അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം ‘2024’ നാളെ സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സ്റ്റീവനേജ് മേയർ കൗൺസിലർ ജിം ബ്രൗൺ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സർഗം ‘പൊന്നോണം 2024 ‘നു അതിഥിയായെത്തുന്ന യുക്മയുടെ നാഷണൽ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ആശംസകൾ നേർന്നു സംസാരിക്കും.
കലാപരിപാടികളുടെ ആധിക്യം മൂലം കൃത്യം പത്തിന് പുലികളിയും മാവേലി വരവേൽക്കലും ചെണ്ട മേളവും അടക്കം പ്രാരംഭ പരിപാടികൾ ആരംഭിക്കും. ആഘോഷത്തിലെ ഹൈലൈറ്റായ വെൽക്കം ഡാൻസ് പത്തരയോടെ ആരംഭിക്കുന്നതാണ്. കഥകളിയും, മെഗാ തിരുവാതിരയും, ഫാഷൻ ഷോയും, മെഡ്‌ലിയും അടക്കം കലാവതരണങ്ങൾക്കു ശേഷം 25 ഇന വിഭവങ്ങൾ അടങ്ങിയ ഓണസദ്യ തൂശനിലയിൽ വിളമ്പും. തുടർന്ന് കലാപരിപാടികൾ തുടരുന്നതാവും.
വാശിയേറിയ ഇൻഡോർ ഔട്ഡോർ മത്സരങ്ങളും, പിന്നണിയിൽ നീണ്ടു നിന്ന കലാപരിപാടികളുടെ പരിശീലനവും കൊണ്ട് തിരുവോണ അനുഭൂതിയിലാണ്ട സ്റ്റീവനേജിൽ തിരുവോണ ദിനത്തിനായൊരുക്കിയ കലാവിസ്മയങ്ങൾ സ്റ്റേജിൽ വർണ്ണം വിടർത്തുമ്പോൾ ഏറെ പ്രൗഢ ഗംഭീരമായ ആഘോഷമാവും സദസ്സിന് സമ്മാനിക്കുക.
സജീവ് ദിവാകരൻ, നീരജ പടിഞ്ഞാറയിൽ, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ എന്നിവർ പ്രോഗ്രാമിനും, ഹരിദാസ് തങ്കപ്പൻ, ചിന്ദു ആനന്ദൻ, നന്ദു കൃഷ്‌ണൻ എന്നിവർ സദ്യക്കും ജെയിംസ് മുണ്ടാട്ട്,അലക്സ് തോമസ്, അപ്പച്ചൻ എന്നിവർ ഇനേതൃത്വം നൽകും.
വൈസ് മോർട്ടഗേജ്, ജോൺ പോൾ സോളിസിറ്റേഴ്സ്, ചിൽ അറ്റ് ചില്ലീസ്, മലബാർ ഫുഡ്, 7s ട്രേഡിങ്ങ് ലിമിറ്റഡ്, കറി വില്ലേജ് എന്നീ സ്ഥാപനങ്ങൾ സർഗ്ഗം പൊന്നോണത്തിന് പ്രായോജകരാവും.
സർഗ്ഗം സ്റ്റീവനേജ് അസോസിയേഷൻ പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി സജീവ് ദിവാകരൻ നന്ദിയും പ്രകാശിപ്പിക്കും.
click on malayalam character to switch languages