1 GBP = 104.08

കര്‍ണാടകയില്‍ ലിംഗായത്തുകളെ വരുതിയിലാക്കാന്‍ ബിജെപി നീക്കം; അമിത് ഷാ നേരിട്ടെത്തും

കര്‍ണാടകയില്‍ ലിംഗായത്തുകളെ വരുതിയിലാക്കാന്‍ ബിജെപി നീക്കം; അമിത് ഷാ നേരിട്ടെത്തും

ബംഗളുരു: കര്‍ണാടകയില്‍ ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിലൂടെ ബിജെപിയ്ക്കുണ്ടായ തിരിച്ചടി പരിഹരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന പ്രചരണ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും. ഇതിന്റെ ഭാഗമായി ഇന്ന് തുംകുരുവിലെ ലിംഗായത്ത് ആസ്ഥാനമായ സിദ്ധഗംഗ മഠത്തിലെത്തി സന്യാസിമാരെ സന്ദര്‍ശിക്കും.

സംസ്ഥാനത്തെ ഏറ്റവും പ്രബലമായ ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിച്ചതിലൂടെ ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ബിജെപിയ്ക്കായിരുന്നു. ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ബിജെപിയെ സംബന്ധിച്ച് ഭരണത്തില്‍ തിരിച്ചെത്താന്‍ നിര്‍ണായകമാണ്. ഇന്ന് ശിവമോഗയിലും തുകുംരുവിലും റോഡ് ഷോ നടത്തുന്ന അമിത് ഷാ കര്‍ഷകരും വ്യവസായികളുമായി സംവദിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ സംസ്ഥാനത്തെത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന തരത്തില്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അമിത് ഷായുടെ സന്ദര്‍ശനം പ്രധാന്യമര്‍ഹിക്കുന്നതാണ്. 224 അംഗ സഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ബിജെപിയുടെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ തീരുമാനം കോണ്‍ഗ്രസിന് കൂടുതല്‍ സ്വീകാര്യത നേടികൊടുത്തെന്നാണ് സര്‍വേ വിലയിരുത്തുന്നത്. മാത്രമല്ല ആരോപണ വിധേയനായ ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തലുണ്ട്. കോണ്‍ഗ്രസ് ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രചരണത്തില്‍ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായുള്ള ക്ഷേത്ര സന്ദര്‍ശനവും മുഖ്യമന്ത്രി സിദ്ധാരാമയ്യ ലിംഗായത്തുകളെ പ്രത്യേകമതമായി പ്രഖ്യാപിച്ചതുമെല്ലാം ഹിന്ദുത്വവോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്നാണ് ബിജെപി നേതൃത്തിന്റെ വിലയിരുത്തല്‍. കര്‍ണാടകയിലെ ജനസംഖ്യയില്‍ 17 ശതമാനം വരുന്ന വിഭാഗക്കാരാണ് ലിംഗായത്തുകള്‍. സാമുദായികമായും രാഷ്ട്രീയമായും കര്‍ണാടകയില്‍ ഏറെ സ്വാധീനമുള്ള ലിംഗായത്തുകളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നതിലൂടെ തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലിംഗായത്തുകളുടെ ഏറെ നാളത്തെ ആവശ്യമാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞദിവസം അംഗീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more