1 GBP = 103.61
breaking news

ബോസ്റ്റണിൽ നിര്യാതനായ അനൂജ് കുമാറിന് ബുധനാഴ്ച യുകെയുടെ മണ്ണിൽ അന്ത്യവിശ്രമമൊരുങ്ങും…

ബോസ്റ്റണിൽ നിര്യാതനായ അനൂജ് കുമാറിന് ബുധനാഴ്ച യുകെയുടെ മണ്ണിൽ അന്ത്യവിശ്രമമൊരുങ്ങും…
ബോസ്റ്റൺ:- ഏപ്രിൽ 28 ന് കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരണത്തിനു കീഴടങ്ങിയ കോട്ടയം വെളിയന്നൂർ കുറ്റിക്കാട്ട് പരേതനായ പവിത്രൻ്റെയും ജഗദമ്മയുടെയും  മകനായ  അനുജ് കുമാറിന് യു കെ മലയാളി സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി. കോവിഡ് വ്യാപന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോൾ കർമ്മ രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തി സ്വജീവിതം ബലിയർപ്പിച്ച പ്രിയ അനൂജ് കുമാറിന്റെ   മരണാന്തര കർമങ്ങളും സംസ്കാര ചടങ്ങുകളും 13/05/2020 ബുധനാഴ്ച 11.15 മുതൽ ഭവനത്തിലും തുടർന്ന് ബോസ്റ്റൺ ക്രിമറ്റോറിയത്തിൽ നടക്കും. ഭാര്യ സന്ധ്യ മക്കൾ – ആകുൽ,ഗോകുൽ. ഏക സഹോദരി അജിത.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നതിനാൽ കെ പി മീഡിയയുടെ ലൈവ് പ്രക്ഷേപണം വഴി മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ച് പരേതനോടുള്ള  ആദരവും അന്ത്യാഞ്ജലിയും അർപ്പിക്കാവുന്നതാണ്.
സങ്കടത്തിൻ്റെ തീച്ചൂളയിലേയ്ക്ക് ബോസ്റ്റണിലെ സുഹൃത്തുക്കളെയും, കുടുംബങ്ങളെയും യുകെയിലെ മലയാളികളെയും  ഇറക്കിവിട്ട് മരണത്തിൻ്റെ തണുപ്പിലേയ്ക്ക് അനൂജ് നടന്നു പോയിട്ട് രണ്ടാഴ്ചയോളമായി. ഒരിക്കൽ കൂടി അനൂജ് സാറാക്ലോസിലെ വീട്ടിലെത്തുകയാണ് 13-ാം തിയതി ബുധനാഴ്ച രാവിലെ 11.15ന് അവസാനത്തെ യാത്ര പറയലിനായി. സ്വന്തമായിരുന്നവരെയും, സ്വന്തമായിരുന്നതിനെയും ഉപേക്ഷിക്കുന്ന വിടപറയാൻ….
13 -ാം തിയതി ബുധനാഴ്ച രാവിലെ 10-15 ന്  ഫ്യൂണറൽ ഡയറക്ടേഴ്സിൻ്റെ പക്കൽ നിന്നും ( Carr funeral service, Holman House, 2 Spilsby Road, Boston, PE 21 9 DA) അനൂജിന്റെ ഭൗതീക ശരീരവും വഹിച്ചുള്ള വാഹനം പുറപ്പെടും.  സഹപ്രവർത്തകർക്ക് ആദരമർപ്പിക്കുന്നതിനായി പിൽഗ്രിം ഹോസ്പിപിറ്റലിൽ എത്തിയ ശേഷം സാറാക്ലോസിലുള്ള വീട്ടിൽ11.15ന് എത്തും. വീട്ടിൽ മതപരമായ ചടങ്ങുകൾക്ക് ശേഷം 12.00 മണിയോടെ ബോസ്റ്റൺ ക്രിമിറ്റോറിയത്തിലേയ്ക്ക് യാത്ര ആരംഭിക്കും. 12.30ന്  പ്രിയപ്പെട്ട അനൂജ് സ്നേഹമുള്ള, നൊമ്പരമുണർത്തുന്ന ഓർമ്മയായി യുകെ യുടെ ആറടി മണ്ണിൽ അന്ത്യ വിശ്രമം കൊള്ളും.
