വാഷിങ്ടൺ: അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നികുതി, ചെലവ് ബിൽ സെനറ്റിന് പിന്നാലെ ജനപ്രതിനിധി സഭയും പാസാക്കി. അധികാരത്തിലെ രണ്ടാമൂഴത്തിൽ ട്രംപിന്റെ ആദ്യ പ്രധാന നിയമനിർമാണ വിജയമാണ് ഇത്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കുകയും സാമൂഹിക സുരക്ഷ പദ്ധതികൾക്കുള്ള ചെലവുകൾ വെട്ടിക്കുറക്കുകയും ചെയ്യുന്ന ബിൽ നിയമമാക്കുന്നതിന് പ്രസിഡന്റിന് തിരിച്ചയച്ചിരിക്കുകയാണ്.
അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനകം ‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ എന്ന് വിശേഷിപ്പിച്ച ബിൽ ഇരുസഭകളിലും പാസാക്കി തന്റെ ഓഫിസിലേക്ക് അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഈ തീയതി പാലിക്കാൻ ഇരുസഭകളിലും നേരിയ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് ഏറെ വിയർക്കേണ്ടി വന്നു. സെനറ്റിൽ മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തതിനാൽ 50-50ന് തുല്യതയിലായപ്പോൾ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കാസ്റ്റിങ് വോട്ടിലാണ് ബിൽ പാസായത്. ജനപ്രതിനിധിസഭയിലും ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പ് ബില്ലിന് ഭീഷണിയായിരുന്നു. ഒടുവിൽ, ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾക്കൊപ്പം രണ്ട് ഭരണകക്ഷി അംഗങ്ങളുടെ എതിർപ്പിനിടയിലും 218-214 എന്ന നിലയിൽ ബിൽ പാസാക്കാനായി.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഊർജിതമാക്കാനും മെക്സികോ അതിർത്തിയിൽ മതിൽ പണിയുകയെന്ന ട്രംപിന്റെ സ്വപ്നം സാക്ഷാത്കരിക്കാനും നിയമം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി എന്നിവക്കും മറ്റ് ഹരിതോർജ പദ്ധതികൾക്കുമായി ബൈഡൻ ഭരണകൂടം കൊണ്ടുവന്ന നികുതി ഇളവുകൾ നിർത്തലാക്കും. ട്രംപിന്റെ ആദ്യ ഊഴത്തിൽ 2017ൽ കൊണ്ടുവന്ന നികുതി ഇളവുകൾ സ്ഥിരപ്പെടുത്തുന്നതാണ് ബിൽ.
സേവനങ്ങൾക്ക് ലഭിക്കുന്ന ടിപ്പുകൾ, ഓവർടൈം ജോലിക്കുള്ള വേതനം, കാർവായ്പ പലിശ എന്നിവയെ നികുതി മുക്തമാക്കും. ഈ നികുതി ഇളവുകളിലൂടെ ലക്ഷക്കണക്കിന് ഡോളറാണ് ഖജനാവിന് നഷ്ടമാവുക. പാവപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം നൽകുന്ന മെഡിക്എയ്ഡ്, പോഷകാഹാര പദ്ധതി എന്നിവക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയാണ് ഇതിന് പ്രതിവിധിയായി ബിൽ കാണുന്നത്. 10 വർഷത്തിനകം 4.5 ലക്ഷം കോടി ഡോളറിന്റെ നികുതി ഇളവുകളാണ് ബില്ലിൽ വിഭാവനം ചെയ്യുന്നത്. ചെലവ് ചുരുക്കലിലൂടെ 1.1 ലക്ഷം കോടി ഡോളർ ലാഭിക്കാമെന്നും കണക്കുകൂട്ടുന്നു. ഇതുവഴി രാജ്യത്തിന്റെ മൊത്തം കടബാധ്യതയിൽ 3.4 ലക്ഷം കോടി ഡോളറിന്റെ വർധനയുണ്ടാകും. നിലവിൽ 36 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ കടം.
ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം താൽക്കാലികമായി മരവിപ്പിച്ചതിെന്റ കാലാവധി ജൂലൈ ഒമ്പതിന് അവസാനിക്കാനിരിക്കേ, വെള്ളിയാഴ്ച മുതൽ ഓരോ രാജ്യത്തിനുമുള്ള തീരുവ സംബന്ധിച്ച് കത്തുകൾ അയച്ചുതുടങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇടക്കാല വ്യാപാര കരാർ സംബന്ധിച്ച് ഇനിയും പ്രഖ്യാപനം വന്നിട്ടില്ലാത്തതിനാൽ ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നതാണ് ട്രംപിെന്റ പ്രസ്താവന.
ഓരോ രാജ്യത്തിനും ഈടാക്കുന്ന തീരുവ എത്രയായിരിക്കുമെന്ന് അറിയിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. 170ലധികം രാജ്യങ്ങളുമായി അമേരിക്ക ഇടപാടുകൾ നടത്തുന്നുണ്ട്. ഈ രാജ്യങ്ങളുമായി നല്ല കരാറുകളുണ്ടാക്കാൻ കഴിയും. പക്ഷേ, അവ വളരെ സങ്കീർണമാണ്. നിലനിർത്താനും നിയന്ത്രിക്കാനും കഴിയുന്ന ലളിതമായ ഒരു കരാറാണ് ആഗ്രഹിക്കുന്നത് -ട്രംപ് പറഞ്ഞു. വിയറ്റ്നാം, ചൈന ഉൾപ്പെടെ രാജ്യങ്ങളുമായി വ്യാപാരക്കരാർ ഒപ്പുവെച്ചതായി ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യ-യു.എസ് വ്യാപാരക്കരാർ ഒപ്പുവെച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കായി വാഷിങ്ടണിലെത്തിയ ഇന്ത്യൻ സംഘം ഒരാഴ്ചയോളം ചർച്ച നടത്തിയെങ്കിലും പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. ജൂലൈ എട്ടിനു മുമ്പ് പ്രാഥമിക കരാർ ഒപ്പുവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, തർക്കത്തിലുള്ള കാർഷിക, ക്ഷീര മേഖലകളെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തില്ലെന്നും തുടർചർച്ചകളിൽ തീരുമാനമുണ്ടാകുമെന്നുമാണ് സൂചന.
click on malayalam character to switch languages