1 GBP = 94.98
breaking news

പ്രേക്ഷകരുടെ പ്രിയ സംഗീത വിരുന്ന് “Let’s Break It Together” ൽ ആസ്വാദക മനസ്സുകളിൽ ദേവസംഗീതമായ് പെയ്തിറങ്ങി മാഞ്ചസ്റ്ററിലെ അമൃത വർഷിണിയും നവ്യയും….

പ്രേക്ഷകരുടെ പ്രിയ സംഗീത വിരുന്ന് “Let’s Break It Together” ൽ ആസ്വാദക മനസ്സുകളിൽ ദേവസംഗീതമായ് പെയ്തിറങ്ങി മാഞ്ചസ്റ്ററിലെ അമൃത വർഷിണിയും നവ്യയും….


കുര്യൻ ജോർജ്ജ് 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ശനിയാഴ്ച ആസ്വാദകർക്ക് സംഗീതത്തിന്റെ അസുലഭ നിമിഷങ്ങൾ സമ്മാനിച്ചത് മാഞ്ചസ്റ്ററിൽ നിന്നുള്ള കൗമാര പ്രതിഭകൾ അമൃത വർഷിണി കുംബ്ളയും നവ്യ മുകേഷുമാണ്.പിയാനോയുമായി അമൃത വർഷിണിയും വയലിനും മെലോഡിക്കയുമായി നവ്യയും ഒത്ത് ചേർന്നപ്പോൾ ആസ്വാദകർക്കായി തീർത്തത് ദേവസംഗീതം പെയ്തിറങ്ങിയ അപൂർവ്വ നിമിഷങ്ങൾ.

കരിപ്പൂർ എയർ ഇൻഡ്യ വിമാനാപകടത്തിലും മൂന്നാർ രാജമല പെട്ടിമുടി ദുരന്തത്തിലും ജീവൻ പൊലിഞ്ഞവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചുകൊണ്ടാണ് ലൈവ് ആരംഭിച്ചത്. ഏറെ പ്രശസ്തങ്ങളായ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളോടൊപ്പം പാശ്ചാത്യ ശാസ്ത്രീയ സംഗീത ലോകത്തെ അതുല്യ  പ്രതിഭകളായ ബീഥോവൻ, മൊസാർട്ട്, ഷോപിൻ, ബർട്ടോക്, ജെ.എസ്സ്. ബാക് എന്നിവരുടെ രചനകളും “Let’s Break It Together” പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ഷോ അത്യന്തം മനോഹരമായിരുന്നു. ബീഥോവൻ സൊണാറ്റയുമായി (ഓപ്പസ് 10, നമ്പർ 1) ലൈവ് ആരംഭിച്ച അമൃത പിയാനോയിൽ തന്റെ മാന്ത്രിക വിരലുകളാൽ അത്ഭുതം തീർത്തു. “നീ മധു പകരൂ” എന്ന പ്രശസ്ത ഗാനം അമൃത പിയാനോയിലും നവ്യ മെലോഡിക്കയിലും വായിച്ചത് ഏറെ മനോഹരമായി.

 “Let’s Break It Together” ൽ ആസ്വാദക മനസ്സുകളിൽ ദേവസംഗീതമായ് പെയ്തിറങ്ങി മാഞ്ചസ്റ്ററിലെ അമൃത വർഷിണിയും നവ്യയും  നടത്തിയ പ്രകടനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഷോപിന്റെ “വാൾട്ട്സ്” അമൃത പിയാനോയിലും “കണ്ണേ കലൈമാനേ” എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനം അമൃത പിയാനോയിലും നവ്യ വയലിനിലും വായിച്ചതിനെ തുടർന്ന് അമൃത പിയാനോയിൽ മൊസാർട്ടിന്റെ 1, 2, 3 സിംഫണികൾ ആസ്വാദകർക്ക് പരിചയപ്പെടുത്തി. തുടർന്ന് “പൂമുത്തോളെ” എന്ന സൂപ്പർ ഹിറ്റ് ഗാനം അമൃത പിയാനോയിലും നവ്യ മെലോഡിക്കയിലും അതി സുന്ദരമായി വായിച്ചപ്പോൾ J.S. ബാക്കിന്റെ “ലെയ്ഡ്” നവ്യ ഏറെ മനോഹാരിതയോടെ വയലിനിൽ വായിച്ചു.  പിന്നീട് അമൃത പിയാനോയിൽ വായിച്ചത് മലയാളത്തിലെ ഏറെ പ്രശസ്തമായ “രാരീ രാരിരം രാരോ” എന്ന അതി പ്രശസ്തമായ താരാട്ട് പാട്ടാണ്. ആസ്വാദകരുടെ സ്നേഹ പൂർണ്ണമായ ആവശ്യത്തെ തുടർന്ന് ” നീ മധു പകരൂ” എന്ന ഗാനം അമൃതയും നവ്യയും ചേർന്ന് ഒരിയ്ക്കൽ കൂടി ആലപിച്ചപ്പോൾ, J.S. ബാക്കിന്റെ “പ്രെല്യൂഡ് ആൻഡ് ഫ്യൂഗ്”, ബർട്ടോക്കിന്റെ “സ്യൂട്ട്” (ഓപ്പസ് 14, മൂവ്മെന്റ് 3), ഷോപിന്റെ “നോക്ടേൺ” എന്നീ സിംഫണി ഗീതകങ്ങൾ അമൃത പിയാനോയിൽ വായിച്ചു. തുടർന്ന് “കൽ ഹോ ന ഹോ” എന്ന സൂപ്പർ ഡ്യൂപ്പർ ഹിന്ദി ഗാനം പിയാനോയിൽ അമൃത വായിച്ച് തീർത്തപ്പോൾ ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന ലൈവ് ഷോ അവസാനിച്ചു. സംഗീത ലോകത്തെ അസാമാന്യ പ്രതിഭകളായ രണ്ട് നവമുകുളങ്ങളെ “Let’s Break It Together” പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ സംഘാടകർക്ക് ഏറെ സന്തോഷമുണ്ട്. 

“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞ അമൃത വർഷിണിയും നവ്യയും, ഉപകരണ സംഗീതത്തിന് പ്രാധാന്യം നൽകി ഇത് പോലൊരു അവസരം ഒരുക്കിയതിന് പ്രത്യേകം നന്ദി പറഞ്ഞു. സംഗീതത്തിന്റെ അനന്ത വിഹായസ്സിൽ പറന്നുയരാൻ തയ്യാറെടുക്കുന്ന അസാമാന്യ പ്രതിഭകളായ അമൃത വർഷിണിയ്ക്കും നവ്യയ്ക്കും  യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് നാളെ ചൊവ്വാഴ്ച (11/08/2020)  വൈകുന്നേരം 5 ന് ((ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more