കാരണം. ഒടുക്കം 2019 ഓഗസ്റ്റ് 31 ന് അയൽവാസിആയ സജിത ആ പകയുടെ ആദ്യ ഇരയായി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറി സജിതയെ ചെന്താമര വെട്ടികൊന്നു. കൊലപാതകശേഷം ഇയാൾ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക്‌ രക്ഷപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ സെപ്തംബർ മൂന്നിന് പൊലീസ്‌ പിടിയിലായി. പിന്നീട് ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര നാട്ടുകാർക്ക് നേരെ നിരന്തരം ഭീഷണി ഉയർത്തി. അയൽക്കാരിയായ മറ്റൊരു സ്ത്രീയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ജാമ്യവ്യവസ്ഥ ലംഘിച്ച് പോത്തുണ്ടിയിലെ ബോയെൻ കോളനിയിലെ വീട്ടിൽ തുടർന്ന ഇയാൾ 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷമിയെയും വെട്ടി കൊലപ്പെടുത്തി. ശേഷം ഒളിവിൽ പോയി. 36 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ പ്രതിയെ പൊലീസ് പിടികൂടി.
സജിത വധക്കേസിൽ ചെന്താമരയുടെ ഭാര്യ, സഹോദരൻ, സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. 2020 ലാണ് കുറ്റപ്രത്രം സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ ഓഗസ്‌റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു. 2025 മെയ് മാസത്തിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഒക്ടോബർ 5 ന് വാദം പൂർത്തിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more