1 GBP = 103.12

തമിഴ്‌നാട്ടിൽ ബി ജെ പിക്ക് തിരിച്ചടി; സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി അണ്ണാ ഡി എം കെ

തമിഴ്‌നാട്ടിൽ ബി ജെ പിക്ക് തിരിച്ചടി; സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി അണ്ണാ ഡി എം കെ

ചെന്നെെ: തമിഴകത്ത് കാലുറപ്പിക്കാനിരിക്കുന്ന ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ബിജെപിയുമായി യാതൊരുവിധത്തിലുമുള്ള സഖ്യത്തിനും തയ്യാറല്ലെന്നും പിന്തുണയില്ലെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തമിഴകത്ത് അടുത്തിടെയായി ഉയര്‍ന്നുവരുന്ന ജനരോഷം കണക്കിലെടുത്താണ് സഖ്യത്തില്‍ നിന്ന് പിന്‍മാറാനുള്ള മുഖ്യമന്ത്രിയുടെ നീക്കം. പെരിയാറിന്റെ പ്രതിമയടക്കം തകര്‍ക്കണമെന്ന ബിജെപി നേതാവ് എച്ച് രാജയുടെ പ്രഖ്യാപനവും അതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല മേഖലകളിലും പ്രതിമകള്‍ക്കുനേരെയുണ്ടായ വ്യാപക അക്രമണങ്ങളും ബിജെപിയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ത്തിയിരുന്നത്. ആ സാഹചര്യം കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നീക്കം എന്നാണ് വിലയിരുത്തല്‍.

മാത്രമല്ല കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പ്രവേശിച്ച വിഎച്ച്പിയുടെ രഥയാത്രയ്ക്ക് നേരെയും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ എംകെ സ്റ്റാലിനുള്‍പ്പെടെയുളള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കമല്‍ ഹാസനും രജനികാന്തും ഉള്‍പ്പെടെയുള്ളവര്‍ രഥയാത്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക ഐക്യം തകര്‍ക്കാനാവില്ലെന്നാണ് രജനി പ്രതികരിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ ആരുടെയോ താളത്തിനൊത്ത് തുള്ളുകയാണെന്നാണ് കമല്‍ അഭിപ്രായപ്പെട്ടത്.

ബിജെപിയെ തള്ളി കഴിഞ്ഞ ദിവസം നടന്‍ രജനീകാന്തും രംഗത്തെത്തിയിരുന്നു. പെരിയാറിന്റെ പ്രതിമയ്ക്കുനേരെയുണ്ടായ ആക്രമണം അപലപീനയമാണെന്ന് പറഞ്ഞ രജനി ബിജെപിയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്.

തമിഴകത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് വെല്ലുവിളിയാവുന്നതാണ് രജനികാന്തിന്റെ പ്രസ്താവന. ആന്ധ്രപ്രദേശില്‍ തെലുഗു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ട സാഹചര്യത്തില്‍ പളനിസ്വാമിയുടെ നിലപാട് ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more