1 GBP = 116.64
breaking news

കോടതിയലക്ഷ്യം: ശൈഖ് ഹസീനക്ക് ആറ് മാസം ജയിൽശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

കോടതിയലക്ഷ്യം: ശൈഖ് ഹസീനക്ക് ആറ് മാസം ജയിൽശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയെ കോടതിലക്ഷ്യക്കേസിൽ ആറ് മാസത്തെ ജയിൽശിക്ഷക്ക് വിധിച്ചു. കോടതിയലക്ഷ്യ കേസിൽ ബുധനാഴ്ച ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണലിന്‍റെ മൂന്നംഗ ബെഞ്ചാണ് ഹസീനയെ കുറ്റക്കാരിയെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. രാജ്യത്തുനിന്ന് കടന്ന ഹസീന തിരികെയെത്തി കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്ന ദിവസം മുതൽ ശിക്ഷ നടപ്പാക്കാനാണ് ഉത്തരവെന്ന് ധാക്ക ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ അവാമി ലീഗിന്‍റെ വിദ്യാർഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗ് നേതാവ് ശക്കീൽ അഖണ്ഡ് ബുൽബുലുമായി ശൈഖ് ഹസീന നടത്തിയ ഫോൺ സംഭാഷണമാണ് കേസിനാധാരം. തനിക്കെതിരെ 227 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അതുവഴി 227 പേരെ കൊല്ലാനുള്ള ലൈസൻസ് സ്വന്തമാക്കിയെന്നും ഹസീന പറയുന്നതായുള്ള ശബ്ദമാണ് കുറ്റകരമായി കണ്ടെത്തിയത്. നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് ഹസീനയുടെ പരാമർശമെന്ന് വിലയിരുത്തിയാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഇതേ കേസിൽ ബുൽബുലിന് രണ്ട് മാസത്തെ ജ‍യിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.

വിദ്യാർഥി പ്രക്ഷോഭത്തിനു പിന്നാലെയുണ്ടായ കലാപത്തിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീന, 2024 ആഗസ്റ്റിൽ ഇന്ത്യയിൽ അഭയം തേടിയിരുന്നു. സംവരണ നയത്തിൽ പ്രതിഷേധിച്ച് ജൂലൈ മുതൽ ആഗസ്റ്റ് വരെ നടന്ന പ്രക്ഷോഭത്തിൽ 1400 പേർ കൊല്ലപ്പെട്ടെന്നാണ് യു.എന്നിന്‍റെ കണക്ക്. ഹസീന മന്ത്രിസഭയിലെ നിരവധിപേർ ബംഗ്ലാദേശിൽ കുറ്റവിചാരണ നേരിടുകയാണ്. നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിലവിൽ ബംഗ്ലാദേശിൽ ഭരണം നടത്തുന്നത്. വൈകാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് ഇടക്കാല സർക്കാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more