1 GBP =
breaking news

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ടെല്‍ അവീവ്: ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള കരാര്‍ അംഗീകരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ലോകം.

ഗാസയില്‍സമാധാനത്തിനുളള ട്രംപിന്റെ ഇരുപതിന പദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ചതോടെയാണ് സമാധാന ചര്‍ച്ചകള്‍ക്കുളള വഴി വീണ്ടും തുറക്കുന്നത്. ഇസ്രയേല്‍-ഹമാസ് മധ്യസ്ഥര്‍ക്കൊപ്പമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഗാസയില്‍ പ്രാരംഭ സൈനിക പിന്‍മാറ്റത്തിനുള്ള രേഖ ഇസ്രയേല്‍ അംഗീകരിച്ചതായി ട്രംപ് അറിയിച്ചിട്ടുണ്ട്.

കരാര്‍ ഉടന്‍ അംഗീകരിക്കണമെന്ന മുന്നറിയിപ്പും ഹമാസിന് ട്രംപ് നല്‍കി. ബന്ദികളെ ഉടന്‍മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. വേഗത്തില്‍ തീരുമാനമെടുക്കാത്തപക്ഷം എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതിനിടെ ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ വരും ദിവസങ്ങളില്‍ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസ് നിരായുധീകരിക്കപ്പെടും. ഗാസയില്‍നിന്ന് ഇസ്രയേല്‍പൂര്‍ണമായി പിന്മാറില്ലെന്നും നെതന്യാഹു സൂചന നല്‍കിയിരുന്നു. സമാധാന ശ്രമങ്ങള്‍മുന്നോട്ട് പോകുമ്പോഴും ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചിട്ടില്ല.

അതേസമയം, ഗാസയ്ക്ക് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ഫ്‌ലോട്ടിലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും വ്യക്തമാക്കി. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ തുടങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷമാവുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more