വാഷിങ്ടൺ: ഇലോൺ മസ്‌ക് പുതുതായി പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടിയെ ‘വിഡ്ഢിത്തം’ എന്ന് പരിഹസിച്ച് തള്ളി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൂന്നാമതൊരു കക്ഷി ആരംഭിക്കുന്നത് വിഡ്ഢിത്തമെന്നാണ് കരുതുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് വമ്പിച്ച വിജയമുണ്ട്. ഡെമോക്രാറ്റുകൾക്ക് വഴിതെറ്റിപ്പോയി. ഇത് എല്ലായ്പ്പോഴും ഒരു ദ്വികക്ഷി സംവിധാനമാണ്, ഒരു മൂന്നാം കക്ഷി ആരംഭിക്കുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുമെന്ന് ഞാൻ കരുതുന്നു -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിന്നീട് തന്‍റെ ട്രൂത്ത് സോഷ്യലിൽ ട്രംപ് കൂടുതൽ വിമർശനവുമായെത്തി. ഇലോൺ മസ്‌ക് പൂർണ്ണമായും പാളം തെറ്റുന്നത് കാണുന്നതിൽ എനിക്ക് സങ്കടമുണ്ട്, കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ ഒരു ട്രെയിൻ അപകടം പോലെയായി മസ്ക് മാറിയിട്ടുണ്ട് -ട്രംപ് പറഞ്ഞു.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് പകരം ബിസിനസ്സിലാണ് മസ്ക് ശ്രദ്ധിക്കേണ്ടതെന്നാണ് ട്രംപിന്റെ ഫിനാൻസ് സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. അമേരിക്ക പാർട്ടിയെന്ന പേരിലാണ് പുതിയ പാർട്ടി. നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരാനായി അമേരിക്ക പാർട്ടി രുപീകരിക്കുന്നു. രണ്ടിൽ ഒന്ന് അമേരിക്കക്കാരനും രാഷ്ട്രീയബദൽ വേണമെന്ന ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ രാജ്യം മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാകുന്ന കാര്യം വരുമ്പോൾ നമ്മൾ ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ് ജീവിക്കുന്നതെന്ന് പറയേണ്ടി വരും. അമേരിക്കയിൽ ഏകകക്ഷി സംവിധാനമാണ് നിലവിലുള്ളത്. ഏകകക്ഷി സംവിധാനത്തെ നമ്മകൾ തകർക്കാൻ പോവുകയാണ്. യുദ്ധമുഖത്ത് കൃത്യമായ സ്ഥലത്ത് ആക്രമണം നടത്തി നാശമുണ്ടാക്കാനാണ് ശ്രമിക്കുന്നത് -എന്നാണ് മസ്ക് പറഞ്ഞത്.
ഉറ്റ ചങ്ങാതിമാരായിരുന്ന ട്രംപും മസ്കും ഇപ്പോൾ കടുത്ത പോരിലാണ്. 2024 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിനൊപ്പം മസ്‌ക് പതിവ് സാന്നിധ്യമായിരുന്നു. കൂടാതെ ദശലക്ഷക്കണക്കിന് ഡോളറും ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ, വൻ മാറ്റങ്ങളുമായി ട്രംപ് അവതരിപ്പിച്ച നികുതി ബില്ലാണ് ഇവരെ അകറ്റിയത്.
click on malayalam character to switch languages