1 GBP = 93.93
breaking news

കൊറോണ കാലത്ത് വിദേശത്തു നിന്നും യു.കെയിലേക്ക് വരുന്ന എല്ലാവര്ക്കും രണ്ടാഴ്ചത്തേക്ക് നിർബന്ധിത ഏകാന്തവാസം!

കൊറോണ കാലത്ത് വിദേശത്തു നിന്നും യു.കെയിലേക്ക് വരുന്ന എല്ലാവര്ക്കും രണ്ടാഴ്ചത്തേക്ക് നിർബന്ധിത ഏകാന്തവാസം!

 

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

 

ഗവണ്മെന്റ് ആവിഷ്കരിക്കുന്ന പുതിയ പദ്ധതി പ്രകാരം യു.കെ യിലെ അതിർത്തികൾ കടന്നെത്തുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന എല്ലാ യാത്രക്കാരും രണ്ട് ആഴ്ചത്തേക്ക് ഏകാന്തവാസത്തിൽ കഴിയാൻ നിര്ബന്ധിക്കപ്പെടും. കൊറോണ പ്രതിസന്ധി ഘട്ടത്തിൽ കര്ശനമായ അതിർത്തി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനുള്ള സമ്മർദ്ദം കൂടിയ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പുതിയ നിർദേശം.

 

യുകെ മൊത്തത്തിൽ കഴിഞ്ഞ 5 ആഴ്ചകളായി അടച്ചുപൂട്ടലിൽ ആണെങ്കിലും യുകെയിലേക്കുള്ള ഫ്ലൈറ്റുകൾ പരിമിതപ്പെടുത്താത്തതിനാലും യാത്രക്കാരെ കൊറോണ പരിശോധന ചെയ്യാനുള്ള സൗകര്യം ഏർപെടുത്താത്തതിനാലും അടച്ചുപൂട്ടല് വെറും ഒരു പ്രഹസനമായി മാറിയിരിക്കയാണെന്നുള്ള എയർപോർട്ട് മേധാവികളുടെ പരാതിയെയും കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എന്നറിയുന്നു.

 

സർക്കാർ ഈയിടെ അവതരിപ്പിച്ച കൊറോണ വൈറസ് ആക്റ്റ് പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് വലിയ പിഴയോ ക്രിമിനൽ പ്രോസിക്യൂഷനോ ഉൾപ്പെടെ യുള്ള നടപടിക്രമങ്ങൾ പാലിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുണ്ട്. ബുധനാഴ്ച നടന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സിംഗപ്പൂർ ഓപ്പറേഷന് സമാനമായ പദ്ധതി അംഗീകരിച്ചതായി മനസ്സിലാക്കുന്നു.

 

ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പകർച്ചവ്യാധി സംശയിക്കുന്ന ഒരാളെ സൂക്ഷ്മമായി പരിശോധിക്കന്നതിനും വിലയിരുത്തലിനുമായി അനുയോജ്യമായ ഒരു സ്ഥലത്തേക്ക് മാറ്റാനുള്ള അധികാരം ഈ അടിയന്തിര നിയമം വഴി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് വന്നു ചേരുന്നു. ഇത്തരം ആളുകളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാവുന്നതാണ്.

 

‘സിംഗപ്പൂർ രീതിയിലുള്ള സമീപനം’ രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരിൽ നിന്നുള്ള അപകടസാധ്യത നിയന്ത്രിക്കാനും കൊറോണ വൈറസിന്റെ രണ്ടാമതൊരു ഉച്ചസ്ഥായിക്കുള്ള സാധ്യത കുറയ്ക്കാനും യുകെയെ സഹായിക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ശാസ്ത്രീയ ഉപദേശങ്ങൾക്കനുസൃതമായും, സമൂഹവ്യാപനം ഗണ്യമായി കുറഞ്ഞുവരുന്ന ശരിയായ സമയ൦ നോക്കിയും ഈ നടപടികൾ വിന്യസിക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്.

