1 GBP = 105.79
breaking news

യൂറോ നേവൽ പ്രതിരോധ പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികൾക്ക് വിലക്ക്; നിയമപരമായി നേരിടുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി

യൂറോ നേവൽ പ്രതിരോധ പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികൾക്ക് വിലക്ക്; നിയമപരമായി നേരിടുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി

തെൽഅവീവ്: അടുത്ത മാസം പാരീസിൽ നടക്കുന്ന യൂറോ നേവൽ പ്രതിരോധ പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികളെ വിലക്കാനുള്ള ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിനെതിരെ ഇസ്രായേൽ. വിലക്കിനെതിരെ നിയമപരവും നയതന്ത്രപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.

ബഹിഷ്കരണമെന്നാൽ, തങ്ങളുടെ ദൃഷ്ടിയിൽ സൗഹൃദ രാഷ്ട്രങ്ങൾക്കിടയിൽ ഒട്ടും സ്വീകാര്യമല്ലാത്ത ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് ഫ്രഞ്ച് ഭാഷയിൽ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കാറ്റ്സ് പറഞ്ഞു. ‘തീവ്ര ഇസ്‍ലാമിക ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ഒരേയൊരു രാഷ്ട്രം ഇസ്രായേൽ മാത്രമാണ്. ഫ്രാൻസും മുഴുവൻ പാശ്ചാത്യ ലോകവും നമ്മോടൊപ്പം നിൽക്കണം, നമുക്കെതിരെയല്ല നിലകൊള്ളേണ്ടത്’ -കാറ്റ്സ് പറയുന്നു.

മാക്രോണിന്റെ വിവേചനത്തിനെതിരെ ഫ്രഞ്ച് കോടതികളെ സമീപിക്കുമെന്നും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

നവംബർ നാലു മുതൽ ഏഴുവരെ നടക്കുന്ന ‘യൂറോനേവൽ 2024’ പ്രതിരോധ വ്യാപാര പ്രദർശനത്തിലാണ് ഇസ്രായേൽ കമ്പനികൾക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തിയത്. കോടാനുകോടികളുടെ ബിസിനസ് അവസരം സൃഷ്ടിക്കുന്ന ലോകത്തെ മുൻനിര പ്രതിരോധ എക്‌സിബിഷനുകളിലൊന്നായ ട്രേഡ് ഷോയാണിത്. ഗസ്സ-ലബനാൻ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രായേലിനോടുള്ള നിലപാട് മയപ്പെടുത്തില്ലെന്നാണ് ഫ്രാൻസിന്റെ പ്രഖ്യാപനം.

യൂറോനേവൽ ഷോയുടെ 29-ാമത് എഡിഷനാണ് പാരിസിലെ നോർഡ് വില്ലെപിന്റ് കൺവെൻഷൻ സെന്ററിൽ നടക്കുക. ഇന്ത്യയടക്കം ലോകത്തെ വിവിധ രാജ്യങ്ങളും കമ്പനികളും പങ്കാളിത്തം വഹിക്കുന്ന പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികൾക്കും കോൺട്രാക്ടർമാർക്കും തങ്ങളുടെ ആയുധങ്ങളും പ്രതിരോധസന്നാഹങ്ങളും പ്രദർശിപ്പിക്കാനാകില്ല. അതേസമയം, ഇസ്രായേൽ പ്രതിനിധികൾക്ക് പങ്കെടുക്കാം. ഏതാനും മാസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് ഇസ്രായേൽ ആയുധ കമ്പനികൾക്കെതിരെ ഫ്രാൻസിന്റെ നടപടിയുണ്ടാകുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ആയുധ പ്രദർശനങ്ങളിലൊന്നായ ‘യൂറോസാറ്ററി’യിലും ഇസ്രായേൽ കമ്പനികൾക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തിയിരുന്നു. നടപടി അവസാനനിമിഷം ഫ്രഞ്ച് കോടതി സ്‌റ്റേ ചെയ്‌തെങ്കിലും കമ്പനികൾക്ക് എക്‌സ്ബിഷനിൽ പങ്കെടുക്കാനായില്ല.

യൂറോപ്പിലെ ഏറ്റവും വലിയ നാവിക പ്രതിരോധ വ്യാപാര പ്രദർശനമാണ് യൂറോനേവൽ. പ്രതിരോധ നിക്ഷേപരംഗത്തെ പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം ആഗോള പ്രതിരോധ-ആയുധ കമ്പനികൾക്കു ശക്തിപ്രകടനത്തിനുള്ള വേദി കൂടിയാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര ബഹിരാകാശ, പ്രതിരോധ കമ്പനിയായ ബിഎഇ സിസ്റ്റംസ്, ഫ്രാൻസിലെ ഏറ്റവും വലിയ നാവിക പ്രതിരോധ കമ്പനിയായ നേവൽ ഗ്രൂപ്പ്, ഇറ്റലിയിലെ ട്രിസ്റ്റെ ആസ്ഥാനമായുള്ള കപ്പൽ നിർമാണ കമ്പനിയായ ഫിൻകാന്റിയേരി, നെതർലൻഡ്‌സിലെ ആംസ്റ്റർഡാം ആസ്ഥാനമായുള്ള യൂറോപ്യൻ പ്രതിരോധ വ്യവസായ കമ്പനിയായ കെഎൻഡിഎസ് തുടങ്ങി ലോകത്തെ മുൻനിര കമ്പനികൾ പ്രദർശനത്തിന്റെ ഭാഗമാകുന്നുണ്ട്.

പ്രമുഖ ഇസ്രായേൽ പ്രതിരോധ കമ്പനികളും യൂറോനേവലിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേലി പ്രതിരോധ സാങ്കേതിക കമ്പനികളായ റാഫേൽ, എൽബിറ്റ് സിസ്റ്റംസ്, ഇസ്രായേലിലെ ഏറ്റവും പ്രധാന ബഹിരാകാശ-വ്യോമയാന കമ്പനിയായ ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ പ്രദർശനത്തിന്റെ ഭാഗമാകുമെന്ന് വെബ്‌സൈറ്റിൽ അറിയിച്ചിരുന്നു. ഫ്രഞ്ച് ഭരണകൂടത്തിന്റെ പുതിയ വിലക്ക് ഈ കമ്പനികൾക്കെല്ലാം വലിയ തിരിച്ചടിയാകും.

ഗസ്സയിലും ലബനാനിലും ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്. ആക്രമണം നിർത്തി വെടിനിർത്തലിന് തയാറാകണമെന്ന് ഫ്രാൻസ് പലതവണ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിവിധ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിസംബോധന ചെയ്തും മാക്രോൺ കടുത്ത പരാമർശങ്ങൾ നടത്തി. യുഎൻ പ്രമേയത്തിലൂടെ രൂപംകൊണ്ട രാജ്യമാണ് ഇസ്രായേൽ എന്ന കാര്യം നെതന്യാഹു മറക്കരുതെന്നായിരുന്നു മാക്രോൺ പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more