1 GBP = 105.79
breaking news

ബ്രിട്ടനിൽ പുതുചരിത്രം; ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു

ബ്രിട്ടനിൽ പുതുചരിത്രം; ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു

ലണ്ടൻ: ബ്രിട്ടനിൽ പുതുചരിത്രമെഴുതി മലയാളി നേഴ്സായ ബിജോയ് സെബാസ്റ്റിയൻ. റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ (ആർ സി എൻ) പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു മലയാളി മത്സരിക്കുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും. യുക്മ യുഎൻഎഫ് നേതൃത്വം ബിജോയ്‌ക്ക് വോട്ട് അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേള വേദിയിൽ ബിജോയ്‌ക്കായി ശക്തമായ ക്യാംപെയ്‌നും സംഘടിപ്പിച്ചിരുന്നു.

അഞ്ച് ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ അംഗങ്ങളായുള്ള ആർ.സി.എൻ, ആരോഗ്യ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതാദ്യമായാണ് ഒരു മലയാളി ആർ സി എൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യു കെയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും പ്രബലമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന മലയാളികൾക്കിടയിൽ ബിജോയ് പ്രസിഡന്റായി എത്തിയിരിക്കുന്നത് വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.

“ആർസിഎൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു യഥാർത്ഥ ബഹുമതിയാണ്. ഈ റോളിൽ എനിക്ക് ഒരുപാട് അഭിലാഷങ്ങളുണ്ട്, ഒരുമിച്ച് നഴ്‌സിംഗ് പ്രൊഫഷനെ കൂടുതൽ മൂല്യവത്തായതും ബഹുമാനിക്കുന്നതുമാക്കാം. എല്ലാ അംഗങ്ങളും കോളേജുമായി ഇടപഴകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബിജോയ് പറഞ്ഞു.

ബിജോയ്, കഴിഞ്ഞ കൊല്ലം നടന്ന ആർ സി എൻ സമരത്തിൽ എല്ലാ ദിവസവും പങ്കെടുത്ത വ്യക്തിയായിരുന്നു. അതേസമയം, UCLH (University College London) ഹോസ്പിറ്റലിൽ ഇലക്ടീവ് ക്രിട്ടിക്കൽ കെയർ പാത്ത് വേയുടെ ചുമതലയുള്ള സീനിയർ നഴ്സ് ആയി പ്രവർത്തിക്കുന്ന ബിജോയ്, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ എക്വീറ്റി, ഡൈവേഴ്‌സിറ്റി, ഇൻക്ലൂഷൻ കമ്മിറ്റിയുടെ കോ ചെയർ ആയും അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസിന്റെ ജനറൽ സെക്രട്ടറി ആയും ഫ്ലോറെൻസ് നൈറ്റിഗേൽ ഫൗണ്ടേഷനുമായും ചേർന്ന് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്ന് യൂക്കെയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനകളുടെ നെറ്റ് വർക്കിന്റ ചെയറായും എൻ എച്ച് എസ് ഇംഗ്ലണ്ടുമായും അതിനോട് ചേർന്ന് നിൽക്കുന്ന മറ്റ് സ്റ്റേക്ക് ഹോൾഡേഴ്സ് മായി ചേർന്ന് നഴ്‌സുമാരുടെ വിശാലമായ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ നിരന്തരമായി പ്രവർത്തിച്ചു വരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിങ്ങിൽ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യൂക്കെയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെർസ്‌മിത് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭർത്താവ് ജിതിനും യൂക്കെയിൽ നഴ്‌സുമാരാണ്.

ബിജോയ് സെബാസ്റ്റിയന് യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ നഴ്സസ് ഫോറം നാഷണൽ (UNF) കോർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, പ്രസിഡൻറ് സോണി കുര്യൻ, സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി ബിജോയ് എന്നിവർ അഭിനന്ദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more