ഫ്യൂണറൽ ഡയറക്ടേഴ്സിൽ നിന്നും അനൂജിനേയും വഹിച്ചുള്ള യാത്രയിൽ സുഹൃത്തുക്കൾക്ക്    പങ്കുചേരാവുന്നതാണ്. ഹോസ്പിറ്റൽ ചുറ്റി വീട്ടിലേയ്ക്കുള്ള യാത്രയിൽ അനൂജിൻ്റെ വീട്ടിൽ പ്രവേശിക്കുവാൻ അറിയിപ്പു കിട്ടിയവരുടെ വാഹനങ്ങൾ മാത്രമേ സാറാക്ലോസിലേയ്ക്ക് പ്രവേശിക്കാവൂ. മറ്റുള്ളവർ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങൾ പാർക്കു ചെയ്യാൻ കണ്ടെത്തണം. ക്രിമിറ്റോറിയത്തിൻ്റെ കവാടം വരെയും  വാഹനത്തിൽ പിൻതുടരാൻ സാധിക്കും എന്നാണ് അറിയുന്നത്. എന്നാൽ ക്രിമിറ്റോറിയത്തിന് അകത്തേയ്ക്കുള്ള പ്രവേശനവും അതിനായി അറിയിപ്പു കിട്ടിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
  അനൂജിൻ്റെ മരണശേഷം കുടുംബത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും സഹായവുമായി ഈസ്റ്റ് മിഡ്ലാൻഡ്സ് ഹിന്ദു കൾച്ചറൽ സമാജത്തിൻ്റെയും, ബോസ്റ്റൺ അസോസിയേഷൻ്റെയും പ്രവർത്തകർ ഒപ്പമുണ്ട്. ഫ്യൂണറൽ ഡയറക്ടേഴ്സിൽ നിന്നും സിമിത്തേരിയിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നവർ വാഹനത്തിൽ ഒട്ടിക്കുവാൻ ഫോട്ടോ ലഭിക്കുവാനായി   കൾച്ചറൽ അസോസിയേഷൻ ഓഫ് മലയാളീസ് ബോസ്റ്റണിൻ്റെ (CAM) സെക്രട്ടറി ജിയോ അഗസ്റ്റിനെ  (07717831949) ബന്ധപ്പെടേണ്ടതാണ്.
യാത്രയിൽ ഉടനീളവും, പാതയോരത്ത് കാത്തുനിൽക്കുന്നവരും സർക്കാരിന്റെ കൃത്യമായ സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശം അനുസരിക്കേണ്ടതാണ്. വാഹനത്തിൽ എത്തുന്നവർ യാത്രക്കാരുടെ എണ്ണത്തിലും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഭാരവാഹികൾ ഓർമിപ്പിച്ചു.
അനുജ് കുമാറിന്റെ ആകസ്മിക വേർപാടിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം  അദ്ദേഹത്തിനോടുള്ള ആദര സൂചകമായി നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ഹിന്ദു കൾച്ചറൽ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  12/05/2020 ചൊവ്വാഴ്ച വൈകിട്ട്  07.30മുതൽ  പ്രത്യേക പ്രാർത്ഥനയും  സ്മരണാഞ്ജലിയുമായി യുകെ സമൂഹം ഒത്തുചേരുന്നു . ഈ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് എല്ലാ കുടുംബങ്ങളോടും വിനീതമായി അഭ്യർത്ഥിക്കുന്നു .പ്രസ്തുത ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള Zoom ലിങ്കിനും മറ്റു വിവരങ്ങൾക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക
രാജു –  07533055833
അഭിലാഷ് ബാബു – 07429832168

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more