1 GBP = 103.70

ആസിയാന്‍ കരാര്‍ :- നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി. സെബാസ്റ്റ്യന്‍

ആസിയാന്‍ കരാര്‍ :- നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി. സെബാസ്റ്റ്യന്‍

ഫാ. ആന്റണി കൊഴുവനാല്‍

കോട്ടയം: ആസിയാന്‍ രാജ്യങ്ങളുമായി മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ ഏര്‍പ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറുകളെത്തുടര്‍ന്നുള്ള കാര്‍ഷികോല്പന്നങ്ങളുടെ നികുതിരഹിതവും നിയന്ത്രണവുമില്ലാത്ത ഇറക്കുമതി ശക്തമായിരിക്കുന്നത് ആഭ്യന്തര കാര്‍ഷികമേഖലയെ തകര്‍ക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ ആരോപിച്ചു.
ആസിയാന്‍ കരാറുപ്രകാരം 2017 ജനുവരി 1 മുതല്‍ ഒട്ടേറെ ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞിരിക്കുന്നത് പ്രധാനമായും ബാധിച്ചിരിക്കുന്നത് കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെയാണ്. കുരുമുളക്, തേയില, കാപ്പി എന്നീ വിളകളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് 2019 നോടുകൂടി ചുങ്കമില്ലാത്ത ഇറക്കുമതിക്ക് കമ്പോളം തുറന്നുകൊടുത്തിരിക്കുന്നത് ആഭ്യന്തരവിപണിയില്‍ വന്‍വിലയിടിവിന് ഇടനല്‍കും.

പാമോയിലിന്റെ നികുതിരഹിത ഇറക്കുമതി കുതിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് നാളികേര കര്‍ഷകരാണ്. ലോകത്തിലെ 82 ശതമാനവും സ്വാഭാവിക റബറുല്പാദിപ്പിക്കുന്നത് ആസിയാന്‍ രാജ്യങ്ങളിലാണ്. ഇതിനോടകം ആസിയാന്‍ കരാറുപ്രകാരം വിവിധ റബറുല്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ പരിപൂര്‍ണ്ണമായും നീക്കം എടുത്തുകളഞ്ഞിരിക്കുന്നു. കൂടാതെ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കം ലോകവ്യാപാരസംഘടന അംഗീകരിച്ച 25 ശതമാനത്തില്‍ നിന്ന് കുറയ്ക്കുവാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന റബര്‍മേഖലയ്ക്ക് ഇരുട്ടടിയാണ്.

2019 നോടുകൂടി മലേഷ്യ, തായ്ലന്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് നികുതിരഹിത പ്രകൃതിദത്ത റബര്‍ ഇറക്കുമതി നടപ്പിലാകുമ്പോള്‍ ആഭ്യന്തര റബര്‍ വിപണി വീണ്ടും കടുത്ത പ്രതിസന്ധിയിലാകും. 2009 ഓഗസ്ററ് 13ന് ഒപ്പുവെച്ചതും 2010 ജനുവരി 1 മുതല്‍ നടപ്പിലാക്കിത്തുടങ്ങിയതുമായ ആസിയാന്‍ വ്യാപാര കരാറിന്റെ പ്രത്യാഘാതങ്ങളാണ് കര്‍ഷകരിപ്പോള്‍ നേരിടുന്ന കാര്‍ഷിക നാണ്യവിലത്തകര്‍ച്ച.

2014 നവംബര്‍ 12ന് കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ നിക്ഷേപ സേവന കരാറുകള്‍ 2015 ജൂലൈ 1 മുതല്‍ നടപ്പിലാക്കിത്തുടങ്ങിയതിന്റെ പ്രതിഫലനങ്ങള്‍ വരും നാളുകളില്‍ വന്‍ ദ്രോഹമായി കര്‍ഷകനറിയുമെന്നും കര്‍ഷകസമൂഹത്തിന്റെ സംരക്ഷണത്തിനും നിലനില്‍പ്പിനുമായി രാഷ്ട്രീയ നേതൃത്വങ്ങളും കര്‍ഷക പ്രസ്ഥാനങ്ങളും അടിയന്തര ഇടപെടലുകള്‍ നടത്തി ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് കടന്നുവരുന്നില്ലെങ്കില്‍ കാര്‍ഷികമേഖലയുടെ മരണമണി മുഴങ്ങുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നും വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more