1 GBP = 103.87

സ്വന്തമായി വിമാനമുണ്ടാക്കിയ അമോൽ യാദവിനു വിമാനക്കമ്പനി നിർമ്മിക്കാൻ മഹാരാഷ്ട്രയുടെ 35,000 കോടി !

സ്വന്തമായി വിമാനമുണ്ടാക്കിയ അമോൽ യാദവിനു വിമാനക്കമ്പനി നിർമ്മിക്കാൻ മഹാരാഷ്ട്രയുടെ 35,000 കോടി !

മുംബൈ∙ ആകാശമാണ് അമോൽ യാദവിന്റെ സ്വപ്നങ്ങളുടെ അതിര്. മേഘങ്ങൾക്കിടയിൽ വട്ടംചുറ്റി പറക്കുന്നതാണു സന്തോഷം. കുറഞ്ഞ ചെലവിൽ നാട്ടുകാരെയും ആകാശക്കാഴ്ചകൾ കാണിക്കണമെന്ന മോഹം കലശലായപ്പോൾ സ്വന്തമായൊരു വിമാനം നിർമിച്ചു അമോൽ. എന്നാൽപ്പിന്നെ സ്വന്തമായൊരു വിമാനക്കമ്പനി തുടങ്ങിക്കൂടെയെന്നു ചോദിച്ചാണു മഹാരാഷ്ട്ര സർക്കാർ പ്രോത്സാഹിപ്പിച്ചത്! വിമാനക്കമ്പനിക്കായി 35,000 കോടി രൂപയുടെ കരാറും ഒപ്പിട്ടു.

മഹാരാഷ്ട്രയിലെ സത്താറ ജില്ലയാണു നാൽപ്പത്തിരണ്ടുകാരനായ അമോൽ യാദവിന്റെ സ്വദേശം. ആറു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ടാണ് അമോൽ വിമാനമുണ്ടാക്കിയത്. വീടിന്റെ മട്ടുപ്പാവായിരുന്നു ‘ഫാക്ടറി’. തന്‍റെ ജന്മവീടു വിറ്റാണു നിർമാണച്ചെലവായ നാലു കോടിയിലധികം രൂപ കണ്ടെത്തിയത്.

ആറു സീറ്റുള്ള വിമാനത്തിന് 10.8 അടിയാണ് ഉയരം. പൂര്‍ണമായും അലുമിനിയത്തിലാണു നിർമാണം. വിമാനം നിര്‍മിച്ചെങ്കിലും സര്‍ക്കാറില്‍നിന്നുള്ള അനുമതികൾ കിട്ടാൻ ഏറെ അലഞ്ഞു. പറക്കലിനുള്ള അനുമതി പലവട്ടം സര്‍ക്കാര്‍ നിഷേധിച്ചു. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും നേരിട്ടുകണ്ട് അപേക്ഷിച്ചു. തുടർന്ന് 2016ലെ ‘മെയ്ക് ഇന്‍ ഇന്ത്യ’യില്‍ വിമാനം പ്രദര്‍ശിപ്പിക്കാൻ അവസരം ലഭിച്ചു. അമോലിന്റെ ‘ഇന്ത്യൻ വിമാനം’ കൂടുതലാളുകൾ‌ അറിഞ്ഞു. 2017 നവംബറിൽ വിമാനം റജിസ്റ്റര്‍ ചെയ്തു.

വിമാനമെന്ന സ്വപ്നത്തിനായി വീടുവിറ്റ അമോലിനെ തേടി ഒടുവിൽ സർക്കാരിന്റെ പ്രോത്സാഹനവും സഹായവുമെത്തി. അമോലിന്‍റെ ത്രസ്റ്റ് എയര്‍ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച ആറുസീറ്റു വിമാനം വ്യോമയാന വിഭാഗം അംഗീകരിച്ചതോടെയാണു രാജയോഗം തെളിഞ്ഞത്. വിമാനനിർമാണ കമ്പനിയെന്ന അമോലിന്റെ സ്വപ്നത്തിനു മഹാരാഷ്ട്ര സർക്കാർ പച്ചക്കൊടി കാട്ടി.

മഹാരാഷ്ട്ര ആഗോള നിക്ഷേപക ഉച്ചകോടി ‘മാഗ്നറ്റിക് മഹാരാഷ്ട്ര’യിൽ 35,000 കോടി രൂപയുടെ കരാറാണു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒപ്പിട്ടത്. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ വികസന കോർപറേഷനും (എംഐഡിസി) അമോൽ യാദവും തമ്മിലാണു കരാർ. അമോലിന്‍റെ കമ്പനിക്ക് പാൽഘർ ജില്ലയിൽ 157 ഏക്കര്‍ സ്ഥലം അനുവദിക്കും. കമ്പനിയിലൂടെ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു കരുതുന്നത്.

പദ്ധതി അനുവദിച്ചു കരാറൊപ്പിട്ടതിൽ വലിയ സന്തോഷമുണ്ടെന്ന് അമോൽ യാദവ് പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ‌ക്കു നന്ദി. അടുത്ത രണ്ടുമൂന്നു വർഷത്തിനുള്ളിൽ 19 സീറ്റുള്ള 600 വിമാനങ്ങളാണു നിർമിക്കുക. വിമാനമുണ്ടാക്കാൻ കഴിവുണ്ടെന്നു ഞാൻ തെളിയിച്ചിട്ടുണ്ട്. ഈ ലക്ഷ്യം പൂർത്തിയാക്കിയാൽ വിമാനങ്ങളുടെ എണ്ണം 1300 ആക്കും.’– ജെറ്റ് എയർവെയ്സിലെ മുൻ സീനിയർ കമാൻഡർ കൂടിയായ അമോൽ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more