1 GBP = 105.80
breaking news

യുക്മ വള്ളംകളി: മൂന്ന്, നാല്ഹീറ്റ്സുകളിലെ ജലരാജാക്കന്മാര്‍

യുക്മ വള്ളംകളി: മൂന്ന്, നാല്ഹീറ്റ്സുകളിലെ ജലരാജാക്കന്മാര്‍
 എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍)
ജൂണ്‍ 30 ശനിയാഴ്ച്ച “കേരളാപൂരം 2018” നോട് അനുബന്ധിച്ച് നടക്കുന്ന മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകള്‍ സെമി-ഫൈനല്‍ (അവസാന 16 ടീമുകള്‍) മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. ഹീറ്റ്സിലെ മൂന്ന്, നാല് സ്ഥാനക്കാര്‍ 17 മുതല്‍ 32 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള പ്ലേ ഓഫ് മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ആദ്യ രണ്ട് ഹീറ്റ്സുകളിലും പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.
ഹീറ്റ്സ് 3

1. വള്ളംകുളങ്ങര (ടൈഗേഴ്സ് ബോട്ട് ക്ലബ്, സൗത്ത് വെസ്റ്റ്, പത്മരാജ് എം.പി)
2. ആയാപറമ്പ് (എച്ച്.എം.എ ബോട്ട് ക്ലബ്, ഹേവാര്‍ഡ്സ് ഹീത്ത്, ഷാജി തോമസ്)
3. വെളിയനാട് (സെന്റ് മേരീസ് ബോട്ട് ക്ലബ്, റഗ്ബി, ബിജു മാത്യു)
4. കുമരകം (ഇടുക്കി ജില്ലാ സംഗമം ബോട്ട് ക്ലബ്, ബാബു തോമസ്)
നെഹ്റു ട്രോഫിയില്‍ വിജയികളായ വെള്ളംകുളങ്ങര എന്ന മഹത്തായ പാരമ്പര്യമുള്ള വള്ളം തുഴയുന്നത് യുണൈറ്റഡ് ബോട്ട് ക്ലബ്, സൗത്ത് വെസ്റ്റ് ആണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുക്മ ദേശീയ കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്‍ കൂടിയായ എം.പി പത്മരാജ് ആണ് ടീം ക്യാപ്റ്റന്‍. സൗത്ത് വെസ്റ്റ് റീജണിലെ കരുത്തരായ യുവാക്കളുടെ ടീം എന്ന നിലയില്‍ മറ്റ് ടീമുകള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തുവാന്‍ കരുത്തുള്ള ടീമാണ് വെള്ളംകുളങ്ങര. കഴിഞ്ഞ വര്‍ഷം മത്സരങ്ങളിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയവും അഞ്ചാം സ്ഥാനവും സ്വന്തമാക്കിയ വള്ളംകുളങ്ങര ഈ വര്‍ഷം ഒന്നാം സ്ഥാനം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉറപ്പിച്ചിരിക്കുന്നു
കേരളത്തിലെ മത്സരവള്ളംകളികളില്‍ പലവട്ടം ചാമ്പ്യന്മാരായിട്ടുള്ള പ്രശസ്തമായ ആയാപറമ്പ് വള്ളത്തില്‍ തുഴയെറിയാനെത്തുന്നത് ഹേവാര്‍ഡ്​സ് ബോട്ട്ക്ലബ്, ഹേവാര്‍ഡ്​സ് ഹീത്ത് ആണ്. ഷാജി തോമസ് ക്യാപ്റ്റനായിട്ടുള്ള ഹേവാര്‍ഡ്​സ് ബോട്ട് ക്ലബ് ആവട്ടെ മികച്ച മുന്നൊരുക്കങ്ങളോടെയാണ് മത്സരത്തിനെത്തുന്നത്. വെസ്റ്റ് സസക്സിലെ ഈ കരുത്തുറ്റ ടീം ഇത് രണ്ടാം വര്‍ഷമാണ് മത്സരത്തിനെത്തുന്നത്. ലണ്ടന്‍ ഈസ്റ്റ്ഹാമിലെ തട്ടുകട റസ്റ്റോറന്റാണ് ടീമിന്റെ സ്പോണ്‍സേഴ്​സ്.
റഗ്ബിയിലെ സെന്റ് മേരീസ് ബോട്ട് ക്ലബ് കന്നിയങ്കത്തിന് ഇറങ്ങുന്നത് വെളിയനാട്​ വള്ളത്തിലാണ്. പ്രഥമവള്ളംകളി മത്സരം അരങ്ങേറിയത് വാറിക്​ഷെയറിലെ റഗ്ബിയിലാണ്. അതില്‍ നിന്നും ഉള്‍ക്കൊണ്ട ആവേശമാണ് ഇത്തവണ ബിജു മാത്യു ക്യാപ്റ്റനായിട്ടുള്ള ടീമിനെ രംഗത്തിറക്കുന്നതിന് റഗ്ബിയിലെ മലയാളികള്‍ക്ക് പ്രോത്സാഹനമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പോണ്‍സര്‍ ചെയ്യുന്ന റഗ്ബി ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
