1 GBP = 105.79
breaking news

പതിനാലാമത് യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങിന് പരിസമാപ്തി; ആറായിരത്തോളം കലാകാരന്മാർ അണിനിരന്ന കലാമേള പ്രവാസ ലോകത്തെ അത്ഭുതമെന്ന് എം പി തോമസ് ചാഴികാടൻ

പതിനാലാമത് യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങിന് പരിസമാപ്തി; ആറായിരത്തോളം കലാകാരന്മാർ അണിനിരന്ന കലാമേള പ്രവാസ ലോകത്തെ അത്ഭുതമെന്ന് എം പി തോമസ് ചാഴികാടൻ

കൊവെൻട്രി: ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങിന് ആവേശോജ്വലമായ പരിസമാപ്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് കൊവെൻട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചത്.

ബഹുമാന്യനായ കോട്ടയം എം.പി. ശ്രീ.തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുത്ത സമ്മാനദാന ചടങ്ങിൽ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് സ്വാഗതം ആശംസിച്ചു. പ്രവാസി കേരള കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയും യുക്മ ജനറൽ കൗൺസിൽ മെമ്പറുമായ ഷൈമോൻ തോട്ടുങ്കൽ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ഉദ്‌ഘാടനപ്രസംഗത്തിൽ ആറായിരത്തോളം കലാകാരൻമാർ അണിനിരന്ന യുക്മ കലാമേള പ്രവാസ ലോകത്തെ അത്ഭുതമെന്നാണ് തോമസ് ചാഴികാടൻ എം പി വിശേഷിപ്പിച്ചത്. തുടർച്ചയായി പതിനാലാം വർഷവും റീജിയണൽ തലങ്ങളിൽ തുടങ്ങി ദേശീയ തലത്തിൽ വരെ ഒരു മാസത്തോളം ആഘോഷിക്കപ്പെടുന്ന കലാമേളകൾ സംഘടിപ്പിക്കുന്ന യുക്മ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. തുടർന്ന് ഭദ്രദീപം തെളിച്ച് കൊണ്ട് പതിനാലാമത് യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങ് തോമസ് ചാഴികാടൻ എം പി ഉദ്‌ഘാടനം ചെയ്തു. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ തോമസ് ചാഴികാടൻ എം പിക്ക് യുക്മയുടെ സ്നേഹോപഹാരം സമ്മാനിച്ചു. സെക്രട്ടറി കുര്യൻ ജോർജ്ജ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. കലാമേള കോർഡിനേറ്റർ ജയകുമാർ നായർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ദേശീയ കലാമേള സ്പോൺസർമാരും സന്നിഹിതരായിരുന്നു.

യുക്മ കലാപ്രതിഭ ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷനിലെ ടോണി അലോഷ്യസ്, കലാതിലകം വാർവ്വിക് ആൻഡ് ലമിംങ്ടൺ അസ്സോസ്സിയേഷനിലെ അമേയ കൃഷ്ണ നിധീഷ് എന്നിവരുടെ കലാപ്രകടനത്തോടെയാണ് സമ്മാന വിതരണം ആരംഭിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഇരുവരെയും എംപി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കലാതിലകം, കലാപ്രതിഭയ്ക്കുള്ള പുരസ്കാരങ്ങളും, നാട്യമയൂരം നേടിയ ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ഇവ മരിയ കുര്യാക്കോസിനും, ഭാഷാകേസരി പട്ടത്തിന് അർഹയായ ബർമിംങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലെ സൈറ മരിയ ജിജോക്കും എംപി ട്രോഫികളും സർട്ടിഫിക്കേറ്റുകളും സമ്മാനിച്ചു.

ദേശീയ കലാമേളയിൽ വിവിധ സ്റ്റേജ് മാനേജർമാരായി പ്രവർത്തിച്ചസാംസൺ പോൾ, അമ്പിളി സെബാസ്റ്റിയനും, റോബി മേക്കര, സിൽവി ജോസ്, സണ്ണി ലൂക്കോസ്, ബാബു സെബാസ്റ്റ്യൻ സജിമോൻ സേതു, ബിനു ഏലിയാസ്, ജോബിൻ ജോർജ്ജ്, ബിജോയ് വർഗ്ഗീസ് എന്നിവർക്ക് മൊമെന്റോകൾ നൽകി ആദരിച്ചു. കലാമേള വിധികർത്താക്കൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർച്ചയായി രണ്ടാം തവണയും ചെൽറ്റൻഹാമിൽ കലാമേള സംഘടിപ്പിച്ചപ്പോൾ താങ്ങും തണലുമായി നിന്ന ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ, ജിഎംഎ പ്രവർത്തകർ എന്നിവർക്കും യുക്മയുടെ ആദരവ് നൽകി.

വിജയികൾക്കുള്ള സമ്മാനങ്ങൾ റീജിയണൽ നാഷണൽ ഭാരവാഹികൾ വിതരണം ചെയ്തു. ഗ്രൂപ്പ് ചാമ്പ്യൻമാരായി കിഡ്സ് വിഭാഗത്തിൽ വാർവ്വിക് ആൻഡ് ലമിംങ്ടൺ അസ്സോസ്സിയേഷനിലെ അമേയ കൃഷ്ണ നിധീഷ്, സബ്ബ് ജൂണിയർ വിഭാഗത്തിൽ ബി.സി.എം.സിയുടെ കൃഷ്ണരാഗ് പ്രവീൺ ശേഖർ, ജൂണിയർ വിഭാഗത്തിൽ EYCO യുടെ ഇവ മരിയ കുര്യാക്കോസ്, സീനിയർ വിഭാഗത്തിൽ LUKA യിലെ ടോണി അലോഷ്യസ് എന്നിവരായിരുന്നു.

178 പോയിന്റ്മായി മിഡ്ലാൻഡ്സ് റീജിയൻ കിരീടം നേടി. 148 പോയിൻറ് നേടി യോർക്ക്ഷയർ ആൻറ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 88 പോയിന്റോടെ സൌത്ത് വെസ്റ്റ്‌ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 85 പോയിന്റോടെ ബർമിംങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാമ്പ്യൻ അസ്സോസ്സിയേഷൻ സ്ഥാനം കരസ്ഥമാക്കിയപ്പോൾ 72 പോയിന്റ്മായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ രണ്ടാം സ്ഥാനവും 71 പോയിന്റോടെ ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more