1 GBP = 103.12

‘അമ്മ മഴവില്ല്‘മെഗാഷോ മേയ് ആറിന് തലസ്ഥാന നഗരിയിൽ; ചരിത്രസംഭവമാകുമെന്ന് ഇന്നസെന്റ്

‘അമ്മ മഴവില്ല്‘മെഗാഷോ മേയ് ആറിന് തലസ്ഥാന നഗരിയിൽ; ചരിത്രസംഭവമാകുമെന്ന് ഇന്നസെന്റ്

തിരുവനന്തപുരം∙ കാശുകാരായ സിനിമാക്കാർ എന്തിനാണു മെഗാഷോ നടത്തി ഇനിയും കാശുണ്ടാക്കുന്നതെന്നു പലർക്കും സംശയം തോന്നാമെന്ന് അമ്മ പ്രസിഡന്റ് ഇന്നസന്റ് എംപി. ഒരുകാലത്ത് മലയാള സിനിമയിൽ പ്രവർത്തിക്കുകയും ഇന്നു പ്രയാസപ്പെടുകയും ചെയ്യുന്ന പഴയകാല നടീനടന്മാരെ സഹായിക്കാനാണിത്. മേയ് ആറിനു തലസ്ഥാനത്തു നടക്കുന്ന ‘അമ്മ മഴവില്ല്’ മെഗാഷോയെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

അന്തരിച്ച മുരളിയെയും വേണു നാഗവള്ളിയെയും പോലുള്ളവരാണ് ഇത്തരമൊരു ആശയത്തിനു തുടക്കമിട്ടത്. സംഘടനയ്ക്ക് അമ്മ എന്ന പേരു നിർദേശിച്ചതു മുരളിയായിരുന്നു. മറ്റു ഭാഷകളിൽ താരങ്ങൾക്കു സംഘടനകളുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ അമ്മയുടെ പ്രവർത്തനം ഇപ്പോൾ മറ്റു ഭാഷക്കാർ അനുകരിക്കുന്ന സ്ഥിതിയാണ്. മെഗാഷോയ്ക്കു പുറമേ ഇടക്കാലത്ത് അമ്മ ‘ട്വന്റി 20’ എന്ന പേരിൽ സിനിമ നിർമിച്ചിരുന്നു. അമ്മയ്ക്കു വേണ്ടി ദിലീപാണ് അത് ഏറ്റെടുത്തു നടപ്പാക്കിയത്. പടം ഹിറ്റായതിനാൽ അമ്മയ്ക്കും ദിലീപിനും ലാഭം കിട്ടി.

മറ്റു ഭാഷകളിൽ ഈ സിനിമ എടുക്കാനായി പലരും കഥയുടെ അവകാശം വാങ്ങി. പക്ഷേ ഒരു ഭാഷയിലും ഇത് എടുക്കാൻ സാധിച്ചിട്ടില്ല. റോളിന്റെ വലുപ്പത്തെ ചൊല്ലി നടന്മാർ തമ്മിലുള്ള പ്രശ്നമാണു കാരണം. അവരുടെ ഈഗോ കാരണം പടം എടുക്കാൻ സാധിക്കുന്നില്ല. എന്നാൽ നമ്മുടെ നാട്ടിൽ അത്തരം പ്രശ്നമൊന്നുമില്ല. അമ്മയുടെ പ്രസിഡന്റായ താൻ ആ സിനിമയിൽ ചെറിയൊരു വേഷമാണു ചെയ്തത്. സംഘടനയുടെ പ്രസി‍‍ഡന്റാണെന്നു പറഞ്ഞു തനിക്കു വേണമെങ്കിൽ വലിയ വേഷം ചോദിച്ചു കൂടേ? വിവേകമുള്ളതിനാൽ ഒരു താരവും അങ്ങനെ വാശി പിടിച്ചില്ല. എല്ലാവരും സിനിമയുമായി ആത്മാർഥമായി സഹകരിച്ചു.

‘അമ്മ മഴവില്ലി’ന്റെ റിഹേഴ്സൽ ക്യാംപിൽ നിന്നുള്ള രംഗങ്ങൾ പകർത്തുന്നതിനു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതു മറ്റു പ്രശ്നങ്ങൾ കൊണ്ടല്ല. കഴിഞ്ഞ ദിവസം താൻ റിഹേഴ്സൽ ക്യാംപിൽ ചെല്ലുമ്പോൾ അവിടെ മമ്മൂട്ടി ഡാൻസ് പഠിച്ചു കൊണ്ടിരിക്കുകയാണ്. അതു ചാനലുകാർ കാമറയിൽ പകർത്തിയാൽ എന്തായിരിക്കും സ്ഥിതി? ഡാൻസ് ചെയ്യണമെന്നു തന്നോടും സംവിധായകൻ പറഞ്ഞു. നമുക്ക് പറ്റിയ പണിയല്ലേ ചെയ്യാൻ പറ്റൂ. ഇത്തരം സാഹചര്യം ഉള്ളതു കൊണ്ടാണ് റിഹേഴ്സൽ രംഗങ്ങൾ പകർത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇനി അമ്മയുടെ പ്രസിഡന്റായി തുടരില്ലെന്നു താൻ പ്രഖ്യാപിച്ചു കഴിഞ്ഞ കാര്യമാണ്. ചിലർക്കു സ്ഥാനം ലഭിച്ചാൽ പിന്നെ ഒഴിയാൻ വലിയ ബുദ്ധിമുട്ടാണ്. തനിക്ക് അതില്ല. സ്ഥാനഭ്രമം ഇല്ലെങ്കിൽ നമുക്കു മനസ്സമാധാനം ഉണ്ടാകും. പ്രസിഡന്റ് ആകാൻ പറ്റിയ മിടുക്കന്മാർ ഇവിടെയുണ്ട്. അവരോട് ഈ സ്ഥാനത്തേക്കു വരാൻ പറഞ്ഞിട്ടുമുണ്ട്.

നൂറിലേറെ പേർക്കു മാസം തോറും 5000 രൂപ കൈനീട്ടം എന്ന പേരിൽ അമ്മ നൽകുന്നുണ്ട്. അമ്മയിലെ അംഗങ്ങളായ നാനൂറോളം പേർക്കു മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കി. മരുന്നു വാങ്ങാനും മറ്റുമായി 3–4 ലക്ഷം രൂപ വരെ ലഭിക്കും. ഇതിന് ആവശ്യമായ വലിയ തുക അടയ്ക്കുന്നത് അമ്മയാണ്. മലയാള സിനിമയിൽ ആരും കാണാൻ കൊതിച്ചിരുന്ന താരമായിരുന്നു നടി സാധന. അവരോടൊന്നു സംസാരിക്കാൻ പോലും 46 വർഷം മുൻപു താൻ കൊതിച്ചിട്ടുണ്ട്. അവസാന കാലത്ത് ഓലപ്പുരയിൽ ദയനീയ സ്ഥിതിയിൽ കഴിഞ്ഞിരുന്ന അവർക്ക് അമ്മ അംഗത്വം നൽകി സഹായിക്കുകയായിരുന്നുവെന്നും ഇന്നസന്റ് ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more