മലയോരത്തിന്റെ കരുത്തന്മാര്‍, ഇടുക്കി ജില്ലാ സംഗമം തുഴയാനെത്തുന്നത് കുമരകം വള്ളത്തിലാണ്. ഇത് രണ്ടാം തവണയാണ് ഇടുക്കി ജില്ലാ സംഗമം സ്വന്തം ടീമുമായെത്തുന്നത്. നാട്ടിലെ ഏതെങ്കിലും സ്ഥലത്തിന്റെയോ പ്രദേശത്തിന്റെയോ പേരില്‍ ഇത്തവണ മത്സരിക്കാനിറങ്ങുന്ന ഏക ടീമും കുമരകം വള്ളമാണ്. കെറ്ററിങ് സ്വദേശിയായ ബാബു തോമസ് ക്യാപ്റ്റനായിട്ടുള്ള ടീമിന്റെ സ്പോണ്‍സര്‍മാര്‍ ലണ്ടന്‍ ഈസ്റ്റ്ഹാമിലെ തട്ടുകട റസ്റ്റോറന്റാണ്.
ഹീറ്റ്സ് 4
1. കുമരങ്കരി (ഇപ്സ്വിച്ച് ബോട്ട് ക്ലബ്, ഷിബി വിറ്റ്സ്)
2. ചെറുതന (മിസ്മ ബോട്ട് ക്ലബ് ബര്‍ജസ് ഹില്‍, കോര വര്‍ഗ്ഗീസ്)
3. പുളിങ്കുന്ന് (എസ്.എം.എ​ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡ്, മാത്യു ചാക്കോ)
4. തകഴി (ബി.സി.എംസി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം, സിറോഷ് ഫ്രാന്‍സിസ്)
പ്രശസ്തമായ കുമരങ്കരിയുടെ പേരിലുള്ള വള്ളം തുഴയുവാനെത്തുന്നത് പോരാട്ടവീര്യമേറെയുള്ള ഇപ്സ്വിച്ച് ബോട്ട് ക്ലബിന്റെ ചുണക്കുട്ടികളാണ്. പീറ്റര്‍ബറോയിലെ തടാകത്തില്‍ നടത്തിവരുന്ന പ്രാക്ടീസിന്റെ പിന്‍ബലത്തിലാണ് ഇപ്​സ്വിച്ച് ടീം എത്തുന്നത്. ലോ ആന്റ് ലോയേഴ്സാണ് ഇപ്സ്വിച്ച് ടീമിന്റെ സ്പോണ്‍സേഴ്​സ്.
ഇത്തവണ ആദ്യം രജിസ്റ്റര്‍ ചെയ്ത ടീം എന്ന പെരുമയുമായെത്തുന്ന സസക്സിലെ ബർജസ് ഹില്ലിൽ നിന്നുള്ള മിസ്​മ ബോട്ട് ക്ലബ് യുവത്വത്തിന്റെ കരുത്തില്‍ വിജയകിരീടം നേടാമെന്ന പ്രതീക്ഷയിലാണ് കന്നിയങ്കത്തിനിറങ്ങുന്നത്. ചെറുതന വള്ളത്തിന്റെ പേരില്‍ കോര വര്‍ഗീസ് ക്യാപ്റ്റനായി ഇറങ്ങുന്ന ഈ ടീമിന്റെ സ്പോണ്‍സേഴ്സ് മുത്തൂറ്റ് ഗ്രൂപ്പാണ്. വള്ളംകളി പരിശീലനത്തിനൊപ്പം വഞ്ചിപ്പാട്ടും പഠിച്ച് വരുന്ന മിസ്മയുടെ ചെറുതന വള്ളം വിജയകിരീടം നേടുമെന്ന ആത്മവിശ്വാസത്തിലാണ്.
നോര്‍ത്ത് വെസ്റ്റിലെ പ്രധാന അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുളിങ്കുന്ന് വള്ളം വിജയപ്രതീക്ഷകളോടെയാണ് മത്സരിക്കാനെത്തുന്നത്. മാത്യു ചാക്കോ ക്യാപ്റ്റനായുള്ള കന്നിയങ്കത്തിനിറങ്ങുന്ന പുളിങ്കുന്ന് ടീമിന്റെ സ്പോണ്‍സേഴ്​സ് ഗുഡ്​വിന്‍ ജൂവലേഴ്സാണ്.
യു.കെയിലെ കരുത്തന്മാരായ ബര്‍മ്മിങ്ഹാം ബി.സി.എംസിയുടെ സ്വന്തം ബോട്ട് ക്ലബ് മത്സരിക്കാനെത്തുന്നത് തകഴി വള്ളത്തിന്റെ പേരിലാണ്. ജോമോന്‍ കുമരകം ക്യാപ്റ്റനായ ടീമിന്റെ സ്പോണ്‍സേഴ്സ് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ്. വര്‍ഷങ്ങളായുള്ള വടംവലി മത്സരത്തിലെ കുത്തക അവസാനിച്ച് ഈ വര്‍ഷം വിജയം സ്വന്തമാക്കിയ കരുത്തന്മാര്‍ വള്ളംകളിയിലും മാറ്റുരയ്ക്കാനായി ആദ്യമായി എത്തുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റാനാകുന്നുണ്ട്. വടംവലിയില്‍ മാത്രമല്ല വള്ളംകളിയിലും തങ്ങള്‍ കരുത്തന്മാരാണെന്നു തെളിയിക്കുമെന്ന വാശിയില്‍ ബി.സി.എംസി എത്തുമ്പോള്‍ പോരാട്ടത്തിന് വീറും വാശിയുമേറും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more