 

 

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജർമ്മനി, ഗ്രീസ് എന്നിവയുൾപ്പെടെ ഡസൻ കണക്കിന് രാജ്യങ്ങളിൽ 14 ദിവസത്തെ നിർബന്ധിത ഏകാന്തവാസം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ജപ്പാനും ഹോങ്കോങ്ങും ജനുവരി പകുതിയോടെ രാജ്യത്ത് പ്രവേശക്കുന്ന യാത്രക്കാർക്കായി കോവിഡ് -19 ടെസ്റ്റുകൾ ആരംഭിച്ചു – പരിശോധനയിൽ പോസിറ്റീവ് ആയവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും നെഗറ്റീവ് ആയവരെ വീടുകളിൽ ഏകാന്തവാസത്തിനായ് എത്തിക്കുകയുമായിരുന്നു പതിവ്.

 

130 ലധികം രാജ്യങ്ങളിലും ഏതെങ്കിലും തരത്തിലുള്ള യാത്രാ നിയന്ത്രണമോ, രോഗാതുരമായ രാജ്യങ്ങളിൽനിന്നുള്ള യാത്രികർക്ക് യാത്ര നിരോധനമോ, അഥവാ ഇറങ്ങാൻ അനുവദിച്ചാൽ തന്നെ 14 ദിവസത്തെ നിർബന്ധിത ഏകാന്തവാസമോ നിലവിൽ പ്രാബല്യത്തിൽ ഉണ്ട്. എന്നാൽ ബ്രിട്ടനിൽ യാതൊരുവിധ നിയന്ത്രണവുമില്ലാതെ എല്ലാവരെയും ഇറങ്ങാൻ അനുവദിക്കുന്നത് വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

 

ഓരോ ദിവസവും 15,000 ത്തിലധികം ആളുകൾ യുകെയിൽ എത്തുന്നു. പകർച്ചവ്യാധി മൂര്ധന്യാവസ്ഥയെ തുടർന്ന് ലക്ഷക്കണക്കിന് യുകെ പൗരന്മാരെ മറ്റ് രാജ്യങ്ങളിൽനിന്നും തിരിചു കൊണ്ടുവരികയുംയുണ്ടായി. ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടായ രാജ്യങ്ങളിലൊന്നായ സ്പെയിനിൽ നിന്നു൦ 200,000 പേർ ഇങ്ങനെ വന്നവരിൽ ഉൾപ്പെടുന്നു.

 

ഉയർന്ന താപനിലയുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനായി ജനുവരി മുതൽ ചൈനയിലെയും, പൂർവദേശത്തെയും, മധ്യപൗരസ്ത്യ ദേശത്തെയും രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ഇൻഫ്രാ റെഡ് ക്യാമറകൾ ഉപയോഗിക്കുവാൻ തുടക്കമിട്ടിരുന്നു. സ്‌ക്രീനിൽ ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെടുന്നവരെ ആരോഗ്യ വിദഗ്ധരുടെ സൂക്ഷ്മ നിരീക്ഷണത്തിനു തിരഞ്ഞെടുക്കുകയും ചില സന്ദർഭങ്ങളിൽ വിശദമായ രോഗ പരിശോധനക്കായി അയക്കുകയും ചെയ്യുന്നു.

 

 

എന്നിരുന്നാലും, പ്രവേശന സമയത്തുള്ള ദ്രുത പരിശോധന അത്ര ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിനു കാരണം ഒരു വൈറസ് വാഹകൻ രോഗലക്ഷണങ്ങൾ കാണിക്കാൻ രണ്ടാഴ്ച വരെ സമയമെടുതേക്കാമെന്നതാണ്.

 

ഇത്തരം ദ്രുത പരിശോധന സംവിധാനങ്ങൾ ഉണ്ടായിരുന്ന ചൈന, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഏതാനും കേസുകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അവശ്യ സാധനങ്ങൾ യുകെയിലേക്ക് കൊണ്ടുവരുന്ന ലോറി ഡ്രൈവർമാരെ 14 ദിവസത്തെ നിർബന്ധിത ഏകാന്തവാസത്തിൽ നിന്ന് ഒഴിവാക്കുമെന്നറിയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more