1 GBP = 106.79
breaking news

യു കെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വീണ്ടും സജീഷ് ടോം…….. ആകെ പോൾ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കിയാണ് ഇത്തവണ വിജയക്കുതിപ്പ്

യു കെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വീണ്ടും സജീഷ് ടോം…….. ആകെ പോൾ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കിയാണ് ഇത്തവണ വിജയക്കുതിപ്പ്

സ്വന്തം ലേഖകൻ – ലണ്ടൻ

യു കെ പ്രാദേശീക തെരഞ്ഞെടുപ്പിൽ വമ്പൻ നേട്ടവുമായി ലേബർ പാർട്ടി മുന്നേറുകയാണ്. രാജ്യമൊട്ടാകെ ലേബർ തരംഗം ആഞ്ഞടിക്കുന്നതായാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 

യു കെ മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം വീണ്ടും വിജയിച്ചു. 2021 ൽ ആദ്യമായി ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോം, ചിട്ടയായ ജനസമ്പർക്ക പരിപാടികളിലൂടെ കഴിഞ്ഞ മൂന്ന് വർഷങ്ങൾകൊണ്ട്  “പോപ്പിലി” വാർഡിൽ ഏറെ “പോപ്പുല”റായ ജനപ്രതിനിധിയായി മാറുകയായിരുന്നു. 

ആകെ പോൾ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം നേടികൊണ്ടുള്ള ഈ വിജയം, കൗൺസിലർ എന്ന നിലയിൽ കഴിഞ്ഞ വർഷങ്ങളിലെ തന്റെ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമായി സ്വീകരിക്കുന്നു എന്ന് സജീഷ് ടോം പറഞ്ഞു. കൗൺസിലിന്റെ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് കമ്മറ്റി, ലൈസൻസിംഗ് കമ്മറ്റി എന്നീ സമിതികളിൽ അംഗമായിക്കൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനം സജീഷ് കാഴ്ചവച്ചിരുന്നു. 

എൺപത് ശതമാനത്തോളം ബ്രിട്ടീഷ്‌കാർ താമസിക്കുന്ന “പോപ്പിലി” പോലൊരു വാർഡിൽനിന്നും മഹാഭൂരിപക്ഷം വോട്ടുകളും നേടി വിജയിക്കുക എന്നത്, സജീഷിന് വ്യക്തിപരമായി എന്നതിനൊപ്പം മലയാളി സമൂഹത്തിനും, ഇന്ത്യൻ സമൂഹത്തിനാകെയും അഭിമാനകരം തന്നെയാണ്. കോട്ടയം ജില്ലയിൽ വൈക്കം ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമാണ് സജീഷ്. 

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ് എന്നീനിലകളിൽ യു കെ യിൽ പൊതുപ്രവർത്തനം ആരംഭിച്ച സജീഷ്, ബേസിംഗ്‌സ്‌റ്റോക്ക് മൾട്ടികൾച്ചറൽ ഫോറം ട്രഷറർ, “യുക്മ” ദേശീയ ജനറൽ സെക്രട്ടറി, ബേസിംഗ്‌സ്‌റ്റോക്ക് ലേബർ പാർട്ടി എക്സിക്യൂട്ടീവ് അംഗം, യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ “യൂണിസൺ” ബ്രാഞ്ച് ചെയർമാൻ, റീജിയണൽ കമ്മറ്റി അംഗം, സ്കൂൾ ഗവർണർ  തുടങ്ങി നിരവധി മേഖലകളിലൂടെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി യു കെ പൊതുസമൂഹത്തിൽ സജീവമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more