1 GBP = 105.81
breaking news

യുക്മ ദേശീയ കലാമേള; മേളയുടെ വിജയത്തിന് പിന്നിലെ ചാലക ശക്തികൾ

യുക്മ ദേശീയ കലാമേള; മേളയുടെ വിജയത്തിന് പിന്നിലെ ചാലക ശക്തികൾ

ചെൽട്ടൻഹാം: യുക്മ ദേശീയ കലാമേള പ്രഖ്യാപിക്കുമ്പോൾ തന്നെ ഉത്തരവാദിത്വങ്ങൾ ഏല്പിക്കപ്പെടുന്നവരാണ് ബാക് ഓഫീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവർ. കലാമേളയ്ക്കായുള്ള സാങ്കേതിക സഹായം നൽകുന്ന ജെ പി എം സോഫ്റ്റ്‌വെയർ ഉടമ ജോസ് പി എം യുക്മയ്ക്കായി കഴിഞ്ഞ നിരവധി വർഷങ്ങളായി സൗജന്യമായി ഒരുക്കി നൽകുന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ബാക് ഓഫീസ് പ്രവർത്തനം ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചതാണ്.

വളരെ കൃത്യമായി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ജെ പി എം സോഫ്റ്റ്വെയർ ഉപയോഗിച്ച് രാവിലെ മുതൽ പ്രവർത്തിക്കുന്ന ഒരു സംഘം തന്നെയാണ് കലാമേളയുടെ യഥാർത്ഥ വിജയശില്പികൾ. സുനിൽ രാജന്റെ നേതൃത്വത്തിൽ കാലാകാലങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന ബാക് ഓഫീസ് ടീം, എന്നാൽ ഇക്കുറി സുനിൽ രാജന്റെ അഭാവത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സുനിൽ രാജന്റെ പിതാവിന്റെ ആകസ്മിക വേർപാടാണ് ഇക്കുറി സുനിൽ രാജന് കലാമേളയിൽ പങ്കെടുക്കാൻ കഴിയാത്തത്.

എന്നാൽ എപ്പോഴും ടീമിനൊപ്പം പ്രവർത്തിക്കുന്നവർ തന്നെയാണ് ഇക്കുറിയും ബാക് ഓഫീസ് നിയന്ത്രണം ഏറ്റെടുത്തത്. അജയ് പെരുമ്പലത്ത്, തോമസ് മാറാട്ടുകുളം, സൂരജ് തോമസ്, ഷാജോ ജോസ് തുടങ്ങിയവർക്കാണ് ഇക്കുറിയും ചുമതല. രാവിലെ മുതൽ കലാമേളയുടെ ഒരു പരിപാടികളും ആസ്വദിക്കാനോ കുടുംബവും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചിലവഴിക്കാനോ കഴിയാതെ സമയബന്ധിതമായി റിസൾട്ട് പ്രഖ്യാപിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ടീമിനുള്ളത്. ഇക്കുറിയും അതിനായുള്ള അശ്രാന്ത പരിശ്രമത്തിൽ തന്നെയാണ് ബാക് ഓഫീസ് ടീമെന്ന് കലാമേള കൺവീനർ ജയകുമാർ നായർ പറഞ്ഞു.

ബാക് ഓഫീസ് ടീമിന്റെ പ്രവർത്തനങ്ങൾക്ക് യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more