1 GBP = 105.79
breaking news

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരം; സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരം; സുപ്രീം കോടതി


കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കൈവശം വെക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെൻ്റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത് പോക്‌സോ ആക്ട്, 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്റ്റ്, 2000 എന്നിവ പ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയെ റദ്ദാക്കികൊണ്ടായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം.

ചൈൽഡ് പോണോഗ്രാഫി അഥവാ കുട്ടികളുടെ അശ്ലീലദൃശ്യം എന്ന പദം ഉപയോഗിക്കരുതെന്ന് കോടതി നിർദേശിച്ചു. കുട്ടികളുടെ അശ്ലീലത, ലൈംഗിക ചൂഷണം എന്നിവയില്‍ പുതിയ നിര്‍വചനം വേണമെന്നും സുപ്രീംകോടതി പാർലമെൻ്റിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

അതേസമയം, കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്‌തതിന് പോക്‌സോ, ഐടി ആക്‌ട് പ്രകാരം 28 കാരനെതിരെ അമ്പത്തൂർ പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജനുവരി 11 ന് മദ്രാസ് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. ഈ ക്രിമിനൽ നടപടികൾ റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് രണ്ട് ശിശുക്ഷേമ എൻജിഒകൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുകയും വിധിപറയുകയും ചെയ്തത്.

കുട്ടികളുടെ അശ്ലീലം കാണുന്നത് ഒരു കുറ്റമല്ലെന്നും എന്നാൽ കുട്ടികളെ അശ്ലീലചിത്രങ്ങളിൽ ഉപയോഗിക്കുന്നത് “ഗുരുതരമായ” ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അത് കുറ്റമായിരിക്കാമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more